29 C
Trivandrum
Friday, October 24, 2025

ശബരിമല സ്വർണക്കടത്ത് കേസ് : നടന്നത് വൻ ​ഗൂഢാലോചന

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: ശബരിമല സ്വർണക്കടത്ത് കേസിൽ നടന്നത് വമ്പൻ ​ഗൂഢാലോചനയെന്ന് എസ്‌ഐടി റിപ്പോർട്ട് നൽകും. ആദ്യ അന്വേഷണ പുരോഗതി റിപ്പോർട്ടാണ് എസ്‌ഐടി ഇന്ന് കോടതിയിൽ സമർപ്പിക്കുന്നത്. സ്‌പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയും കൂട്ടാളികളും നടത്തിയ ഗൂഢാലോചനയെക്കുറിച്ച് റിപ്പോർട്ടിലുണ്ടാകും. സംസ്ഥാനത്തിന് പുറത്ത് സ്വർണ്ണം വിറ്റെന്ന സംശയവും റിപ്പോർട്ടിൽ സൂചിപ്പിക്കും.

ആദ്യ അന്വേഷണ പുരോഗതി റിപ്പോർട്ടിൽ നിർണായക വിവരങ്ങളുണ്ടെന്നാണ് സൂചന. സ്വർണം എന്ത് ചെയ്തുവെന്നും റിപ്പോർട്ടിലുണ്ടാകും. ഇന്നലെയും ഇന്നുമായി നിരവധിപ്പേരെ എസ്‌ഐടി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. മറ്റ് സ്‌പോൺസർമാരെയും വിളിച്ചുവരുത്തി ചോദ്യം ചെയ്‌തെന്ന വിവരവും പുറത്ത് വരുന്നുണ്ട്. മഹസറിൽ ഒപ്പിട്ട ആർ രമേശ് അടക്കമുള്ളവരെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്.ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്‌മണ്യത്തെ രണ്ടാം ദിനവും ചോദ്യം ചെയ്യും. പല ചോദ്യങ്ങൾക്കും അനന്തസുബ്രഹ്‌മണ്യം മറുപടി നൽകിയെന്നാണ് വിവരം. അതേസമയം ശബരിമലയിലെ സ്വർണക്കൊള്ള കേസിൽ ഹൈക്കോടതിയിലെ നടപടികൾ ഇന്ന് മുതൽ അടച്ചിട്ട കോടതി മുറിയിലാണ് നടക്കുക. ഹൈക്കോടതി രജിസ്ട്രാർ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.

ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് രണ്ട് കേസുകളായിരുന്നു പ്രത്യേക അന്വേഷണ സംഘം രജിസ്റ്റർ ചെയ്തിരുന്നത്. ദ്വാരപാലക ശിൽപത്തിലെ സ്വർണമോഷണവും കട്ടിളപ്പാളിയിലെ സ്വർണമോഷണവും രണ്ട് കേസുകളായാണ് രജിസ്റ്റർ ചെയ്തത്. രണ്ട് കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയാണ് ഒന്നാം പ്രതി. ദ്വാരപാലക ശിൽപത്തിലെ സ്വർണമോഷണത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പുറമേ ഒൻപത് പേരെയാണ് പ്രതിചേർത്തത്. ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ അസിസ്റ്റന്റ് എഞ്ചിനീയർ സുനിൽ കുമാർ, മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി സുധീഷ് കുമാർ, മുൻ ദേവസ്വം സെക്രട്ടറി ആർ ജയശ്രീ, മുൻ തിരുവാഭരണ കമ്മീഷണർ കെ എസ് ബൈജു , മുൻ തിരുവാഭരണ കമ്മീഷണർ ആർ ജി രാധാകൃഷ്ണൻ, മുൻ എക്സിക്യൂട്ടീവ് ഓഫീസർ രാജേന്ദ്ര പ്രസാദ്, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ രാജേന്ദ്രൻ നായർ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാർ എന്നിവർക്കെതിരെയാണ് കേസെടുത്തത്.കട്ടിളപ്പാളിയിലെ സ്വർണമോഷണത്തിൽ എട്ട് പേരാണ് പ്രതികൾ. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് കൽപേഷ്, 2019 ലെ ദേവസ്വം കമ്മീഷണർ, എ പത്മകുമാർ പ്രസിഡന്റായിരുന്ന 2019ലെ തിരുവിതാംകൂർ ദേവസ്വം ഭരണസമിതി എന്നിങ്ങനെയായിരുന്നു പ്രതികൾ. കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി ഇപ്പോൾ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണ്. കേസിൽ ഒക്ടോബർ 17നായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പത്ത് മണിക്കൂറോളം നീണ്ട വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Recent Articles

Related Articles

Special

Enable Notifications OK No thanks