Follow the FOURTH PILLAR LIVE channel on WhatsApp
പത്തനംതിട്ട:ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻ തിരുവാഭരണ കമ്മീഷണർ കെ എസ് ബൈജുവിന് രണ്ട് കേസുകളിലും പങ്കെന്ന് എസ്‌ഐടി.
ദ്വാരപാലക പാളി, കട്ടിളപ്പാളി കേസുകളിൽ പങ്കുണ്ടെന്നാണ് എസ്‌ഐടിയുടെ നിഗമനം. ദ്വാരപാലക പാളികൾ കൈമാറുമ്പോൾ ബോധപൂർവം മാറിനിന്നതാണോ അത് മാറ്റിനിർത്തിയതാണോ എന്ന് എസ്‌ഐടി സംശയിക്കുന്നു. ഗൂഢാലോചനയും തട്ടിപ്പും ഇയാൾ അറിഞ്ഞിരുന്നെന്നും ദേവസ്വം സ്മിത്തിനെ വിവരം അറിയിക്കാത്തത് മനഃപൂർവമാണെന്നുമാണ് എസ്‌ഐടി നിഗമനം. കട്ടിളപ്പാളിയിലെ സ്വർണം ചെമ്പാക്കി എഴുതിയതിലും ബൈജുവിന് പങ്കുണ്ടെന്നാണ് വിവരം. ബൈജു അഴിമതിക്ക് കൂട്ടുനിന്നെന്ന് എസ്‌ഐടി കോടതിയെ അറിയിക്കും.കേസിലെ ഏഴാം പ്രതിയായാണ് കഴിഞ്ഞ ദിവസം ബൈജുവിനെ അറസ്റ്റ് ചെയ്തത്. 2019ൽ തിരുവാഭരണ കമ്മീഷണറായിരുന്നു ബൈജു. ബൈജുവിനെതിരെ നേരത്തെ ചില മൊഴികളും രേഖകളും ലഭിച്ചിരുന്നു. ദ്വാരപാലക ശിൽപ്പ പാളികൾ കൈമാറുന്ന സമയത്ത് ബൈജു സന്നിധാനത്ത് ഉണ്ടായിരുന്നില്ല. അത് ദുരൂഹമാണെന്ന് അന്വേഷണ സംഘം വിലയിരുത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കെ എസ് ബൈജുവിന്റെ അസാന്നിധ്യം ഗൂഢാലോചനയുടെ ഭാഗമായി ഉണ്ടായതാണെന്ന നിഗമനത്തിലേക്ക് എസ്ഐടി എത്തിയത്.
പാളികൾ കൈമാറുന്ന സമയത്ത് അതിന്റെ തൂക്കവും അളവും രേഖപ്പെടുത്തേണ്ടയാളാണ് തിരുവാഭരണ കമ്മീഷണർ. അദ്ദേഹം ഈ സമയത്ത് അവിടെ ഉണ്ടാകേണ്ടതായിരുന്നു. ഇതോടെ ഉണ്ണിക്കൃഷ്ണൻ പോറ്റിയുൾപ്പെടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. നേരത്തെ മുരാരി ബാബുവും ഡി സുധീഷ് കുമാറും കേസിൽ അറസ്റ്റിലായിരുന്നു. 2019 ജൂലൈയിലാണ് സ്വർണപ്പാളികൾ ശബരിമലയിൽ നിന്നും കൊണ്ടുപോയത്. ഈ സമയത്ത് മഹസറിൽ കെ എസ് ബൈജു ഒപ്പിട്ടിരുന്നില്ല
























