Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡൽഹി: ഗാന്ധി കുടുംബത്തിനെതിരെയുള്ള കോൺഗ്രസ് പ്രവർത്തക സമിതി അംഗവും മുതിർന്ന നേതാവുമായ ശശി തരൂരിന്റെ ലേഖനത്തിൽ ഹൈക്കമാൻഡിന് അതൃപ്തി. ലേഖനം വന്നതിന് പിന്നാലെ കോൺഗ്രസ് നേതാക്കൾ പരസ്യമായി രംഗത്ത് വന്നിരുന്നു. അതേസമയം തെരഞ്ഞെടുപ്പ് കാലത്ത് പ്രകോപന പരാമർശങ്ങൾ ഒഴിവാക്കണമെന്നാണ് ഹൈക്കമാൻഡിന്റെ നിലപാട്. കുടുംബ പശ്ചാത്തലം കാട്ടി ആരെയും തടയാനാകില്ലെന്നാണ് നേതാക്കൾ വ്യക്തമാക്കിയത്. കുടുംബവാഴ്ചയാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭീഷണിയെന്നായിരുന്നു തരൂരിന്റെ പരാമർശം. കുടുംബ വാഴ്ചക്ക് പ്രചോദനമായത് നെഹ്‌റു കുടുംബമെന്നും തരൂർ എഴുതിയിരുന്നു. സംഭവം വലിയ രീതിയിൽ ചർച്ചയായതോടെയാണ് ഹൈക്കമാൻഡ് അതൃപ്തി അറിയിച്ചത്.
ഇന്ത്യൻ രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയെക്കുറിച്ച് പ്രൊജക്റ്റ് സിൻഡിക്കേറ്റിൽ എഴുതിയ ലേഖനത്തിലായിരുന്നു ശശി തരൂരിന്റെ വിമർശനം. നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ സ്വാധീനം രാഷ്ട്രീയ നേതൃത്വം ഒരു ജന്മാവകാശമാണെന്ന ധാരണയ്ക്ക് അടിത്തറയിടുന്നതാണെന്നായിരുന്നു തരൂർ എഴുതിയത്. കുടുംബവാഴ്ചയ്ക്ക് പകരം കഴിവിനെ അംഗീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ജവഹർലാൽ നെഹ്‌റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര എന്നിവരുൾപ്പെടുന്ന നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ സ്വാധീനം ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രവുമായി ഇഴ ചേർന്നിരിക്കുന്നതാണ്. എന്നാൽ, രാഷ്ട്രീയ നേതൃത്വം ഒരു ജന്മാവകാശമാണെന്ന ധാരണയ്ക്ക് ഇത് അടിത്തറയിട്ടു. ഈ ആശയം ഇന്ത്യയിലെ എല്ലാ പാർട്ടികളിലും എല്ലാ പ്രദേശങ്ങളിലും എല്ലാ തലത്തിലുമുള്ള രാഷ്ട്രീയത്തിലും വ്യാപിച്ചുകഴിഞ്ഞിരിക്കുന്നുവെന്നും തരൂർ പറഞ്ഞിരുന്നു.




























