Follow the FOURTH PILLAR LIVE channel on WhatsApp
എ.ഐ.സി.സി സെക്രട്ടറിയായി മുൻ എംപിയും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമായ ടി.എൻ പ്രതാപനെ തെരെഞ്ഞെടുത്തു. കെ.എസ്.യുവിലൂടെ പൊതുരംഗത്ത് വന്ന ടി.എൻ പ്രതാപൻ യൂണിറ്റ് പ്രസിഡന്റ് മുതൽ സംസ്ഥാന വൈസ്പ്രസിഡന്റ് ഉൾപ്പെടെയുള്ള സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കോൺഗ്രസ് ബൂത്ത്, വാർഡ്, മണ്ഡലം, ബ്ലോക്ക്, ജില്ലാ കമ്മിറ്റികളുടെ പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചു. കെ.പി.സി.സി മെമ്പർ, സെക്രട്ടറി, വർക്കിങ് പ്രസിഡന്റ്, തുടങ്ങിയ ചുമതലകൾ വഹിച്ച ടിഎൻ പ്രതാപൻ ഇപ്പോൾ എ.ഐ.സി.സി അംഗം കൂടിയാണ്. മത്സ്യതൊഴിലാളി കോൺഗ്രസ് പ്രഥമ ദേശീയ അധ്യക്ഷനായിരുന്നു.
സ്കൂൾ പാർലമെന്റ് അംഗം, എംഎൽഎ, എംപി സ്ഥാനങ്ങളിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ടി.എൻ പ്രതാപൻ മത്സരിച്ച ഒരു തെരഞ്ഞെടുപ്പിലും പരാജയപ്പെട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്. 2001 മുതൽ 2011വരെ പഴയ നാട്ടികയിൽ നിന്നും 2011 മുതൽ 2016 വരെ കൊടുങ്ങല്ലൂരിൽ നിന്നുമാണ് നിയമസഭയിലെത്തിയത്. 2019ൽ തൃശൂരിൽ നിന്ന് ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തൃശൂർ ജില്ലയിലെ നാട്ടിക തളിക്കുളം സ്വദേശിയാണ്. ആറ് പുസ്തകങ്ങളുടെ രചയിതാവാണ്. കലാ-കായിക മേഖലകളിൽ മികച്ച സംഘാടകനായി അറിയപ്പെടുന്നു. രാഷ്ട്രീയത്തിന് അതീതമായി വലിയ സൗഹൃദവലയങ്ങളുള്ള പൊതുപ്രവർത്തകൻ കൂടിയാണ് പ്രതാപൻ.
























