കണക്കുകൾ പറയുന്ന ‘നഷ്ടപ്പെട്ട ഇന്ത്യ’

Follow the FOURTH PILLAR LIVE channel on WhatsApp 

‘അച്ഛേ ദിൻ’ വരുമെന്നായിരുന്നു 2014ലെ വാഗ്ദാനം. ‘ഗുജറാത്ത് മാതൃക’യുടെ വികസനവാഗ്ദാനം ഉയർത്തിയാണ് നരേന്ദ്ര മോദിയും ബി.ജെ.പിയും അധികാരത്തിലെത്തിയത്. 12 വർഷത്തിലേറെ പിന്നിടുമ്പോൾ ആ വാഗ്ദാനങ്ങൾ ഇന്ത്യയെ എവിടെയാണ് എത്തിച്ചത്? ഈ ചോദ്യം രാഷ്ട്രീയപ്രസംഗങ്ങളിലൂടെയല്ല, കണക്കുകളിലൂടെ പരിശോധിക്കുകയാണ് ടെക്സസ് ടെക് സർവകലാശാലയിലെ ഗവേഷകരായ കെവിൻ ഗ്രിയറും റോബിൻ ഗ്രിയറും. അവരുടെ പുതിയ പഠനത്തിന്റെ നിഗമനം കടുത്തതാണ്.

മോദി അധികാരത്തിലെത്തിയില്ലായിരുന്നെങ്കിൽ 2023ലെ ഇന്ത്യ ഇന്നത്തേതിനേക്കാൾ കൂടുതൽ സമ്പന്നവും കൂടുതൽ ജനാധിപത്യപരവും കൂടുതൽ സ്വതന്ത്രവുമായിരിക്കുമായിരുന്നു. അതിലും കടുത്ത ഭാഷയിലാണ് ഗവേഷകരുടെ അന്തിമ വിലയിരുത്തൽ. മോദിയുടെ ഭരണകാലം അടിസ്ഥാനപരമായി ‘പാലിക്കപ്പെടാത്ത വാഗ്ദാനങ്ങളുടെ കഥ’യാണെന്നാണ് അവർ പറയുന്നത്.

ചോദ്യം ‘2013നെക്കാൾ ഇന്ത്യ വളർന്നോ’ എന്നതല്ല

പഠനത്തിന്റെ ഏറ്റവും പ്രധാന പ്രത്യേകത അതിന്റെ ചോദ്യത്തിലാണ്. 2013ലെ ഇന്ത്യയുമായി 2023ലെ ഇന്ത്യയെ നേരിട്ട് താരതമ്യം ചെയ്ത് രാജ്യം വളർന്നോ തളർന്നോ എന്ന് പറയുകയല്ല ഗവേഷകർ ചെയ്തത്. അവർ ചോദിച്ചത് മറ്റൊന്നാണ്: 2014ൽ മോദി അധികാരത്തിലെത്തിയില്ലായിരുന്നെങ്കിൽ 2023ൽ ഇന്ത്യ എവിടെയെത്തുമായിരുന്നു?

ഇത് നേരിട്ട് കാണാൻ കഴിയാത്ത ഒരു ഇന്ത്യയാണ്. അതുകൊണ്ട് ഗവേഷകർ കണക്കുകളുടെ സഹായത്തോടെ ഒരു ‘കൃത്രിമ ഇന്ത്യ’ സൃഷ്ടിച്ചു. സാമ്പത്തികശാസ്ത്രത്തിൽ ഉപയോഗിക്കുന്ന ‘സിന്തറ്റിക് കൺട്രോൾ’ എന്ന രീതിയാണ് ഇതിനായി സ്വീകരിച്ചത്.

1984 മുതൽ 2013 വരെയുള്ള 30 വർഷത്തെ ഇന്ത്യയുടെ വളർച്ചയും ഭരണസൂചകങ്ങളും ഏറ്റവും അടുത്തായി പിന്തുടർന്ന വിവിധ രാജ്യങ്ങളുടെ കണക്കുകൾ നിശ്ചിത അനുപാതത്തിൽ കൂട്ടിച്ചേർത്താണ് ഈ സാങ്കല്പിക ഇന്ത്യ നിർമിച്ചത്. തുടർന്ന് 2014 മുതൽ 2023 വരെയുള്ള യഥാർഥ ഇന്ത്യയുടെ യാത്രയുമായി അതിനെ താരതമ്യം ചെയ്തു. 30 വർഷത്തെ പഴയ ഇന്ത്യയോട് കണക്കുകളിൽ വളരെ അടുത്തുനിന്ന ‘മോദിയില്ലാത്ത ഇന്ത്യ’ 2014നുശേഷം യഥാർഥ ഇന്ത്യയെക്കാൾ മുന്നിലെത്തുന്നു എന്നാണ് പഠനം കണ്ടെത്തിയത്.

