എസ്.ഐ. ലൗലജൻ ടി.എസ്. ആയി മോഹൻലാൽ; ‘അതിമനോഹരം’ പുതിയ പോസ്റ്റർ പുറത്ത്

Follow the FOURTH PILLAR LIVE channel on WhatsApp 

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘അതിമനോഹരം’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. സബ് ഇൻസ്പെക്ടർ ലൗലജൻ ടി.എസ്. എന്ന കഥാപാത്രമായി പൊലീസ് വേഷത്തിൽ മോട്ടോർ ബൈക്കിലിരിക്കുന്ന മോഹൻലാലാണ് പോസ്റ്ററിലുള്ളത്. ഓണത്തോടനുബന്ധിച്ച് അണിയറപ്രവർത്തകർ പുറത്തുവിട്ട പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.

ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാനാണ് ചിത്രം നിർമിക്കുന്നത്. മോഹൻലാലിന്റെ അടുത്ത തിയേറ്റർ റിലീസായ ചിത്രം ഡിസംബർ 24ന് പ്രദർശനത്തിനെത്തുമെന്നും പുതിയ പോസ്റ്ററിലൂടെ പ്രഖ്യാപിച്ചിട്ടുണ്ട്.

ഏറെ ഇടവേളയ്ക്കുശേഷം ഒരു സാധാരണ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിൽ മോഹൻലാൽ എത്തുന്ന ചിത്രമാണ് ‘അതിമനോഹരം’. കുടുംബത്തെ ഏറെ സ്നേഹിക്കുന്ന ലൗലജൻ എന്ന സബ് ഇൻസ്പെക്ടറുടെ ഔദ്യോഗികജീവിതവും കുടുംബജീവിതവും കോർത്തിണക്കിയാണ് കഥ വികസിക്കുന്നത്. നിത്യജീവിതത്തിൽ കാണുകയും കേൾക്കുകയും ചെയ്യുന്ന സംഭവങ്ങളും കഥാപാത്രങ്ങളും ഉൾപ്പെടുത്തി യാഥാർഥ്യത്തോട് ചേർന്ന അവതരണമാണ് ചിത്രത്തിന്റേതെന്ന് അണിയറപ്രവർത്തകർ പറയുന്നു.
‘തുടരും’ എന്ന ചിത്രത്തിനു പിന്നാലെ മോഹൻലാൽ വീണ്ടും സാധാരണക്കാരനോട് ചേർന്നുനിൽക്കുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതും ‘അതിമനോഹര’ത്തിന്റെ പ്രത്യേകതയാണ്. ചിത്രീകരണം അവസാനഘട്ടത്തിലാണ്.

മീര ജാസ്മിനാണ് നായിക. മോഹൻലാൽ–മീര ജാസ്മിൻ കൂട്ടുകെട്ട് ഏറെ ഇടവേളയ്ക്കുശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രവുമാണിത്. ലാലു അലക്സ്, മനോജ് കെ.ജയൻ, മുകേഷ്, ജഗദീഷ്, ഇർഷാദ്, പ്രമോദ് വെളിയനാട്, സജീവൻ, ശ്രീനാഥ് ബാബു, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

‘ഇഷ്ക്’, ‘ആലപ്പുഴ ജിംഖാന’, ‘മഹാറാണി’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയാണ് തിരക്കഥ. ജേക്സ് ബിജോയ് സംഗീതവും ഷാജികുമാർ ഛായാഗ്രഹണവും നിർവഹിക്കുന്നു. വിവേക് ഹർഷനാണ് ചിത്രസംയോജനം. വിഷ്ണു ഗോവിന്ദ് ശബ്ദസംയോജനവും ഗോകുൽ ദാസ് കലാസംവിധാനവും റോണക്സ് സേവ്യർ ചമയവും നിർവഹിക്കുന്നു. മഷർ ഹംസയാണ് വസ്ത്രാലങ്കാരം.

ബിനു പപ്പു സഹസംവിധായകനും മിറാഷ് ഖാൻ മുഖ്യ സഹസംവിധായകനുമാണ്. അനസ് വി. സഹസംവിധായകനാണ്. അമൽ സി.സദർ നിശ്ചലചിത്രങ്ങൾ നിർവഹിക്കുന്നു. ജോമോൻ ജോയ് ചാലക്കുടിയാണ് നിർമാണനിർവാഹകൻ. എസ്സാൻ നിർമാണ ഏകോപനവും സുധർമൻ വള്ളിക്കുന്ന് നിർമാണനിയന്ത്രണവും നിർവഹിക്കുന്നു. പി.ആർ.ഒ. വാഴൂര്‍ ജോസ്.

സെൻട്രൽ പിക്ചേഴ്സാണ് ‘അതിമനോഹരം’ തിയേറ്ററുകളിലെത്തിക്കുന്നത്.

COMMENT

Recent Articles

Related Articles

Special