29 C
Trivandrum
Friday, March 14, 2025

ആരോപണങ്ങൾക്ക് പിന്നിൽ സിനിമാക്കാരുടെ ​ഗൂഢാലോചന സ്ഥിരീകരിച്ച് യുവതാരങ്ങൾ

Follow the FOURTH PILLAR LIVE channel on WhatsApp 

  • നിവിൻ പോളി പൊലീസിനു നൽകിയ പരാതിയിൽ സിനിമാ ബന്ധം അന്വേഷിക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: ആരോപണങ്ങൾക്ക് പിന്നിൽ സിനിമാ രം​ഗത്തുള്ളവരുടെ ​ഗൂഢാലോചനയുണ്ടെന്ന് സ്ഥിരീകരിച്ച് യുവതാരങ്ങൾ. ലൈം​ഗിക ആരോപണത്തിന് പിന്നിലെ ​ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിവിൻ പോളി ക്രൈം ബ്രാഞ്ച് മേധാവിക്ക് നൽകിയ പരാതിയിൽ ചില സിനിമാക്കാർക്കും ​ഗൂഢാലോചനയിൽ‌പങ്കുണ്ടെന്ന് സംശയിക്കുന്നതായി വ്യക്തമാക്കിയിട്ടുണ്ട്. വ്യക്തമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരാതി നൽകിയിരിക്കുന്നത്. യുവതാരങ്ങളുടെ പൂർണ പിന്തുണയും നിവിൻ പോളിക്കുണ്ട്.

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഉയർന്ന ആരോപണങ്ങളിൽ‌ സിനിമാ രം​ഗത്തെ പ്രമുഖർക്കെതിരെ കേസുകൾ വന്നിരുന്നു. എ.എം.എം.എ. ഭാരവാഹികളായവർക്കെതിരെയാണ് പ്രധാനമായും പരാതികൾ ഉയർന്നത്. ജയസൂര്യ ഒഴികെയുള്ള യുവതാരങ്ങൾക്കെതിരെ ആരോപണങ്ങളൊന്നും ഉയർന്നിരുന്നില്ല. അവർ ഇരകൾക്കൊപ്പം നിലകൊള്ളുകയും ചെയ്തു.

ആരോപണ വിധേയരുടെ സിനിമകൾ പൊതുസമൂഹം തിയറ്ററുകളിൽ ബഹിഷ്കരിക്കുമെന്ന് ദിലീപിന്റെ ചിത്രത്തിന്റെ തുടർ പരാജയങ്ങളോടെ ബോദ്ധ്യപ്പെട്ടവരാണ് യുവ താരങ്ങളെ കൂടി ലൈം​ഗിക അപവാദത്തിലേയ്ക്ക് വലിച്ചിഴയ്ക്കാൻ ശ്രമിച്ചത്. ഇതിന്റെ ആദ്യഘട്ടമാണ് നിവിൻ പോളിക്കെതിരെ ഉയർന്ന ആരോപണമെന്നാണ് കരുതുന്നത്. എന്നാൽ നിവിൻ പോളിയെ പിന്തുണച്ച് വനിതാ താരങ്ങളും സുഹൃത്തുക്കളും ശക്തമായ പ്രതിരോധം തീർത്തു. പൊതുസമൂഹത്തിന് മുന്നിൽ ആരോപണം ഉന്നയിച്ചവർ ഒറ്റപ്പെടുകയും ചെയ്തു.

ഇതിനു പിന്നാലെ നടൻ കുഞ്ചാക്കോ ബോബനെതിരെയും ആരോപണം ഉന്നയിക്കാനുള്ള ശ്രമങ്ങളുണ്ടായി.എന്നാൽ ആദ്യഘട്ടത്തിൽ ആരോപണം പ്രസിദ്ധീകരിച്ച ഓൺലൈൻ മാധ്യമങ്ങൾ വൈകാതെ അത് പിൻവലിക്കുകയും ആരോപണം ജനശ്രദ്ധ നേടാതെ പോകുകയും ചെയ്തു. ഇതോടെ യുവതാരങ്ങൾ കൂടിയാലോചന നടത്തുകയും നിവിൻ പോളിയോട് നിയമപരമായ നടപടികളുമായി ശക്തമായി മുന്നോട്ടുപോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതേത്തുടര്‍ന്ന്‌ നിവിൻ പോളി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എ.ഡി.ജി.പിക്ക് പരാതി നൽകുകയായിരുന്നു.

തനിക്കെതിരെ ഉയർന്ന ലൈം​ഗികപീഡന ആരോപണം വസ്തുതാ വിരുദ്ധമാണെന്ന് തെളിവുകൾ നിരത്തി നൽകിയ പരാതിയിൽ, ആരോപണത്തിന് പിന്നിൽ ​ഗൂഢാലോചനയുണ്ടെന്ന് വിശദീകരിച്ചിട്ടുണ്ട്. ഈ ​ഗൂഢാലോചനയിൽ സിനിമാ മേഖലയിലുള്ള ചിലർക്കും ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും പരാതിയിൽ പറയുന്നു. സംശയം തോന്നാനിടയായ സാഹചര്യവും വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യവും അന്വഷണത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

Recent Articles

Related Articles

Special

Enable Notifications OK No thanks