10 ഭരണസൂചകങ്ങൾ, എല്ലാത്തിലും പിന്നോട്ടടി

ജനാധിപത്യവും ഭരണവും അളക്കാൻ ഗവേഷകർ 10 പ്രധാന സൂചകങ്ങളാണ് പരിശോധിച്ചത്. തിരഞ്ഞെടുപ്പ് ജനാധിപത്യം, ഉദാര ജനാധിപത്യം, രാഷ്ട്രീയ അഴിമതി, നിയമത്തിനുമുന്നിലെ സമത്വം, ഭരണനിർവാഹക വിഭാഗത്തിനുമേലുള്ള നിയമനിർമാണ സഭയുടെ നിയന്ത്രണം, നീതിന്യായ വ്യവസ്ഥയുടെ നിയന്ത്രണം, അഭിപ്രായസ്വാതന്ത്ര്യം, സംഘടനാ സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം, നിയമത്തിന്റെ തുല്യസംരക്ഷണം എന്നിവയാണവ. ഫലം ഞെട്ടിക്കുന്നതാണ്. 10 സൂചകങ്ങളിലും യഥാർഥ ഇന്ത്യ ‘മോദിയില്ലാത്ത ഇന്ത്യ’യെക്കാൾ മോശമായി.

പഠനത്തിന്റെ അവസാനവർഷത്തിൽ തിരഞ്ഞെടുപ്പ് ജനാധിപത്യത്തിലെ വിടവ് 60.2 ശതമാനവും ഉദാര ജനാധിപത്യത്തിൽ 69.1 ശതമാനവും അഭിപ്രായസ്വാതന്ത്ര്യത്തിൽ 56.2 ശതമാനവുമാണ്. നിയമത്തിനുമുന്നിലെ സമത്വത്തിൽ 30.4 ശതമാനവും സംഘടനാ സ്വാതന്ത്ര്യത്തിൽ 29.6 ശതമാനവും നിയമത്തിന്റെ തുല്യസംരക്ഷണത്തിൽ 26.1 ശതമാനവും പിന്നോട്ടുപോയെന്നാണ് ഗവേഷകരുടെ മാതൃക കാണിക്കുന്നത്. 10 സൂചകങ്ങളിൽ പകുതിയിലും മോദിയില്ലാത്ത ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ 45 ശതമാനത്തിലധികം ഇടിവാണുള്ളത്. ഇത് ഒരു സൂചകത്തിലെ ഒറ്റപ്പെട്ട മാറ്റമല്ല. ജനാധിപത്യസ്ഥാപനങ്ങളുടെ വിവിധ തലങ്ങളിൽ ഒരേ ദിശയിലുള്ള ഇടിവാണ് പഠനം കണ്ടെത്തുന്നത്.

ഏറ്റവും വലിയ ഇടിവ് മതസ്വാതന്ത്ര്യത്തിൽ

പഠനത്തിൽ ഏറ്റവും വലിയ അകലം രേഖപ്പെടുത്തിയിരിക്കുന്നത് മതസ്വാതന്ത്ര്യത്തിലാണ്. 2013 വരെ യഥാർഥ ഇന്ത്യയും ഗവേഷകർ നിർമിച്ച സാങ്കല്പിക ഇന്ത്യയും മതസ്വാതന്ത്ര്യത്തിൽ ഏറെക്കുറെ ഒരേ വഴിയിലായിരുന്നു. 2014നുശേഷമാണ് അവ വേർപിരിയുന്നത്. 2023ലെ കണക്കിൽ മതസ്വാതന്ത്ര്യ സൂചകത്തിൽ യഥാർഥ ഇന്ത്യയും മോദിയില്ലാത്ത ഇന്ത്യയും തമ്മിലുള്ള അകലം, 2013ലെ ഇന്ത്യയുടെ അടിസ്ഥാനനിലയുമായി താരതമ്യം ചെയ്യുമ്പോൾ 168.7 ശതമാനം വരുമെന്നാണ് പഠനം പറയുന്നത്.

ഇവിടെ അളക്കുന്നത് ഒരാൾക്ക് സ്വകാര്യമായി ഏതു മതത്തിൽ വിശ്വസിക്കാം എന്നത് മാത്രമല്ല. മതം തിരഞ്ഞെടുക്കാനും മാറ്റാനും ആചരിക്കാനും സമാധാനപരമായി പ്രചരിപ്പിക്കാനുമുള്ള വ്യക്തികളുടെയും സമൂഹങ്ങളുടെയും സ്വാതന്ത്ര്യത്തെ ഭരണകൂടം എത്രത്തോളം മാനിക്കുന്നു എന്നതാണ്. മതത്തിന്റെ പേരിലുള്ള ആക്രമണങ്ങളും ന്യൂനപക്ഷങ്ങൾക്കെതിരായ വിദ്വേഷപ്രചാരണങ്ങളും മതപരിവർത്തനനിയമങ്ങളും ആരാധനാലയങ്ങളെച്ചൊല്ലിയുള്ള സംഘർഷങ്ങളും ഇന്ത്യയുടെ പൊതുജീവിതത്തിലെ സ്ഥിരം വാർത്തകളായ കാലത്താണ് ഈ കണക്ക് വരുന്നത്.

