Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: ഇനി 8 മണിക്കൂറുകൊണ്ട് ബെംഗളൂർ എത്താം. എറണാകുളം-ബെംഗളൂരൂ വന്ദേഭാരത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്തു. വാരാണസിയിൽ നിന്ന് വീഡിയോ കോൺഫെറൻസിങിലൂടെയാണ് പ്രധാനമന്ത്രി ട്രെയിൻ ഫ്‌ലാഗ് ഓഫ് ചെയ്തത്. തുടർന്ന് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ നിന്ന് എറണാകുളം-ബെംഗളൂരു വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനയോട്ടം ആരംഭിച്ചു.ഉദ്‌ഘോടനയോട്ടത്തിൽ ജനപ്രതിനിധികൾ, മാധ്യമ പ്രവർത്തകർ, അധ്യാപകർ, കുട്ടികൾ, സോഷ്യൽ മീഡിയ ഇൻഫ്യുവൻസർമാർ തുടങ്ങിയ സുവനീർ ടിക്കറ്റുള്ളവർ മാത്രമാണ് യാത്രചെയ്യുന്നത്. നവംബർ 11-ന് എറണാകുളം-ബെംഗളൂരു വന്ദേഭാരത് ട്രെയിനിന്റെ സാധാരണ സർവ്വീസ് ആരംഭിക്കും. അതിനായുള്ള ബുക്കിങ് ശനിയാഴ്ച ഉച്ചയ്‌ക്കോ ഞായറാഴ്ച രാവിലെയോ തുടങ്ങും. എറണാകുളം-ബെംഗളൂരൂ എസി ചെയർ കാറിന് 1095 രൂപ വരെയും എസ് എക്‌സിക്യൂട്ടീവ് ചെയർ കാറിന് 2280 രൂപ വരെയും ആയിരിക്കും ടിക്കറ്റ് നിരക്ക്.
കേരളത്തിൽ തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലെ സ്റ്റോപ്പുകൾ കൂടാതെ കെ ആർ പുരം, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ ഉൾപ്പെടെ ആറ് സ്റ്റോപ്പുകൾ മാത്രമാണ് എറണാകുളം-ബെംഗളൂരൂ വന്ദേഭാരതിന് ഉണ്ടാവുക. അതിനാൽ, എറണാകുളത്ത് നിന്നും ബെംഗളൂരൂ വരെയുള്ള 630 കിലോമീറ്റർ ദൂരം എട്ട് മണിക്കൂർ 40 മിനിറ്റ് കൊണ്ടാണ് എത്തുന്നത്. ഈ പാതയിലൂടെയുള്ള ഏറ്റവും ദൈർഘ്യം കുറഞ്ഞ ട്രെയിനിൻ സർവീസാകും എറണാകുളം-ബെംഗളൂരൂ വന്ദേഭാരത്. എട്ട് കോച്ചുകളുള്ള ട്രെയിനിൽ 600 യാത്രക്കാർക്ക് ഒരു സമയം യാത്രചെയ്യാൻ കഴിയുന്ന രീതിയിലാണ് സജ്ജീകരിച്ചിട്ടുള്ളത്. എറണാകുളം സൗത്ത് സ്‌റ്റേഷനിൽ നിന്നാരംഭിക്കുന്ന എറണാകുളം-ബെംഗളൂരൂ വന്ദേഭാരത് ട്രെയിനിന്റെ ആഘോഷ ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മന്ത്രി പി രാജീവ് എന്നിവരും മറ്റ് ജനപ്രതിനിധികളും പങ്കെടുത്തു.





























