Follow the FOURTH PILLAR LIVE channel on WhatsApp
ചെന്നൈ: തമിഴ്‌നാട്ടിൽ എൻഡിഎ മുന്നണിക്ക് വീണ്ടും തിരിച്ചടി. എഎംഎംകെ എൻഡിഎ മുന്നണി വിടുന്നതായി വിവരങ്ങൾ പുറത്ത്. ജനറൽ സെക്രട്ടറി ടിടിവി ദിനകരൻ തീരുമാനം പ്രഖ്യാപിച്ചത്.ഭാവി പദ്ധതികൾ ഡിസംബറിൽ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം എഎംഎംകെ വിജയ്‌യുടെ പാർട്ടിയുമായാണ് കൂട്ടുകെട്ടിന് ഒരുങ്ങുന്നതെന്ന റിപ്പോർട്ടുകളും സജീവമാണ്.
2026 ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തീരുമാനം ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ മുന്നണിക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. ഒ പനീർ ശെൽവം വിഭാഗം എൻഡിഎ വിട്ടതിന് പിന്നാലെയാണ് ദിനകരനും ഈ നിർണായക തീരുമാനം പ്രഖ്യാപിച്ചത്. കൂടുതൽ പാർട്ടികളെ എൻഡിഎയിൽ ഉൾപ്പെടുത്താൻ ശ്രമിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തമിഴ്നാട് ബിജെപി നേതാക്കളോട് പറഞ്ഞതിന് പിന്നാലെയാണ് ദിനകരന്റെ പാർട്ടി വിടൽ പ്രഖ്യാപനം.
‘എൻഡിഎയിൽ നിന്ന് പുറത്തുപോകണമെന്നാവശ്യപ്പെട്ട് നിരവധി പ്രവർത്തകരാണ് തന്നെ സമീപിച്ചത്. ഇതൊരു സാഹസിക തീരുമാനമല്ല, നന്നായി ആലോചിച്ചെടുത്ത തീരുമാനമാണ്. നമ്മൾ ബഹുമാനിക്കപ്പെടാതിരിക്കുമ്പോഴും ഒരു സ്ഥലത്ത് നമ്മുടെ ആവശ്യം ഇല്ലെങ്കിലും പുതിയ പാത രൂപപ്പെടുത്തണം. അതാണ് ഇപ്പോൾ ചെയ്തതും”- ഇങ്ങനെയായിരുന്നു ദിനകരന്റെ വാക്കുകൾ. തമിഴ്‌നാട്ടിൽ സ്വാധീനമുള്ള തേവർ സമുദായത്തിൽ നിർണായക സ്വാധീനമുള്ള നേതാവാണ് ദിനകരൻ.