അഭിപ്രായസ്വാതന്ത്ര്യത്തിൽ 56 ശതമാനം വിടവ്

ജനാധിപത്യത്തിന്റെ ജീവവായുവാണ് അഭിപ്രായസ്വാതന്ത്ര്യം. അതിലും മോദിക്കാലത്തെ ഇന്ത്യയുടെ പ്രകടനം ദയനീയമാണെന്നാണ് പഠനം പറയുന്നത്. 2023ലെ കണക്കിൽ മോദിയില്ലായിരുന്നെങ്കിൽ ഉണ്ടാകുമായിരുന്ന ഇന്ത്യയെക്കാൾ 56.2 ശതമാനം താഴെയാണ് ഇന്ത്യയുടെ അഭിപ്രായസ്വാതന്ത്ര്യ സൂചകം.

ഗവേഷകർ ശ്രദ്ധിക്കുന്ന മറ്റൊരു കാര്യമുണ്ട്. ഇത് 30 വർഷമായി പതുക്കെ സംഭവിച്ച ഇടിവല്ല. 2014നോടടുത്താണ് യഥാർഥ ഇന്ത്യയുടെ രേഖ സാങ്കല്പിക ഇന്ത്യയിൽനിന്ന് വ്യക്തമായി താഴേക്ക് തിരിയുന്നത്. അഭിപ്രായം പറഞ്ഞതിന് കേസുകൾ, മാധ്യമപ്രവർത്തകർക്കെതിരായ നടപടികൾ, ഭരണകൂടവിമർശകരുടെ വീടുകളിലെ പരിശോധനകൾ, വാർത്താ സ്ഥാപനങ്ങൾക്കെതിരായ സമ്മർദം, സമൂഹമാധ്യമ ഉള്ളടക്കത്തിലെ നിയന്ത്രണം തുടങ്ങിയവയെക്കുറിച്ചുള്ള രാജ്യവ്യാപക ചർച്ചകൾക്കിടയിലാണ് ഈ കണ്ടെത്തൽ.

ഒരു ജനാധിപത്യത്തിന്റെ ശക്തി ഭരണാധികാരിയെ പുകഴ്ത്താൻ എത്ര സ്വാതന്ത്ര്യമുണ്ട് എന്നതുകൊണ്ടല്ല അളക്കപ്പെടുന്നത്. ഭരണാധികാരിയെ ഭയമില്ലാതെ വിമർശിക്കാൻ എത്ര സ്വാതന്ത്ര്യമുണ്ട് എന്നതാണ് യഥാർഥ പരീക്ഷ.

അഴിമതി കുറഞ്ഞില്ല, കൂടിയെന്ന് പഠനം

2014ൽ മോദിയെ അധികാരത്തിലെത്തിച്ച പ്രധാന രാഷ്ട്രീയ ആയുധങ്ങളിൽ ഒന്നായിരുന്നു അഴിമതിവിരുദ്ധ പ്രചാരണം. യു.പി.എ. സർക്കാരിനെതിരായ അഴിമതി ആരോപണങ്ങൾ ബി.ജെ.പി. തിരഞ്ഞെടുപ്പിൽ ശക്തമായി ഉപയോഗിച്ചു. മോദി വന്നാൽ അഴിമതി അവസാനിക്കുമെന്നും സുതാര്യഭരണം വരുമെന്നുമായിരുന്നു വാഗ്ദാനം.

എന്നാൽ പുതിയ പഠനത്തിന്റെ കണക്ക് ഇതിന് നേർവിപരീതമാണ്. രാഷ്ട്രീയ അഴിമതി സൂചകത്തിൽ ഉയർന്ന മൂല്യം കൂടുതൽ അഴിമതിയെയാണ് സൂചിപ്പിക്കുന്നത്. 2023ൽ മോദിയില്ലാത്ത സാങ്കല്പിക ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ യഥാർഥ ഇന്ത്യയിലെ രാഷ്ട്രീയ അഴിമതി 46.8 ശതമാനം കൂടുതലാണെന്നാണ് ഗവേഷകർ കണ്ടെത്തിയത്.

അഴിമതിക്കെതിരെ ഏറ്റവും ശക്തമായി പ്രചാരണം നടത്തിയ ഭരണത്തിന്റെ കീഴിൽ രാഷ്ട്രീയ അഴിമതി സൂചകം ഉയർന്നുവെന്നത് വളരെ പ്രസക്തമായ ഫലമാണെന്ന് ഗവേഷകർ തന്നെ ചൂണ്ടിക്കാട്ടുന്നു. തിരഞ്ഞെടുപ്പ് കടപ്പത്രങ്ങൾ മുതൽ വൻകിട കോർപറേറ്റുകളും രാഷ്ട്രീയ അധികാരവും തമ്മിലുള്ള ബന്ധംവരെ നിരന്തരം ചർച്ചയായ കഴിഞ്ഞ ദശകത്തിന്റെ പശ്ചാത്തലത്തിൽ ഈ കണ്ടെത്തലിന് പ്രത്യേക പ്രാധാന്യമുണ്ട്.

ജനാധിപത്യം കുറഞ്ഞു, എങ്കിലും വികസനം വന്നോ?

