Follow the FOURTH PILLAR LIVE channel on WhatsApp
ഒരു കാട്ടാനയെയും കാടിനെ ആശ്രയിച്ച് ജീവിക്കുന്ന ആദിവാസി സമൂഹത്തിന്റെ ജീവിതത്തെയും പോരാട്ടങ്ങളെയും പ്രമേയമാക്കി ഒരുക്കുന്ന തമിഴ് ചിത്രം ‘അരികൊമ്പൻ’ ടീസർ പുറത്തിറങ്ങി. യഥാർഥ സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രത്തിന്റെ ടീസർ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.
മലയാള ചിത്രം ‘ട്രാഫിക്’ന്റെ തമിഴ് പതിപ്പിൽ ആസിഫ് അലി അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിച്ച മിഥുൻ മഹേശ്വരനാണ് ‘അരികൊമ്പൻ’ സംവിധാനം ചെയ്യുന്നതും നായകനായി അഭിനയിക്കുന്നതും. ‘എങ്കെയും എപ്പോതും’, ‘ചെന്നൈയിൽ ഒരു നാൾ’, ‘എങ്കക്കാട്ടുല മഴൈ’, ‘ചിക്കികു ചിക്കികിച്ചു’, ‘കോക്ക്ടെയിൽ’, ‘യുദ്ധസത്തം’ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും മിഥുൻ മഹേശ്വരൻ അഭിനയിച്ചിട്ടുണ്ട്.
കാടിനെയും വന്യജീവികളെയും ആശ്രയിച്ചുള്ള ജീവിതത്തിനിടയിൽ ആദിവാസി സമൂഹം നേരിടുന്ന സംഘർഷങ്ങളും പ്രതിസന്ധികളും വൈകാരിക മുഹൂർത്തങ്ങളും ആക്ഷനും ചേർത്താണ് ചിത്രം ഒരുക്കുന്നത്. ‘സുമേഷ് & രമേഷ്’ എന്ന മലയാള ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ദേവിക കൃഷ്ണൻ ‘അരികൊമ്പൻ’ വഴി തമിഴിൽ നായികയായി അരങ്ങേറ്റം കുറിക്കുന്നു.

രാജേഷ് പിള്ളയുടെ ‘ട്രാഫിക്’ ഹിന്ദി പതിപ്പ്, ‘മിലി’, ‘വേട്ട’, ‘ജമുനാപ്യാരി’, ‘അം അ:’ തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകനായ അനീഷ് ലാൽ ആർ.എസ്. ഈ ചിത്രത്തിലൂടെ തമിഴിൽ ഛായാഗ്രാഹകനായി അരങ്ങേറ്റം കുറിക്കുന്നു. പി.ആർ.ഒ. അജയ് തുണ്ടത്തിൽ.
തമിഴ്നാട്ടിലെ പച്ചൈമല, കൊല്ലിമല മേഖലകളിലെ രണ്ട് മലയോര ഗ്രാമങ്ങളുടെ സ്വാഭാവിക പശ്ചാത്തലത്തിലാണ് ചിത്രീകരണം നടത്തിയിരിക്കുന്നത്. പ്രകൃതിയും മനുഷ്യജീവിതവും തമ്മിലുള്ള ബന്ധവും സംഘർഷവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയങ്ങളിലൊന്ന്.
ഡിസംബർ 11ന് ‘അരികൊമ്പൻ’ ലോകമെമ്പാടും ചിത്രം റിലീസ് ചെയ്യും.

























