29 C
Trivandrum
Friday, March 14, 2025

തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 6 മരണം; നിരവധി പേർക്ക് പരുക്ക്

Follow the FOURTH PILLAR LIVE channel on WhatsApp 

ഹൈദരാബാദ്: തിരുമല തിരുപ്പതി ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി ദര്‍ശന കൂപ്പണ്‍ വിതരണ കൗണ്ടറിലെ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടത്തിൽ 6 പേര്‍ മരിച്ചു. 20 പേര്‍ക്ക് സാരമായി പരുക്കേറ്റു. തിരുപ്പതി വിഷ്ണു നിവാസം ഭാഗത്ത് വെച്ചാണ് ബുധനാഴ്ച സന്ധ്യയോടെയാണ് ദുരന്തമുണ്ടായത്.

മരിച്ച 6 പേരിൽ 5 പേര്‍ സ്ത്രീകളാണ്. തമിഴ്നാട് സേലം സ്വദേശിനി മല്ലിക (49), കർണാടക ബെല്ലാരി സ്വദേശിനി നിർമല (50), ആന്ധ്രപ്രദേശിലെ വിശാഖപട്ടണം സ്വദേശികളായ ലാവണ്യ (40), രജനി (47), ശാന്തി (34), ആന്ധ്രാപ്രദേശിലെ നരസിപ്പട്ടണം സ്വദേശി നായിഡു ബാബു (51) എന്നിവരാണ് മരിച്ചത്. പരുക്കേറ്റവരിൽ 4 പേരുടെ നില അതീവ ഗുരുതരമാണ്. ഇവരെ റൂയ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തിരുമലയ്ക്ക് താഴെ തിരുപ്പതിയിൽ സജ്ജമാക്കിയ വൈകുണ്ഠ ഏകാദശി കൂപ്പണ്‍ വിതരണത്തിന്‍റെ കൗണ്ടറിന് മുന്നിലാണ് തിക്കിലും തിരക്കിലും പെട്ട് അപകടമുണ്ടായത്. ഏകാദശിയോടനുബന്ധിച്ച് വൈകുണ്ഠദ്വാര ദര്‍ശനത്തിന്റെ ടോക്കണ്‍ വിതരണ കൗണ്ടറിനു മുന്നിലേക്ക് ആളുകള്‍ ഇടിച്ചു കയറിയതോടെ തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നു. പൊലീസ് ആള്‍ക്കൂട്ടത്തെ തടഞ്ഞെങ്കിലും എല്ലാം നിയന്ത്രണാതീതമായിപ്പോയി.

ജനുവരി 10നാണ് വൈകുണ്ഠ ഏകാദശി ദര്‍ശനം. ഇതിലേക്കായി വ്യാഴാഴ്ച പുലർച്ചെ മുതൽ ആരംഭിക്കുന്ന കൂപ്പണ്‍ വിതരണത്തിന് ബുധനാഴ്ച പുലർച്ചെ മുതൽ തന്നെ അവിടെ ആയിരകണക്കിന് പേരാണ് എത്തിയത്. 1,20,000 കൂപ്പണുകൾ വിതരണം ചെയ്യാൻ 9 ഇടത്തായി 94 കൗണ്ടറുകള്‍ ഒരുക്കിയിരുന്നു. എന്നാൽ ക്യൂവിലേക്ക് ആരേയും അധികൃതർ കടത്തി വിട്ടിരുന്നില്ല.

ഇതിനിടെ ക്യൂവിന് മുന്നിലെ ആൾക്കൂട്ടത്തിനിടയിൽ നിൽക്കുകയായിരുന്ന ഒരു സ്ത്രീക്ക് ശ്വാസം മുട്ട് അനുഭവപ്പെട്ടു. ഇവരെ പുറത്തേക്ക് കൊണ്ട് പോകാൻ ക്യൂവിന്‍റെ ഒരു ഭാഗം പൊലീസ് കുറച്ച് തുറന്നു. ഈ സമയത്ത് ഇവിടേക്ക് ആളുകൾ ഇടിച്ച് കയറുകയായിരുന്നു.

ക്യൂ വ്യാഴാഴ്ച മാത്രമേ തുറക്കൂ എന്നതിനാൽ അത് നിയന്ത്രിക്കാൻ ഉള്ള സംവിധാനമോ ആൾബലമോ അപ്പോൾ പൊലീസിന് ഉണ്ടായില്ല. ആളുകള്‍ ഇടിച്ചുകയറിയതോടെ തിക്കും തിരക്കുമുണ്ടായി. ഇതോടെ പൊലീസ് ഒരുക്കിയ സകലനിയന്ത്രണങ്ങളും പാളി. തുടര്‍ന്നാണ് വലിയ ദുരന്തം ഉണ്ടായത്. താഴെ വീണ ആളുകള്‍ക്ക് മുകളിലുടെ മറ്റു ആളുകള്‍ പരിഭ്രാന്തരായി ഓടിയതോടെ അപകടത്തിന്‍റെ വ്യാപ്തി കൂടി.

Recent Articles

Related Articles

Special

Enable Notifications OK No thanks