‘ശക്ത’രായ ഭരണാധികാരികളെ ന്യായീകരിക്കാൻ ലോകത്തിന്റെ പല ഭാഗങ്ങളിലും ഒരു വാദം ഉയരാറുണ്ട്. ജനാധിപത്യസ്വാതന്ത്ര്യങ്ങളിൽ കുറച്ചു വിട്ടുവീഴ്ച ഉണ്ടായാലും വേഗത്തിലുള്ള സാമ്പത്തികവികസനം ലഭിച്ചാൽ പോരേ? ഗവേഷകർ ഇതിനെ ‘ശക്തനായ ഭരണാധികാരിയുമായുള്ള ഇടപാട്’ എന്ന ആശയമായാണ് പരിശോധിക്കുന്നത്. അങ്ങനെയെങ്കിൽ മോദിക്കാലത്ത് ജനാധിപത്യ സൂചകങ്ങൾ കുറഞ്ഞെങ്കിലും സാമ്പത്തിക വളർച്ച അതിന് പകരം നൽകിയോ? പഠനത്തിന്റെ മറുപടി — ഇല്ല.

ഓരോ ഇന്ത്യക്കാരനും 1000 ഡോളറിന്റെ നഷ്ടം

സാമ്പത്തികപ്രകടനം പരിശോധിക്കാൻ ആളൊന്നിന് യഥാർഥ വരുമാനമാണ് ഗവേഷകർ എടുത്തത്. പെൻ വേൾഡ് ടേബിൾ 11.0ലെ കണക്കുകളാണ് ഉപയോഗിച്ചത്. ഇവിടെയും 1984 മുതൽ 2013 വരെ യഥാർഥ ഇന്ത്യയോട് വളരെ അടുത്തുനിന്ന ഒരു സാങ്കല്പിക ഇന്ത്യയാണ് രൂപപ്പെടുത്തിയിരിക്കുന്നത്. അതിന്റെ ഘടന കൗതുകകരമാണ്: 38 ശതമാനം എത്യോപ്യ, 28 ശതമാനം ചൈന, 25 ശതമാനം ബംഗ്ലാദേശ്, 7 ശതമാനം പാകിസ്ഥാൻ, 2 ശതമാനം ഫിലിപ്പീൻസ് എന്നിങ്ങനെ വിവിധ രാജ്യങ്ങളുടെ വളർച്ചാനുഭവങ്ങൾ കൂട്ടിച്ചേർത്താണ് വരുമാനത്തിനുള്ള സാങ്കല്പിക ഇന്ത്യ നിർമിച്ചത്.

ഈ കൂട്ടുകെട്ട് വിചിത്രമായി തോന്നാം. പക്ഷേ 2014ന് മുമ്പുള്ള 30 വർഷത്തിൽ യഥാർഥ ഇന്ത്യയുടെ ആളൊന്നിന് വരുമാനപാതയുമായി ഇതിന്റെ ശരാശരി വ്യത്യാസം ഏകദേശം 59 ഡോളർ മാത്രം — 2013ലെ വരുമാനത്തിന്റെ ഏതാണ്ട് ഒരു ശതമാനം. 2014നുശേഷമാണ് 2 രേഖകളും വേർപിരിയുന്നത്. 2023 എത്തുമ്പോൾ യഥാർഥ ഇന്ത്യയിലെ ആളൊന്നിന് യഥാർഥ വരുമാനം മോദിയില്ലാത്ത ഇന്ത്യയേക്കാൾ ഏകദേശം 1000 ഡോളർ കുറവാണ്. പഠനത്തിന്റെ സംഗ്രഹമനുസരിച്ച് സാമ്പത്തികം സാങ്കല്പിക സാഹചര്യത്തേക്കാൾ ഏകദേശം 10 ശതമാനം പിന്നിലാണ്.

4 പേരുള്ള കുടുംബത്തിന് മാസം 27,000 രൂപ

1000 ഡോളർ എന്ന കണക്ക് ഒരു സാധാരണ കുടുംബത്തിന്റെ ജീവിതത്തിലേക്ക് മാറ്റിനോക്കുമ്പോഴാണ് അതിന്റെ വലിപ്പം വ്യക്തമാകുന്നത്. 4 പേരുള്ള ഒരു കുടുംബത്തിന് ഈ അധിക വരുമാനം തുല്യമായി ലഭിച്ചിരുന്നുവെന്ന് കരുതിയാൽ, മാസത്തിൽ ഏകദേശം 27,000 രൂപ അധികം ലഭിക്കുമായിരുന്നുവെന്നാണ് പഠനത്തെ അടിസ്ഥാനമാക്കിയുള്ള കണക്കുകൂട്ടൽ. രാജ്യം മുഴുവനായി കണക്കാക്കിയാൽ ആളൊന്നിന് 1000 ഡോളറിന്റെ വ്യത്യാസം വർഷത്തിൽ ഏകദേശം 1.4 ലക്ഷം കോടി ഡോളറിന്റെ അധിക സാമ്പത്തിക ഉത്പാദനത്തിന് തുല്യമാണ്.

