29 C
Trivandrum
Saturday, April 26, 2025

ആർ.എൻ.രവിക്ക് തിരിച്ചടി; ഗവർണറുടെ സമ്മേളനം തമിഴ്നാട് സർവകലാശാലകളിലെ വി.സിമാർ ബഹിഷ്കരിച്ചു

Follow the FOURTH PILLAR LIVE channel on WhatsApp 

ഊട്ടി: തമിഴ്നാട് ​ഗവർണർ ആർ.എൻ.രവിക്ക് കനത്ത തിരിച്ചടി. ഊട്ടിയിൽ ഗവർണർ വിളിച്ചുചേർത്ത സമ്മേളനം സംസ്ഥാനത്തിനു കീഴിലുള്ള സർവകലാശാലകളിലെ വൈസ് ചാൻസലർമാർ ബഹിഷ്കരിച്ചു. സുപ്രീം കോടതി വിധി തിരിച്ചടിയായതിന് പിന്നാലെ തമിഴ്നാട്ടിലെ സർവകലാശാലകളുടെ മേലുള്ള നിയന്ത്രണം പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ​ഗവർണർ സമ്മേളനം വിളിച്ചുചേർത്തത്.

സംസ്ഥാനത്തിനു കീഴിലുള്ള 21 സർവകലാശാലകളിൽ 6 എണ്ണത്തിൽ മാത്രമാണ് സ്ഥിരം വി.സിയുള്ളത്. ബാക്കിയുള്ളിടങ്ങളിൽ ആക്ടിങ് വി.സിയാണ് ചുമതല വഹിക്കുന്നത്. എന്നാൽ ഈ 21 സർവ്വകലാശാലകളിലെയും വി.സിമാരും ആക്ടിങ് വി.സിമാരും യോഗത്തിനെത്തിയില്ല

തമിഴ്‌നാട്ടിലെ 21 സർക്കാർ സർവകലാശാലകളിലെയും 9 സ്വകാര്യ സർവകലാശാലകളിലെയും വൈസ് ചാൻസലർമാരെയും 3 കേന്ദ്ര സർവകലാശാലകളിലെ വൈസ് ചാൻസലർമാരെയും സമ്മേളനത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചത്. ഐ.ഐ.ടി., ഐ.ഐ.എം., എൻ.ഐ.ടി. തുടങ്ങിയ കേന്ദ്ര സ്ഥാപനങ്ങളുടെ പ്രതിനിധികളെയും ക്ഷണിച്ചു. സർക്കാർ സർവകലാശാലകളിലെ വൈസ് ചാൻസലർമാർ പൂർണമായും സമ്മേളനം ബഹിഷ്കരിച്ചു. കേന്ദ്ര, സ്വകാര്യ സർവകലാശാലകളിൽ നിന്നുള്ളവരടക്കം 10 വൈസ് ചാൻസലർമാരും 5 രജിസ്ട്രാർമാരും ചില വകുപ്പു മേധാവികളും ഗവർണറുടെ യോഗത്തിനെത്തി.

തമിഴ്‌നാട് ഗവർണർ രവി കഴിഞ്ഞ 3 വർഷമായി ഊട്ടിയിൽ വൈസ് ചാൻസലർമാരുടെ സമ്മേളനം നടത്തിവരുന്നുണ്ട്. നാലാം വർഷമാണ് ഊട്ടിയിലെ ഗവർണറുടെ മാൻഷനിൽ വൈസ് ചാൻസലർമാരുടെ സമ്മേളനം നടക്കുന്നത്. 2 ദിവസമായാണ് സമ്മേളനം നടക്കുക. ഗവർണറുടെ അധ്യക്ഷതയിൽ നടന്ന യോഗം ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറാണ് ഉദ്ഘാടനം ചെയ്തത്. ‘ദേശീയ താൽപര്യങ്ങളെ കക്ഷി താൽപര്യങ്ങളുമായി ബന്ധിപ്പിക്കാൻ കഴിയില്ല. അത് എല്ലാറ്റിനുമുപരിയായിരിക്കണം. ഭീകരവാദം ഒരു ആഗോള ഭീഷണിയാണ്. അതിനെ ഒറ്റക്കെട്ടായി നേരിടാനാകണം’ –അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിൽ അവരവരുടെ ഭാഷക്കു പ്രഥമ പരിഗണന നൽകുന്നുണ്ടെന്നും ധൻകർ അവകാശപ്പെട്ടു.

