ഭീതിയും ദുരൂഹതയും നിറച്ച് ‘മായൻ’ ട്രെയിലർ; ജയസൂര്യ ചിത്രം ഡിസംബർ 3ന്

Follow the FOURTH PILLAR LIVE channel on WhatsApp 

ജയസൂര്യയെ കേന്ദ്രകഥാപാത്രമാക്കി ജിതിൻ കെ.ജോസ് സംവിധാനം ചെയ്യുന്ന ‘മായൻ’ എന്ന ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങി. ഭീതിയും ദുരൂഹതയും നിറഞ്ഞ രംഗങ്ങളിലൂടെ കഥാപശ്ചാത്തലത്തെക്കുറിച്ചുള്ള സൂചനകൾ നൽകുന്നതാണ് ട്രെയിലർ. മാജിക് മൂണിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമിക്കുന്ന ചിത്രം ഡിസംബർ മൂന്നിന് തിയേറ്ററുകളിലെത്തും.

‘കളങ്കാവൽ’ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തെത്തിയ ജിതിൻ കെ.ജോസിന്റെ രണ്ടാമത്തെ ചിത്രമാണ് ‘മായൻ’. ഫാന്റസി, ഹൊറർ, ആക്ഷൻ, വൈകാരിക മുഹൂർത്തങ്ങൾ എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

‘നെല്ലിപ്പുര എന്ന സ്ഥലത്തേക്ക് പൊലീസുകാരാരും പോകാറില്ല. ഇതിനു മുമ്പ് രണ്ടു-മൂന്നു പേർ പോയിരുന്നു. അവരാരും ജീവനോടെയല്ല തിരിച്ചുവന്നത്’ എന്ന സംഭാഷണത്തിലൂടെ ദുരൂഹത നിറഞ്ഞൊരു പ്രദേശത്തെക്കുറിച്ചുള്ള സൂചനയാണ് ട്രെയിലർ നൽകുന്നത്. ‘കെട്ട ശക്തികളെവച്ച് ആരാധിക്കുന്നവരാണ് ഇവിടെയുള്ളവരെല്ലാം’, ‘ഈ പെൺകൊച്ച് ശരിക്കും ഉള്ളതാണോ? അതിനവൾ മരിച്ചെന്നാരാ പറഞ്ഞത്?’ തുടങ്ങിയ സംഭാഷണങ്ങളും ചിത്രത്തിലെ നിഗൂഢ സംഭവങ്ങളിലേക്ക് വിരൽചൂണ്ടുന്നു.

സത്യവും മിഥ്യയും കോർത്തിണക്കി വിപരീത ആരാധനാക്രമങ്ങൾ പിന്തുടരുന്ന ഒരു സമൂഹത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. പുരാതന ക്രൈസ്തവ കുടുംബങ്ങളുമായി ബന്ധപ്പെട്ടതായി പറയപ്പെടുന്ന ‘കറുത്തച്ചനൂട്ട്’ എന്ന ദുർമന്ത്രവാദ ആചാരവും ചിത്രത്തിന്റെ പ്രമേയത്തിൽ പ്രധാന ഘടകമാണെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. കേരളത്തിനപ്പുറത്തേക്കും വ്യാപിക്കുന്ന ദുരൂഹ സംഭവങ്ങളാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

ജയസൂര്യയ്ക്കൊപ്പം നൈല ഉഷ, വിജയ് ബാബു, അർഷ ബൈജു, നിരഞ്ജന അതുൽ, ജിബിൻ ഗോപിനാഥ്, മുബിൻ എം.റാഫി, വൈഷ്ണവി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. സംവിധായകൻ ജിതിൻ കെ.ജോസും തിരക്കഥാകൃത്തും സംവിധായകനുമായ റാഫിയും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

മുജീബ് മജീദാണ് സംഗീതസംവിധാനം. ഫൈസൽ അലി ഛായാഗ്രഹണവും പ്രവീൺ കുമാർ എഡിറ്റിങ്ങും നിർവഹിക്കുന്നു. രോഹിത് ആർ.നായരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. സുനിൽ ദാസ് കലാസംവിധാനവും അമൽ ചന്ദൻ മേക്കപ്പും സമീറ സനീഷ് വസ്ത്രാലങ്കാരവും നിർവഹിക്കുന്നു.

സിനറ്റ് സേവ്യർ സ്റ്റിൽ ഫോട്ടോഗ്രഫിയും വി.ബോസ് ചീഫ് അസോസിയേറ്റ് ഡയറക്ഷനും നിർവഹിക്കുന്നു. പീറ്റർ അർത്തുങ്കൽ പ്രൊഡക്ഷൻ മാനേജരും എബി ബെന്നി പ്രൊഡക്ഷൻ എക്സിക്യൂട്ടീവുമാണ്. ദീപക് പരമേശ്വരനാണ് പ്രൊഡക്ഷൻ കൺട്രോളർ. കിരൺ കാന്തും പ്രൊഡക്ഷൻ വിഭാഗത്തിലുണ്ട്. പി.ആർ.ഒ. വാഴൂർ ജോസ്.

ഡിസംബർ 3ന് സെഞ്ച്വറി പിക്ചേഴ്സാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.

LEAVE A REPLY

Recent Articles

Related Articles

Special