ഇത് 2023ൽ എല്ലാവരുടെയും കൈയിൽ യഥാർഥത്തിൽ 27,000 രൂപ വീതം ലഭിക്കുമായിരുന്നു എന്ന പ്രവചനമല്ല. സാങ്കല്പിക വളർച്ചാപാതയിൽ രാജ്യത്തിന്റെ ഉത്പാദനശേഷി എത്രത്തോളം കൂടുതലായിരിക്കുമായിരുന്നു എന്നതിന്റെ ലളിതമായ വിശദീകരണമാണത്. എങ്കിലും ഒരു കാര്യം വ്യക്തം. ‘ഗുജറാത്ത് മാതൃക’ ഇന്ത്യയെ പഴയ വളർച്ചാപാതയെക്കാൾ വളരെ മുന്നിലെത്തിക്കും എന്ന വാഗ്ദാനം കണക്കുകളിൽ തെളിയുന്നില്ല.

നോട്ട് നിരോധനം ഒഴിവാക്കാനാകാത്ത ഉത്തരവാദിത്വം

സാമ്പത്തിക ഇടിവിനെക്കുറിച്ച് പറയുമ്പോൾ സ്വാഭാവികമായും കൊവിഡ് മഹാമാരിയിലേക്ക് വിരൽചൂണ്ടാം. ഗവേഷകർ അത് പരിശോധിച്ചിട്ടുണ്ട്. സാങ്കല്പിക ഇന്ത്യ സൃഷ്ടിക്കാൻ ഉപയോഗിച്ച രാജ്യങ്ങളെയും കൊവിഡ് ബാധിച്ചതിനാൽ മഹാമാരി മാത്രം 2 ഇന്ത്യകൾ തമ്മിലുള്ള അകലം വിശദീകരിക്കുന്നില്ലെന്നാണ് അവരുടെ വാദം. അവസാന 4 വർഷം ഒഴിവാക്കി പരിശോധിച്ചാലും അടിസ്ഥാന നിഗമനം മാറുന്നില്ലെന്നും അവർ പറയുന്നു.

നോട്ട് നിരോധനത്തെ പുറത്തുനിന്നുണ്ടായ ആഘാതമായി കണക്കാക്കാനും കഴിയില്ല. അത് മോദി സർക്കാരിന്റെ തന്നെ നയമായതിനാൽ മോദി ഭരണത്തിന്റെ സാമ്പത്തികഫലം പരിശോധിക്കുമ്പോൾ അതിനെ ഒഴിവാക്കാനാകില്ലെന്നാണ് ഗവേഷകരുടെ നിലപാട്.

‘സിന്തറ്റിക് ഇന്ത്യ’ വിശ്വസിക്കാമോ?

ഇത്തരം പഠനത്തിൽ ഏറ്റവും എളുപ്പം ഉയരുന്ന വിമർശം വ്യക്തമാണ്. ‘മോദിയില്ലാത്ത ഇന്ത്യ’ യഥാർഥത്തിൽ ഉണ്ടായിട്ടില്ല. അപ്പോൾ അതിനെ എങ്ങനെ വിശ്വസിക്കും? ഗവേഷകർ ഈ ചോദ്യവും പരിശോധിച്ചിട്ടുണ്ട്. മോദി 2014ൽ അധികാരത്തിലെത്തിയെന്നു കണക്കാക്കിയതുപോലെ മറ്റു രാജ്യങ്ങളിലും വ്യാജമായി ‘ചികിത്സാ വർഷം’ നിശ്ചയിച്ച് അതേ പരീക്ഷണം നടത്തി. ഇന്ത്യയിൽ കാണുന്നത്ര വലിയ വ്യത്യാസം മറ്റിടങ്ങളിൽ ഉണ്ടാകുന്നുണ്ടോ എന്ന് പരിശോധിച്ചു. 10 ഭരണസൂചകങ്ങളിലും ഇന്ത്യയിലെ മാറ്റം അവർ സൃഷ്ടിച്ച എല്ലാ സമാന പരീക്ഷണങ്ങളേക്കാളും ശക്തമാണെന്നാണ് കണ്ടെത്തൽ.

മറ്റൊരു പരീക്ഷണത്തിൽ മോദി 2001ൽ അധികാരത്തിലെത്തിയതായി സങ്കല്പിച്ച് 2010വരെ കണക്ക് പരിശോധിച്ചു. ആ വ്യാജ സമയപരിധിയിൽ ഇന്ത്യയും സാങ്കല്പിക ഇന്ത്യയും തമ്മിൽ ഇത്തരമൊരു വലിയ വിടവ് രൂപപ്പെട്ടില്ല. അതായത് തങ്ങളുടെ രീതി വെറുതെ എവിടെയും വലിയ വ്യത്യാസം സൃഷ്ടിക്കുന്നതല്ലെന്ന് തെളിയിക്കാനാണ് ഗവേഷകർ ശ്രമിച്ചിരിക്കുന്നത്.

ജനാധിപത്യത്തിന് ചൈനയെ താരതമ്യം ചെയ്തില്ല

മറ്റൊരു വിമർശനവും ഗവേഷകർ മുൻകൂട്ടി പരിഗണിക്കുന്നു. സാമ്പത്തിക താരതമ്യത്തിൽ ചൈനയും മറ്റും ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അതേ രാജ്യങ്ങളെ ഇന്ത്യയുടെ ജനാധിപത്യവുമായി എങ്ങനെ താരതമ്യം ചെയ്യും? അങ്ങനെ ചെയ്തിട്ടില്ല.