തമിഴ്നാട് ​ഗവർണർ ആർ.എൻ.രവി അന്യായമായി തടഞ്ഞുവച്ചിരുന്ന 10 ബില്ലുകളും പാസാക്കിയതായി ഏപ്രിൽ 8ന് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരുന്നു. തമിഴ്നാട് നിയമസഭ അം​ഗീകാരത്തിനായി സമർപ്പിച്ച 10 ബില്ലുകളാണ് സുപ്രീം കോടതി പാസാക്കിയത്. ബില്ലുകൾ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി മാറ്റിവെയ്ക്കാനുള്ള തമിഴ്‌നാട് ഗവർണറുടെ തീരുമാനം നിയമവിരുദ്ധവും തെറ്റുമാണെന്നും സുപ്രീംകോടതി പറഞ്ഞു.

ഗവർണർമാരുടെ അധികാരത്തെക്കുറിച്ചുള്ള സുപ്രധാന വിധിന്യായത്തിലായിരുന്നു കോടതിയുടെ നിരീക്ഷണം. വൈസ് ചാൻസലറെ നിയമിക്കാനുള്ള ചുമതല ഗവർണറിൽ നിന്നു നീക്കുന്ന ബില്ലും പാസായവയിൽ ഉൾപ്പെടുന്നു. അതിനു പിന്നാലെയാണ് മുൻ വർഷങ്ങളിൽ ചെയ്ത പോലെ ഇക്കുറിയും ഗവർണർ വൈസ് ചാൻസലർമാരുടെ യോഗം വിളിച്ചത്. ഗവർണറുടെ യോഗത്തിൽ പങ്കെടുത്ത വൈസ് ചാൻസലർമാർക്കെതിരെ ഡി.എം.കെ. അടക്കമുള്ള കക്ഷികളുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം തുടങ്ങിയിട്ടുണ്ട്.

ഗവർണറുടെ യോഗത്തിൽ പങ്കെടുത്ത സ്ഥാപനങ്ങൾ

    1. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻ്റ്, തിരുച്ചിറപ്പള്ളി
    2. സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് തമിഴ്‌നാട്, തഞ്ചാവൂർ
    3. ഗാന്ധിഗ്രാം റൂറൽ യൂണിവേഴ്സിറ്റി, ഡിണ്ടിഗൽ
    4. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മദ്രാസ്, ചെന്നൈ
    5. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, തിരുച്ചിറപ്പള്ളി
    6. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി, ഡിസൈൻ ആൻഡ് മാനുഫാക്ചറിങ്, കാഞ്ചീപുരം
    7. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്‌നോളജി, ഓൺറപ്രണർഷിപ്പ് ആൻഡ് മാനേജ്‌മെൻ്റ്, തഞ്ചാവൂർ
    8. അവിനാശിലിംഗം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹോം സയൻസ് ആൻഡ് ഹയർ എഡ്യൂക്കേഷൻ ഫോർ വിമൻ, കോയമ്പത്തൂർ
    9. കലാസലിംഗം അക്കാദമി ഓഫ് റിസർച്ച് ആൻഡ് ഹയർ എഡ്യൂക്കേഷൻ, വിരുദുനഗർ
    10. ശ്രീ ചന്ദ്രശേഖരേന്ദ്ര സരസ്വതി വിശ്വ മഹാവിദ്യാലയ, കാഞ്ചീപുരം
    11. വെൽ ടെക് രങരാജൻ ഡോ. സഗുന്തല ആർ ആൻഡ് ഡി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി, ചെന്നൈ
    12. എസ്.ആർ.എം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി, ചെങ്കൽപ്പട്ട്
    13. ശിവ് നാടാർ യൂണിവേഴ്സിറ്റി, ചെന്നൈ
    14. സവീത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ ആൻഡ് ടെക്‌നിക്കൽ സയൻസസ്, ചെന്നൈ
    15. ഷൺമുഖ ആർട്‌സ്, സയൻസ്, ടെക്‌നോളജി ആൻഡ് റിസർച്ച് അക്കാദമി, തഞ്ചാവൂർ
    16. വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, വെല്ലൂർ
    17. അക്കാദമി ഓഫ് മാരിടൈം എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിങ്, ചെന്നൈ
    18. വിനായക മിഷൻ്റെ റിസർച്ച് ഫൗണ്ടേഷൻ, സേലം
    19. വെൽസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ടെക്നോളജി ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ് (വിസ്റ്റാസ്), ചെന്നൈ
    20. നൂറുൽ ഇസ്ലാം സെൻ്റർ ഫോർ ഹയർ എജ്യുക്കേഷൻ, കന്യാകുമാരി

Recent Articles

Related Articles

Special

Enable Notifications OK No thanks