Follow the FOURTH PILLAR LIVE channel on WhatsApp
കോട്ടയം: പത്രികാ സമർപ്പണം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ എൽ.ഡി.എഫും യു.ഡി.എഫിലും റിബൽ സ്ഥാർഥികൾ രംഗത്തെത്തി. തങ്ങളെ പരിഗണിച്ചില്ലെന്ന വാദമാണ് ഇവർ ഉയർത്തുന്നത്. ഇതിൽ ആദ്യം യു.ഡി.എഫ് സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയും പിന്നീട് പ്രചാരണം തുടങ്ങിയതോടെ ആ സീറ്റ് മുസ്ലീം ലീഗിന് നൽകിയെന്ന് ആരോപിച്ചു രംഗത്തു വന്നവരും ഉണ്ട്. സി.പി.എം ലോക്കൽ കമ്മിറ്റിയംഗവും കോൺഗ്രസ് പഞ്ചായത്തംഗവും റിബൽ സ്ഥാനാർഥികളൊയി രംഗത്തുണ്ട്. ചങ്ങനാശേരി പായിപ്പാട് പഞ്ചായത്ത് 11 ാം വാർഡിലാണു കോൺഗ്രസിന്റെ മണ്ഡലം ജനറൽ സെക്രട്ടറി ജോജി എം. ജോസഫ് റിബൽ സ്ഥാനാർഥിയായി മത്സരിക്കുന്നത്.
യു.ഡി.എഫ് സ്ഥാനാർഥിയായി ജോജി എം ജോസഫിനെ ആദ്യം പ്രഖ്യാപിച്ചിരുന്നു. തുടർന്നു ജോജി എം. ജോസഫ് വോട്ട് അഭ്യർഥനയും പ്രചരണ പരിപാടികൾ ആരംഭിക്കുകയും ഫ്ളക്സ് ബോർഡുകൾ അച്ചടിക്കുകയും ചെയ്തിരുന്നു. ഈ സീറ്റിനു വേണ്ടി യു.ഡി.എഫിലെ തന്നെ പ്രബലകക്ഷിയായ മുസ്ലിം ലീഗ് അവകാശവാദം ഉന്നയിക്കുകയായിരുന്നു. തുടർന്നു മുതിർന്ന നേതാവ് കെ.സി ജോസഫിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ 11 ാം വാർഡ് യു.ഡി.എഫ് മുസ്ലിം ലീഗിന് വിട്ടു നൽകുകയായിരുന്നു.
കോൺഗ്രസ് നേതൃനിരയിൽ പ്രവർത്തിച്ചുവരികയുമായിരുന്നു ജോജി എം ജോസഫിനു കഴിഞ്ഞവർഷവും പാർട്ടി സീറ്റ് നൽകിയിരുന്നില്ല. വോട്ടഭ്യർഥനയും പ്രചാരണ പരിപാടികളും തുടങ്ങിവെച്ചതിനെ തുടർന്നു സ്വതന്ത്രനായി വാർഡിൽ മത്സരിക്കുവാനാണു ജോജി ജോസഫിന്റെ തീരുമാനം. ചങ്ങനാശേരി തെങ്ങണായിൽ മറ്റൊരു ഐ.എൻ.ടി.യു സി. നേതാവ് റിബലായി മത്സരിക്കാൻ സാധ്യതയേറി. രമേശ് ചെന്നിത്തല ഇടപെട്ടിട്ടും സീറ്റു കിട്ടിയില്ലെന്നാണ് നേതാവ് പറയുന്നത്..