ജനാധിപത്യ സൂചകങ്ങൾ പരിശോധിക്കുമ്പോൾ ഏകകക്ഷി ഭരണരാജ്യങ്ങളായ ചൈനയെയും വിയറ്റ്നാമിനെയും ഒഴിവാക്കി. പകരം അർജന്റീന, ബ്രസീൽ, ചിലി, കൊളംബിയ, ഘാന, ഇൻഡൊനീഷ്യ, മലേഷ്യ, മെക്സിക്കോ, പെറു, ഫിലിപ്പീൻസ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നീ 12 വികസ്വര ജനാധിപത്യ രാജ്യങ്ങളാണ് താരതമ്യത്തിനായി ഉപയോഗിച്ചത്. ഓരോ സൂചകത്തിനും ഇന്ത്യയുടെ 2014ന് മുമ്പുള്ള പാതയോട് ഏറ്റവും അടുത്തുനിൽക്കുന്ന രാജ്യങ്ങൾക്ക് വ്യത്യസ്ത തൂക്കം നൽകുകയും ചെയ്തു. അതുകൊണ്ട് ‘ചൈനയുമായി ഇന്ത്യയുടെ ജനാധിപത്യം താരതമ്യം ചെയ്തു’ എന്ന വിമർശനത്തിന് ഈ പഠനത്തിൽ അടിസ്ഥാനമില്ല.

വി-ഡെം പക്ഷപാതപരമാണെങ്കിൽ?

ജനാധിപത്യം, അഭിപ്രായസ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം തുടങ്ങിയ സൂചകങ്ങൾക്ക് ഗവേഷകർ ഉപയോഗിച്ചത് വി-ഡെം കണക്കുകളാണ്. ഇന്ത്യയിലെ കേന്ദ്രസർക്കാർ അനുകൂലികൾ ഇത്തരം രാജ്യാന്തര ജനാധിപത്യ സൂചികകളെ പലപ്പോഴും ‘ഇന്ത്യാവിരുദ്ധം’ എന്ന് വിമർശിച്ചിട്ടുണ്ട്. അത് ശരിയാണെങ്കിലോ? ഗവേഷകർ ഈ സാധ്യതയും ചർച്ച ചെയ്യുന്നു.

ഒരൊറ്റ സൂചകത്തിൽ മാത്രം ഇന്ത്യ മോശമായിരുന്നെങ്കിൽ അളവെടുപ്പിലെ പക്ഷപാതം എന്ന സംശയം ശക്തമാകുമായിരുന്നു. എന്നാൽ പരിശോധിച്ച 10 വ്യത്യസ്ത ഭരണ–ജനാധിപത്യ സൂചകങ്ങളിലും ഫലം ഒരേ ദിശയിലാണ്. അതെല്ലാം തെറ്റാണെങ്കിൽ ഇന്ത്യക്കെതിരെ വളരെ വ്യാപകവും ഏകോപിതവുമായ അളവെടുപ്പ് പക്ഷപാതം ഉണ്ടായിരിക്കേണ്ടിവരുമെന്നാണ് അവരുടെ വാദം.

പിന്നെ മോദി എങ്ങനെ വീണ്ടും ജയിക്കുന്നു?

പഠനം ഉയർത്തുന്ന കൗതുകകരമായ മറ്റൊരു ചോദ്യം ഇതാണ്. സാമ്പത്തികവും ജനാധിപത്യപരവുമായ പ്രകടനം വാഗ്ദാനത്തിനൊത്ത് വന്നില്ലെങ്കിൽ മോദിയും ബി.ജെ.പിയും വീണ്ടും വീണ്ടും തിരഞ്ഞെടുപ്പിൽ എങ്ങനെ വിജയിച്ചു? ഗവേഷകർ 2 സാധ്യതകൾ മുന്നോട്ടുവെയ്ക്കുന്നു. ഒന്ന് ഇന്ത്യയിലെ ‘ആദ്യം എത്തുന്നവൻ ജയിക്കുന്ന’ തിരഞ്ഞെടുപ്പ് സമ്പ്രദായം. രാജ്യത്തെ ഭൂരിപക്ഷം വോട്ടർമാരുടെയും പിന്തുണ ബി.ജെ.പിക്കില്ലെങ്കിലും വിഭജിക്കപ്പെട്ട പ്രതിപക്ഷം ഏറ്റവും വലിയ ഒറ്റകക്ഷിക്ക് വലിയ രാഷ്ട്രീയ ആനുകൂല്യം നൽകുന്നു എന്നാണ് അവരുടെ നിരീക്ഷണം.

