Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡൽഹി: മധ്യപ്രദേശിലെ ഉജ്ജെയ്നിൽ ഭൂമി ഏറ്റെടുത്തതിനെത്തുടർന്ന് പൊളിച്ച പള്ളി പുനർനിർമിക്കാൻ നിർദേശം നൽകണമെന്ന ആവശ്യം നിരസിച്ച ഹൈകോടതി ഉത്തരവിനെതിരെ സമർപ്പിച്ച ഹർജി സുപ്രിംകോടതി തള്ളി. 200 വർഷം പഴക്കമുണ്ടെന്ന് കരുതുന്ന ‘തകിയ മസ്ജിദ്’ കഴിഞ്ഞ ജനുവരിയിലാണ് പൊളിച്ചത്. മഹാകാലേശ്വർ ക്ഷേത്രത്തിന് സമീപത്തെ മഹാകാൽ ലോക് ഇടനാഴിയുടെ പാർക്കിങ് സ്ഥലം വികസിപ്പിക്കുന്നതിനാണ് അധികൃതർ ഭൂമി ഏറ്റെടുത്തത്.
പള്ളി പുനർനിർമിക്കണമെന്ന ഹരജി ഒക്ടോബർ ഏഴിന് മധ്യപ്രദേശ് ഹൈകോടതി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. ഇതിനെതിരായാണ് 13 ഹരജിക്കാർ, സുപ്രിംകോടതിയെ സമീപിച്ചത്. 1985ൽ പള്ളിയെ വഖഫ് സ്വത്തായി പ്രഖ്യാപിച്ചിരുന്നുവെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ, ഏറെ വൈകിപ്പോയെന്നും ഒന്നും ചെയ്യാനാവില്ലെന്നും വ്യക്തമാക്കിയാണ് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് ഹരജി തള്ളിയത്.
എല്ലാ നടപടിക്രമങ്ങളും പാലിച്ച് നഷ്ടപരിഹാരം നൽകിയാണ് ഭൂമി ഏറ്റെടുത്തതെന്ന് അധികൃതർ ഹൈകോടതിയെ അറിയിച്ചിരുന്നു.





























