Follow the FOURTH PILLAR LIVE channel on WhatsApp
ആലപ്പുഴ: മന്ത്രി സജി ചെറിയാനെ രൂക്ഷമായി വിമർശിച്ച് മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരൻ. സജി തന്നെ ഉപദേശിക്കാനായിട്ടില്ലെന്നും സൂക്ഷിച്ച് സംസാരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സജി ചെറിയാന് അതിനുള്ള പ്രായവും പക്വതയുമായിട്ടില്ല. ആരോടാണെന്ന് ഓർക്കണം. തന്നെ പുറത്താക്കാൻ സജി ചെറിയാൻ ശ്രമിച്ചു. തന്നോട് മത്സരിച്ചവരാരും ജയിച്ചിട്ടില്ല. എന്നും പാർട്ടിക്കൊപ്പമാണ്. സജി ചെറിയാനെതിരെ പാർട്ടി നടപടി എടുക്കണം. പാർട്ടി നശിക്കാൻ പാടില്ല. പാർട്ടി നയം അനുസരിച്ചാണ് പ്രവർത്തനം. പുന്നപ്ര വയലാറിന്റെ മണ്ണിൽ നിന്നുകൊണ്ടാണിത് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. എ കെ ബാലനെ പോലെ തനിക്ക് മാറേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.സജി ചെറിയാന്റെ പ്രതികരണം ഇങ്ങനെയായിരുന്നില്ല വരേണ്ടത്. തന്നെ ആക്രമിച്ചവരോട് പാർട്ടിയോട് ചേർന്ന് പോകാൻ പറയുകയാണോ വേണ്ടത്. ബാലനെയോ സജി ചെറിയാനെയോ സെമിനാറിൽ വിളിക്കാത്തതിൽ താൻ ആണോ ഉത്തരവാദി. രാഷ്ട്രീയ ഗുണ്ടാ സംഘങ്ങളുടെ ഒരു ചെറിയ ഗ്രൂപ്പ് ആലപ്പുഴയിലുണ്ട്. സജി ചെറിയാൻ വന്ന് നോക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജി സുധാകരന്‍ പാര്‍ട്ടിയുമായി ചേര്‍ന്ന് പോകണമെന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ ഉപദേശം. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തിക്കണം. പ്രശ്‌നങ്ങള്‍ തുറന്നമനസ്സോടെ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും സജി ചെറിയാന്‍ പറഞ്ഞിരുന്നു. തനിക്കെതിരായ സൈബര്‍ ആക്രമണത്തിന് പിന്നില്‍ പാര്‍ട്ടിയിലെ ചിലരാണെന്ന ജി സുധാകരന്റെ ആരോപണത്തോടായിരുന്നു മന്ത്രിയുടെ പ്രതികരണം.