രണ്ടാമത്തേത് കൂടുതൽ രാഷ്ട്രീയപ്രാധാന്യമുള്ളതാണ്. ‘സദ്ഭരണം’ എന്ന വാക്കിനെ ഗവേഷകരും മോദി അനുകൂലികളും ഒരേ അർഥത്തിലായിരിക്കണമെന്നില്ല. ഉദാഹരണത്തിന് മതസ്വാതന്ത്ര്യം കുറയുന്നത് ഒരു ജനാധിപത്യനഷ്ടമാണെന്ന് ഗവേഷകർ കാണുമ്പോൾ, മോദിയുടെ ചില അനുയായികൾ അതിനെ സ്വന്തം രാഷ്ട്രീയലക്ഷ്യത്തിന്റെ വിജയമായി കാണുന്നുണ്ടാകാമെന്നാണ് പഠനം സൂചിപ്പിക്കുന്നത്. അവിടെയാണ് സാമ്പത്തികവികസനത്തിന്റെ വാഗ്ദാനം ഹിന്ദുത്വ രാഷ്ട്രീയവുമായി ചേർന്നുനിൽക്കുന്നത്.

‘ശക്തനായ നേതാവ്’ നൽകിയ ഇടപാടും കിട്ടിയില്ല

മോദി രാഷ്ട്രീയത്തിന്റെ പ്രധാന വില്പനവാദം ശക്തനായ നേതാവായിരുന്നു. തീരുമാനമെടുക്കുന്ന നേതാവ്. എതിർപ്പിനെ വകവെയ്ക്കാതെ മുന്നോട്ടുപോകുന്ന നേതാവ്. ചില ജനാധിപത്യ അസൗകര്യങ്ങൾ സഹിച്ചാലും രാജ്യം അതിവേഗം വളരുമെന്ന ധാരണ. പുതിയ പഠനം പറയുന്നത് അതാണ് സംഭവിക്കാത്തതെന്നാണ്.

ജനാധിപത്യസ്വാതന്ത്ര്യങ്ങൾ കുറഞ്ഞു. സ്ഥാപനപരമായ നിയന്ത്രണങ്ങൾ ദുർബലമായി. മതസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും താഴ്ന്നു. രാഷ്ട്രീയ അഴിമതി സൂചകം ഉയർന്നു. അതിന് പകരം അതിവേഗ സാമ്പത്തിക വളർച്ച കിട്ടിയോ? അതും ഇല്ലെന്നാണ് മാതൃക പറയുന്നത്. ഗവേഷകരുടെ ഭാഷയിൽ പറഞ്ഞാൽ ‘ശക്തനായ നേതാവുമായുള്ള ഇടപാട്’ പോലും ഇന്ത്യക്ക് ലഭിച്ചില്ല.

ഒരു പഠനം അന്തിമ വിധിയല്ല

ഇവിടെ ഒരു ശാസ്ത്രീയ ജാഗ്രത അനിവാര്യമാണ്. ഇത് ടെക്സസ് ടെക് സർവകലാശാലയിലെ 2 ഗവേഷകർ തയ്യാറാക്കി എസ്.എസ്.ആർ.എൻ. വഴി പുറത്തുവിട്ട പ്രവർത്തനപത്രമാണ്. ഒരു രാജ്യത്തിന്റെ ‘മോദിയില്ലാത്ത’ ചരിത്രം യഥാർഥത്തിൽ നിരീക്ഷിക്കാൻ കഴിയാത്തതിനാൽ അത് കണക്കുകളിലൂടെ സൃഷ്ടിച്ച പ്രതിവാസ്തവ മാതൃകയാണ്. അതിനാൽ 1000 ഡോളറിന്റെ നഷ്ടം എന്നത് നേരിട്ട് അളന്ന പണനഷ്ടമല്ല; മാതൃക പ്രവചിക്കുന്ന വ്യത്യാസമാണ്. എന്നാൽ അതുകൊണ്ട് പഠനത്തെ തള്ളിക്കളയാനുമാകില്ല.

1984 മുതൽ 2013 വരെയുള്ള 30 വർഷത്തെ കണക്കുകളുമായി മാതൃക ഒത്തുനോക്കിയിട്ടുണ്ട്. വ്യത്യസ്ത രാജ്യകൂട്ടങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. വ്യാജപരീക്ഷണങ്ങളും മറ്റുവിധ പരിശോധനകളും നടത്തിയിട്ടുണ്ട്. കണക്കുകളും പുനരാവർത്തിക്കാനുള്ള നിർദേശങ്ങളും ഗവേഷകർ പൊതുവായി ലഭ്യമാക്കിയിട്ടുമുണ്ട്. അതുകൊണ്ട് ഇത് മോദി സർക്കാരിനെക്കുറിച്ചുള്ള മറ്റൊരു രാഷ്ട്രീയ അഭിപ്രായമെന്ന നിലയിൽ മാത്രം ഒഴിവാക്കാനാവില്ല.

