കണ്ണൂർ: എ.ഡി.എം. ആയിരുന്ന നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യക്ക് ജാമ്യമില്ല. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കെ.ടി.നിസാർ അഹമ്മദാണ് ഹർജി പരിഗണിച്ചത്. കോടതി ചേർന്നയുടനായിരുന്നു ഉത്തരവ്. ജാമ്യം തള്ളി എന്ന ഒറ്റവാക്യത്തിലാണ് കോടതിയുടെ പ്രസ്താവം.
ഈ മാസം 15നായിരുന്നു പത്തനംതിട്ട മലയാലപ്പുഴ താഴംകാരുവള്ളിൽ നവീൻ ബാബുവിനെ കണ്ണൂരിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. കണ്ണൂരിൽ നിന്ന് സ്ഥലംമാറ്റം ലഭിച്ച് പത്തനംതിട്ടയിൽ ചുമതലയേൽക്കാനിരിക്കെയാണ് പള്ളിക്കുന്നിലെ ക്വാർട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
ശ്രീകണ്ഠാപുരത്തിനടുത്ത് നിടുവാലൂർ ചേരന്മൂലയിൽ പെട്രോൾ പമ്പ് അനുവദിക്കുന്നതിന് നിരാക്ഷേപപത്രം നൽകുന്നതുമായി ബന്ധപ്പെട്ട് നവീൻ ബാബുവിനെതിരെ ദിവ്യ ആരോപണം ഉന്നയിച്ചിരുന്നു. നവീൻ ബാബുവിനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചത് യാത്രയയപ്പ് യോഗത്തിലെ ദിവ്യയുടെ ഈ ആരോപണമാണെന്നാണ് കേസ്.
നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെയെടുത്ത കേസിൽ ദിവ്യ മാത്രമാണ് പ്രതി. ആത്മഹത്യാ പ്രേരണക്കുറ്റമാണ് പൊലീസ് ദിവ്യക്കെതിരെ ചുമത്തിയത്.