Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: വ്യവസായിക മേഖലയിൽ കേരളം കുതിച്ചുചാട്ടത്തിൽ, പക്ഷേ, പ്രതിപക്ഷം സംസ്ഥാനത്തിന്റെ ശത്രുക്കളെപ്പോലെ പെരുമാറുന്നുവെന്ന് മന്ത്രി പി.രാജീവ്. ഇടപ്പള്ളിയിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 22,125 കോടിയുടെ നിക്ഷേപം സംസ്ഥാനത്തുണ്ടായി. 344,848 പുതിയ സംരംഭങ്ങൾ ആരംഭിച്ചു. 7,31,264 തൊഴിൽ നൽകി. ഈ വസ്തുത ആർക്കുവേണമെങ്കിലും വ്യവസായവകുപ്പ് വെബ്സൈറ്റിൽ പരിശോധിക്കാം. തിങ്കളാഴ്ച പ്രതിപക്ഷ നേതാവ് നടത്തിയ പത്രസമ്മേളനം ശശി തരൂരിനുള്ള മറുപടിയാണ്. കോൺഗ്രസിലെ തർക്കം സംസ്ഥാനത്തെ ബാധിക്കാൻ പാടില്ല -മന്ത്രി പറഞ്ഞു
3 ലക്ഷം വ്യവസായ സംരംഭങ്ങൾ തുടങ്ങിയാൽ 30,000 കോടി രൂപയുടെ വളർച്ചയെങ്കിലും സംസ്ഥാനത്തുണ്ടാകണമെന്ന പ്രതിപക്ഷ നേതാവിന്റെ വാദം സാമ്പത്തിക ശാസ്ത്രത്തിന്റെ അടിസ്ഥാനതത്ത്വം മറന്നതുകൊണ്ടായിരിക്കുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. 10 കോടി നിക്ഷേപം വന്നാൽ 10 കോടി നേരേ ജി.ഡി.പി.യിലേക്ക് കണക്കാകില്ല.
2022-ലും 2023-ലും തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജി.ഡി.പി. വിഹിതം ഏറ്റവും കുറഞ്ഞ സംസ്ഥാനമായിരുന്നു കേരളമെന്ന നിലപാടും സംസ്ഥാനത്തിന്റെ ശത്രുവെന്ന നിലയിലാണ്. കേരളത്തെ സ്നേഹിച്ചിരുന്നുവെങ്കിൽ 1.18 ശതമാനത്തിൽനിന്നും കേരളം 3.8 ശതമാനം ജി.ഡി.പി. സംഭാവന നൽകിയെന്ന് അദ്ദേഹത്തിന് കാണാനാകും. അതായത് അകെ വിസ്തൃതിയുടെ 3.22 മടങ്ങ് ജി.ഡി.പി. സംഭാവനചെയ്തു. ഇത് മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെക്കാൾ വളരെ കൂടുതലാണ്.
ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ കേരളം ഒന്നാമതാണെന്നതും 2021 ഈ സൂചിക ലോക ബാങ്ക് നിർത്തലാക്കിയെന്നുള്ള വാദവും വസ്തുതയല്ല. ലോക ബാങ്കിന്റെ സൂചികയുടെയല്ല, പരിഷ്കരിച്ച ബിസിനസ് റിഫോം ആക്‌ഷൻ പ്ലാൻ അടിസ്ഥാനത്തിലാണ് ഈസ് ഓഫ് ഡൂയിങ് ബിസിനസ് വിലയിരുത്തുന്നത്. കഴിഞ്ഞ വർഷങ്ങളിൽ ഈ സൂചികയിൽ കേരളം പുറകിലായപ്പോൾ ആർക്കും പരാതിയില്ലായിരുന്നു. പക്ഷേ, ഇപ്പോൾ ഒന്നാംസ്ഥാനം നേടിയപ്പോൾ ആരോപണം ഉയർത്തുന്നുവെന്നും മന്ത്രി പറഞ്ഞു.
Discover more from Fourth Pillar
Subscribe to get the latest posts sent to your email.