‘വികസന നായകൻ’ എന്ന പ്രതിച്ഛായയ്ക്ക് കണക്കുകളുടെ ചോദ്യം

മോദി ഭരണത്തിന്റെ രാഷ്ട്രീയപ്രചാരണത്തിൽ ഏറ്റവും കൂടുതൽ ആവർത്തിക്കപ്പെട്ട വാക്ക് വികസനമാണ്. ലോകത്തിലെ വലിയ സമ്പദ്‌വ്യവസ്ഥ, അതിവേഗ വളർച്ച, പുതിയ ഇന്ത്യ, വിശ്വഗുരു, 5 ലക്ഷം കോടി ഡോളറിന്റെ സമ്പദ്‌വ്യവസ്ഥ, ഇതിനൊപ്പം അമൃതകാലവും വികസിത ഭാരതവും. എന്നാൽ പുതിയ പഠനം മറ്റു ചോദ്യങ്ങൾ മുന്നോട്ടുവെയ്ക്കുന്നു. ഇന്ത്യ വളർന്നോ എന്നല്ല, ഇന്ത്യയ്ക്ക് വളരാനായിരുന്നത്ര വളർന്നോ? ജനാധിപത്യം ഇപ്പോഴും നിലനിൽക്കുന്നുണ്ടോ എന്നല്ല, ഇന്ത്യയ്ക്ക് നിലനിർത്താനായിരുന്നത്ര ജനാധിപത്യം നിലനിന്നോ? ഈ 2 ചോദ്യങ്ങൾക്കും ഗവേഷകരുടെ ഉത്തരം ‘ഇല്ല’ എന്നാണ്.

2014ൽ ഇന്ത്യയ്ക്ക് മുന്നിലുണ്ടായിരുന്ന സാധാരണ വളർച്ചാപാത തുടരുകയായിരുന്നെങ്കിൽ ആളൊന്നിന് വരുമാനം കൂടുതലായേനെ. രാഷ്ട്രീയ അഴിമതി കുറവായേനെ. അഭിപ്രായസ്വാതന്ത്ര്യം കൂടുതലായേനെ. മതസ്വാതന്ത്ര്യം കൂടുതലായേനെ. നിയമത്തിനുമുന്നിലെ സമത്വവും ജനാധിപത്യ സ്ഥാപനങ്ങളുടെ ശക്തിയും മെച്ചമായേനെ എന്നാണ് പഠനത്തിന്റെ കണക്കുകൂട്ടൽ.

നഷ്ടമായത് പണം മാത്രമല്ല

1000 ഡോളർ എന്ന കണക്ക് ശ്രദ്ധ പിടിച്ചുപറ്റും. പക്ഷേ ഈ പഠനം പറയുന്ന ഏറ്റവും വലിയ നഷ്ടം അതല്ല. ഒരു രാജ്യത്തിന്റെ സമ്പത്ത് വീണ്ടും സൃഷ്ടിക്കാം. സാമ്പത്തികനയങ്ങൾ തിരുത്താം. വളർച്ചയുടെ വേഗം കൂട്ടാം. ജനാധിപത്യ സ്ഥാപനങ്ങൾ ഒരിക്കൽ ദുർബലമായാൽ അവ തിരിച്ചുപിടിക്കൽ അത്ര എളുപ്പമല്ല.

ഭരണകൂടത്തെ ചോദ്യംചെയ്യാനുള്ള സ്വാതന്ത്ര്യം, സ്വന്തം മതം ആചരിക്കാനുള്ള അവകാശം, സംഘടിക്കാനുള്ള സ്വാതന്ത്ര്യം, നിയമത്തിനു മുന്നിൽ തുല്യനാകാനുള്ള അവകാശം, ഭരണകൂടത്തെ നിയന്ത്രിക്കാൻ പാർലമെന്റിനും കോടതികൾക്കും കഴിയുന്ന സാഹചര്യം — ഇവയാണ് ഒരു റിപ്പബ്ലിക്കിന്റെ യഥാർഥ സമ്പത്ത്. അതിനാലാണ് ടെക്സസ് ടെക് പഠനം മോദി കാലത്തെക്കുറിച്ചുള്ള സാമ്പത്തിക കണക്കിനേക്കാൾ വലിയ രാഷ്ട്രീയചോദ്യം ഉയർത്തുന്നത്.

2014ൽ ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്തത് കൂടുതൽ സമ്പന്നമായ, കൂടുതൽ കാര്യക്ഷമമായ, അഴിമതികുറഞ്ഞ രാജ്യമാണെങ്കിൽ 10 വർഷത്തിനുശേഷം കണക്കുകൾ കാണിക്കുന്നത് എന്താണ്? കൂടുതൽ വരുമാനം ലഭിക്കേണ്ട ഇന്ത്യ പിന്നിലായി. അഴിമതി കുറയേണ്ടിടത്ത് സൂചകം ഉയർന്നു. കൂടുതൽ ജനാധിപത്യം വരേണ്ടിടത്ത് സ്വാതന്ത്ര്യം കുറഞ്ഞു.

‘നല്ല ദിവസങ്ങൾ’ എന്ന വാഗ്ദാനത്തിന്റെ കണക്കെടുപ്പിൽ ഗവേഷകർ കണ്ടെത്തിയത് അതുകൊണ്ടുതന്നെ മറ്റൊരു ഇന്ത്യയാണ്. മോദി ഉണ്ടാക്കിയ ഇന്ത്യ മാത്രമല്ല അത്. മോദിയില്ലായിരുന്നെങ്കിൽ ഉണ്ടാകുമായിരുന്ന ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ നഷ്ടപ്പെട്ട ഇന്ത്യ കൂടിയാണ്.


Promises, Promises: Governance and Growth in India under Modi and the BJP

COMMENT

Recent Articles

Related Articles

Special