Follow the FOURTH PILLAR LIVE channel on WhatsApp
തിരുവന്തപുരം: ലാവലിൻ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് സമൻസ് അയച്ച സംഭവം വ്യാജമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഒരു പത്രം പൊയ് വെടിയുമായി വരുകയായിരുന്നെന്നും അതിന് പിന്നാലെ ബിജെപിയും കോൺഗ്രസും രംഗത്തെത്തുകയാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
വാർത്തയോടൊപ്പം നൽകിയ ഇഡി സമൻസിൽ വ്യാജം മണക്കുന്നു. ലാവലിൻ കേസിലാണ് സമൻസ് എന്ന് ഒക്ടോബർ 14ന് പത്രം റിപ്പോർട്ട് ചെയ്തു. എന്നാൽ അതേ റിപ്പോർട്ടിന്റെ ഹൈലൈറ്റ്സിൽത്തന്നെ മുഖ്യമന്ത്രിയുടെ മകൻ വിവേകിനെ വിളിപ്പിച്ചത് ലൈഫ് മിഷൻ കേസിലാണെന്നും പറയുന്നു. സ്വയം ബോധ്യമില്ലാത്ത കാര്യം അന്വേഷണാത്മകവാർത്തയെന്ന വ്യാജേന അവതരിപ്പിക്കാനായാണ് പത്രം ശ്രമിക്കുന്നതെന്നും ഗോവിന്ദൻ വിമർശിച്ചു. സമൻസിൽ രേഖപ്പെടുത്തിയ കേസ് നമ്പർ ലാവ്ലിനുമായി ബന്ധപ്പെട്ടുള്ളതാണെങ്കിലും വിവേകിനോട് ഹാജരാകാൻ ആവശ്യപ്പെട്ട ദിവസം ഇഡി നടത്തിയിരുന്ന അന്വേഷണം ലൈഫ് മിഷൻ കേസുമായി ബന്ധമുള്ളതായിരുന്നെന്നാണ് ഒക്ടോബർ 15 ലെ വാർത്തയിൽ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബർ 11ന്റെ വാർത്തയോടൊപ്പം നൽകിയ സമൻസിന്റെ പകർപ്പിൽ നമ്പരും വിലാസവും വ്യക്തമാകുംവിധം വലുതായി കൊടുത്തപ്പോൾ, 14ന് പ്രസിദ്ധീകരിച്ച വിലാസമില്ലാത്ത സമൻസ് അവ്യക്തമായാണ് കൊടുത്തത്. വാർത്തകൊണ്ട് ജനങ്ങളുടെ മനസ്സിൽ വിഷം നിറയ്ക്കാൻ കഴിയുമെന്ന ഗീബൽസിന്റെ തന്ത്രമാണ് പത്രം പയറ്റുന്നത്. കുറച്ചുപേരെ വിശ്വസിപ്പിക്കാൻ കഴിഞ്ഞാൽ അത്രയുമായി എന്ന രീതിയിലിട്ട നുണബോംബാണിത്. പിണറായിയെക്കുറിച്ചും മക്കളെക്കുറിച്ചും എന്തും എഴുതാം, ഇത് മാധ്യമസ്വാതന്ത്ര്യം നിലനിൽക്കുന്ന സംസ്ഥാമാണിതെന്നും ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ എം.വി ഗോവിന്ദൻ പറയുന്നു.