മുളക്കുളത്ത് എൽ.ഡി.എഫിലും യു.ഡി.എഫിലും ഭീഷണിയായി വിമത സ്ഥാനാർഥികൾ ഉണ്ട്. മുളക്കുളം പഞ്ചായത്തിലെ പതിനാലാം വാർഡിൽ സി.പി.എം. കീഴൂർ ലോക്കൽ കമ്മിറ്റി അംഗവും, 6-ാം വാർഡിൽ കോൺഗ്രസിന്റെ പഞ്ചായത്ത് അംഗവുമാണു മത്സര രംഗത്തുള്ളത്. മുന്നണി ധാരണ പ്രകാരം കേരള കോൺഗ്രസ് എമ്മിനു നൽകിയ 14-ാം വാർഡിലാണു സി.പി.എം. കീഴൂർ ലോക്കൽ കമ്മിറ്റി അംഗവും മുൻ പഞ്ചായത്ത് അംഗവുമായ ജോർജുകുട്ടി ആനക്കുഴിയാണു മത്സര രംഗത്തുള്ളത്. മുന്നണിയിലെ സീറ്റ് ധാരണ പ്രകാരം കേരള കോൺഗ്രസ് സ്ഥാനാർഥി ജോബി ജോസഫ് പ്രചരണം ആരംഭിച്ചിരുന്നു. 6-ാം വാർഡിൽ കോൺഗ്രസ് സ്ഥാനാർിക്ക് റിബലയാണ് നിലവിലെ പഞ്ചായത്ത് അംഗമായ കോൺഗ്രസിലെ എ കെ.ഗോപാലൻ വിമത സ്ഥാനാർഥിയായി മത്സരിക്കുന്നത്. അവിടെ കോൺഗ്രസിലെ തന്നെ ജിജിമോൻ മാത്യു പ്രചരണം ആരംഭിച്ചിരുന്നു.
വിമതരായി മത്സരിക്കുന്ന ഇരു സ്ഥാനാർത്ഥികളെയും നേതൃത്വം ഇടപെട്ടു പിന്മാറ്റാൻ ശ്രമിച്ചെങ്കിലും കൂട്ടാക്കുന്നില്ല, ഇതോടെ നേതൃത്വവും വെട്ടിലായിരിക്കുകയാണ്. കോട്ടയം കുറവിലങ്ങാട് യു.ഡി.എഫ് പിന്തുണയോടെ മത്സരിക്കാനിറങ്ങിയ ആശാ പ്രവർത്തകയായ സിന്ധുവിനെയും ബ്രാഞ്ച് സെക്രട്ടറിയായ ഭർത്താവിനെയും സിപിഎം പുറത്താക്കി. വീടിന് മുന്നിൽ നോട്ടീസ് പതിച്ചാണ് പുറത്താക്കൽ അറിയിച്ചത്. പാർട്ടിയിൽ നിന്ന് പുറത്താക്കിയതിനാൽ ഇനി കൈപ്പത്തി ചിഹ്നത്തിൽ വോട്ടു തേടുമെന്ന് സ്ഥാനാർഥിയായ സിന്ധു രവീന്ദ്രൻ പറയുന്നത്.
ആശാ പ്രവർത്തകരുടെ സമരത്തിൽ പങ്കെടുത്തതിനെ തുടർന്ന് പാർട്ടി നേതൃത്വവുമായി അകന്ന സിന്ധു, തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചതോടെയാണ് അച്ചടക്ക നടപടി നേരിട്ടത്.
പ്രചാരണ രംഗത്ത് സജീവമല്ലാതിരുന്ന ഭർത്താവിനെയും പുറത്താക്കിയെന്ന് സിന്ധു പറയുന്നു. പെട്ടെന്ന് മീറ്റിങ്ങ് കൂടി പിറ്റേ ദിവസം ഇവിടെ നോട്ടീസ് ഒട്ടിക്കുമ്പോഴാണ് പുറത്താക്കിയ വിവരം അറിയുന്നതെന്നും സിന്ധു രവീന്ദ്രൻ വ്യക്തമാക്കി. പാർട്ടിയിൽ നിന്ന് ആനുകൂല്യങ്ങൾ കൈപ്പറ്റിയെന്ന ആരോപണവും സിന്ധു നിഷേധിച്ചു.























