Follow the FOURTH PILLAR LIVE channel on WhatsApp
മലപ്പുറം: പാതിവിലയ്ക്ക് ഇരുചക്ര വാഹനങ്ങളും വീട്ടുപകരണങ്ങളും നല്‍കുമെന്ന് വിശ്വസിപ്പിച്ച് നടത്തിയ സാമ്പത്തികത്തട്ടിപ്പില്‍ നജീബ് കാന്തപുരം എം.എൽ.എയ്ക്കെതിരെ കേസ്. പെരിന്തൽമണ്ണ പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തട്ടിപ്പിൽ നേരിട്ട് പങ്കില്ലെന്ന എം.എൽ.എയുടെ വാദം ഇതോടെ പൊളിഞ്ഞു.
പുലാമന്തോൾ സ്വദേശിനി അനുപമയുടെ പരാതിയിലാണ് നടപടി. വഞ്ചനാ കുറ്റമുൾപ്പെടെയുള്ള വകുപ്പുകൾ ആണ് എം.എൽ.എയ്ക്കെതിരെ നിലവിൽ ചുമത്തിയിട്ടുള്ളത്. നജീബ് കാന്തപുരത്തിന്റെ പരാതിയിലും പെരിന്തൽമണ്ണ പൊലീസ് കേസെടുത്തിട്ടുണ്ട്.
എം.എൽ.എയുടെ നേതൃത്വത്തിലുള്ള മുദ്ര ചാരിറ്റബിൾ ഫൗണ്ടേഷനാണ് പദ്ധതിക്കായി പണം പിരിച്ചത്. ഗുണഭോക്താക്കളെ ചേർക്കാൻ അദ്ദേഹം നേരിട്ട് ഇടപെട്ടു. ഇതിനായി വാർത്താക്കുറിപ്പിറക്കി. സമൂഹ മാധ്യമങ്ങൾവഴി പരസ്യം നൽകിയും വ്യാപക പ്രചാരണം നടത്തി. ഫൗണ്ടേഷന് വിശ്വാസ്യതയുണ്ടാക്കാൻ ഡോക്ടർമാർ ഉൾപ്പെടെയുള്ളവരെ കണ്ണിചേർത്തു.
ഗുണഭോക്താക്കൾ അനന്ത കൃഷ്‌ണന്റെ ഏജൻസിക്ക് നേരിട്ട് പണം കൈമാറിയതെന്നായിരുന്നു നജീബിന്റെ വാദം. എന്നാൽ, ഇടപാടുകളെല്ലാം നടന്നത് മുദ്ര ഫൗണ്ടേഷൻവഴിയാണെന്ന് രേഖകൾ തെളിയിക്കുന്നു. ലാപ്‌ടോപ്പിന് വിദ്യാർഥികളിൽനിന്ന് പണം വാങ്ങിയിട്ടില്ലെന്ന നുണയും പൊളിഞ്ഞു. ലാപ്‌ടോപ് ലഭിച്ചില്ലെന്ന് കാണിച്ച് എം.എൽ.എയ്ക്കെതിരെ പൊലീസിൽ പരാതി നൽകിയ 3 പേരും വിദ്യാർഥികളാണ്. പകുതി വിലയ്‌ക്ക് ഇരുചക്ര വാഹനം ഉൾപ്പെടെ നൽകാമെന്ന് എം.എൽ.എ. നേരിട്ടാണ് വാഗ്‌ദാനം നൽകിയത്.
കേസിൽ സമഗ്ര അന്വേഷണമാണ് പൊലീസ് നടത്തുന്നത്. പ്രതി അനന്തു കൃഷണനെ ആലുവ പൊലീസ് ക്ലബില്‍ റേഞ്ച് ഡി.ഐ.ജിയും റൂറല്‍ എസ്.പിയും ഒരുമിച്ച് ചോദ്യം ചെയ്തു. പണം തട്ടിയെടുത്ത അക്കൗണ്ടുകൾ കണ്ടെത്താനായിട്ടില്ല. പണം എവിടേക്കാണ് പോയതെന്ന കാര്യത്തിലും വ്യക്തതയുണ്ടായിട്ടില്ല.
കേസിൽ അറസ്റ്റിലായ മുഖ്യപ്രതി അനന്തു കൃഷ്ണന്റെ അക്കൗണ്ടൻ്റ് അടക്കമുള്ള ജീവനക്കാരെ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. അനന്തുവിൻ്റെ ജീവനക്കാരിൽ പലരും ഒളിവിലെന്നാണ് പൊലീസ് പറയുന്നത്. ഇവരുടെ ഫോണുകൾ സ്വിച്ച് ഓഫ് ആയ നിലയിലാണ്. പണം ചെലവാക്കിയതുമായി ബന്ധപ്പെട്ട മൊഴികളിൽ വൈരുധ്യമെന്നും അന്വേഷണ സംഘം പറഞ്ഞു. വിവിധ പൊലീസ് സ്റ്റേഷനുകളിൽ അനന്തുവിനെതിരെ കൂടുതൽ പരാതികൾ വരുന്നുണ്ട്.
4 കോടിയോളം രൂപയുള്ള അക്കൗണ്ട് മാത്രമാണ് മരവിപ്പിച്ചത്. അനന്തു കൃഷ്ണന്റെ വാഹനങ്ങൾ പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നോവ ക്രിസ്റ്റ അടക്കം 3 കാറുകളാണ് കസ്റ്റഡിയിലെടുത്തത്. ഈ വാഹനങ്ങൾ തട്ടിയെടുത്ത പണം ഉപയോഗിച്ച് വാങ്ങിയതാണെന്ന് പൊലീസ് അറിയിച്ചിരുന്നു.