29 C
Trivandrum
Friday, March 14, 2025

എയര്‍ കേരള ജൂണില്‍ പറന്നുയരും; ആദ്യ സര്‍വീസ് കൊച്ചിയില്‍നിന്ന്

Follow the FOURTH PILLAR LIVE channel on WhatsApp 

കൊച്ചി: പ്രവാസി മലയാളികളുടെ സംരംഭമായ എയര്‍ കേരള ജൂണില്‍ ആഭ്യന്തര വിമാന സര്‍വീസ് ആരംഭിക്കും. കൊച്ചിയില്‍നിന്നായിരിക്കും ആദ്യ സര്‍വീസ്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ് എയര്‍ കേരളയുടെ ഹബ്ബ്. ആദ്യഘട്ടത്തിൽ 5 വിമാനങ്ങൾ വാടകയ്ക്കെടുത്ത് എയർ കേരള ഒരുക്കങ്ങൾ പൂർത്തിയാക്കി.

രാജ്യത്തെ ചെറിയ നഗരങ്ങളെ മെട്രോ നഗരങ്ങളുമായി ബന്ധിപ്പിച്ചുള്ള ആഭ്യന്തര സർവീസുകൾക്ക് ശേഷം 2027ൽ രാജ്യാന്തര സർവീസ് കൂടി തുടങ്ങാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ദക്ഷിണേന്ത്യയിലെ ചെറുനഗരങ്ങളിലേക്കു കൂടി പറന്നെത്തുകയാണ് എയര്‍ കേരളയുടെ ലക്ഷ്യം. കൂടുതല്‍ ആളുകളെ വിമാനയാത്ര ചെയ്യാന്‍ പ്രേരിപ്പിക്കുംവിധത്തില്‍ ഏറ്റവും കുറഞ്ഞ നിരക്കിലായിരിക്കും എയര്‍ കേരള സര്‍വീസ് നടത്തുക.

76 സീറ്റുകൾ ഉള്ള വിമാനങ്ങളാണ് ആദ്യഘട്ടത്തിൽ സർവീസിനായി ഉപയോഗിക്കുക. എല്ലാം ഇക്കണോമി ക്ലാസ് ആയിരിക്കും. അയർലൻഡിൽ നിന്ന് 5 വിമാനങ്ങൾ എത്തിക്കാൻ കരാർ ഒപ്പിട്ടു. സെറ്റ്ഫ്ലൈ എവിയേഷൻസ് ആണ് എയർ കേരള എന്ന പേരിൽ വിമാന സർവീസ് തുടങ്ങുന്നത്. 20 എയർക്രാഫ്റ്റുകൾ ഘട്ടം ഘട്ടമായി എത്തിക്കാനാണ് കമ്പനിയുടെ ശ്രമം.

വിമാന കമ്പനിയുടെ ഹബ്ബ് ആയി കൊച്ചി വിമാനത്താവളത്തെ എയര്‍ കേരള ചെയര്‍മാന്‍ അഫീ അഹമ്മദ് പ്രഖ്യാപിച്ചു. ചടങ്ങില്‍ വ്യവസായ മന്ത്രി പി.രാജീവ് അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തിന്‍റെ ടൂറിസം മേഖലയ്ക്ക് സംരംഭം വലിയ സാധ്യതകൾ തുറക്കുമെന്ന പ്രതീക്ഷയാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. നിരക്കിലും കരുതലുണ്ടാകുമോ എന്നാണ് വലിയ ആകാംക്ഷയെന്ന് രാജീവ് ചൂണ്ടിക്കാട്ടി. എം.പി.മാരായ ഹൈബി ഈഡന്‍, ഹാരിസ് ബീരാന്‍, അന്‍വര്‍ സാദത്ത് എം.എല്‍.എ., സിയാല്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജി.മനു, എയർ കേരള വൈസ് ചെയര്‍മാന്‍ അയൂബ് കല്ലട, സി.ഇ.ഒ. ഹരീഷ് കുട്ടി, ആഷിഖ് തുടങ്ങിയവര്‍ പങ്കെടുത്തു.

Recent Articles

Related Articles

Special

Enable Notifications OK No thanks