Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: തിരുവനന്തപുരത്ത് ചികിത്സാ പിഴവ് മൂലം മരിച്ച കൊല്ലം സ്വദേശി വേണുവിന്റെ മരണത്തിൽ ഡോക്ടർക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ഭാര്യ സിന്ധു.
ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചത്. പൊലീസ് കൂടുതൽ അന്വേഷണം നടത്തണം. ക്രിയാറ്റിൻ ലെവൽ കൂടിയതിനാൽ ആൻജിയോഗ്രാം നടത്താനാവില്ലെന്ന ഡോക്ടർമാരുടെ വാദം തെറ്റാണെന്ന് ഇന്ന് പുറത്തായ റിപ്പോർട്ട് പ്രകാരം വ്യക്തമായിരുന്നു.
‘ക്രിയാറ്റിൻ ലെവലിൽ അസാധാരണമായ ഒന്നും തന്നെയുണ്ടായിരുന്നില്ല. ആൻജിയോഗ്രാം ചെയ്യാതിരുന്നതിന് പിന്നിൽ അവരുടെ പാളിച്ചകളാണ്. കൊല്ലത്തെ ആശുപത്രിയിൽ നിന്ന് അടിയന്തര ആൻജിയോഗ്രാം ചെയ്യണമെന്ന് പറഞ്ഞത് കൊണ്ടാണ് തിരുവനന്തപുരത്തേക്ക് എത്തിച്ചത്. തിങ്കളാഴ്ച ചെയ്യാം, ബുധനാഴ്ച ചെയ്യാം എന്ന് പറഞ്ഞ് അവരിങ്ങനെ നീട്ടിക്കൊണ്ടുപോയി. കൃത്യസമയത്ത് അവർ ചികിത്സ നൽകിയിരുന്നെങ്കിൽ അദ്ദേഹം ഞങ്ങളെ വിട്ടുപോകുമായിരുന്നില്ല.’ സിന്ധു പറഞ്ഞു.
പരാതിയുമായി മുന്നോട്ട് പോകുമെന്ന് തന്നെയാണ് തീരുമാനം. ക്രിയാറ്റിന്റെ അളവ് കൃത്യമായിരുന്നുവെന്ന് തെളിയിക്കുന്ന കണക്കുകൾ എന്റെ കയ്യിലുണ്ട്. അവരുടെ ഭാഗം ന്യായീകരിച്ച് സംസാരിക്കാൻ പാടില്ലായിരുന്നു. ഒരാൾക്കും ഇത്തരമൊരു അവസ്ഥ ഉണ്ടാകാൻ പാടില്ല. സർക്കാരിന്റെ ഭാഗത്ത് നിന്ന് ആരും സംസാരിച്ചിട്ടില്ലെന്നും കുറ്റക്കാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
നേരത്തെ, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാ വീഴ്ച ഉണ്ടായെന്നും ഭർത്താവിനെ കൊന്നതാണെന്നുമാവർത്തിച്ച് മരിച്ച വേണുവിൻറെ ഭാര്യ സിന്ധു രംഗത്തെത്തിയിരുന്നു. എന്നാൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കാർഡിയോളജി വിഭാഗം മേധാവി ഡോക്ടർ മാത്യു ഐപ്പ് പറഞ്ഞു. സംഭവത്തിൽ നടത്തിയ അന്വേഷണത്തിലാണ് അധികൃതരുടെ വാദം തെറ്റാണെന്ന് തെളിഞ്ഞത്.
























