രാവണപ്പാട്ടിൽ മോഹൻലാൽ; ‘അതിമനോഹരം’ ആദ്യ വീഡിയോ ഗാനം

Follow the FOURTH PILLAR LIVE channel on WhatsApp 

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘അതിമനോഹരം’ എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. കേരളപ്പിറവി ദിനത്തിൽ ‘മായാരാവണനേ… മന്മഥമോഹനസുന്ദരനേ…’ എന്നു തുടങ്ങുന്ന ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടത്.

ഹരിനാരായണന്റെ വരികൾക്ക് ജെയ്ക്സ് ബിജോയ് സംഗീതം നൽകിയ ഗാനം എം.ജി.ശ്രീകുമാറാണ് ആലപിച്ചിരിക്കുന്നത്. രാവണനെയും ലങ്കയെയും പരാമർശിക്കുന്ന വരികളും ആഘോഷസ്വഭാവമുള്ള ഈണവുമാണ് ഗാനത്തിന്റെ പ്രത്യേകത.

ചിത്രത്തിലെ പൊലീസ് പശ്ചാത്തലമുള്ള രംഗങ്ങൾക്കൊപ്പം കുടുംബജീവിതത്തിലെ രസകരവും വൈകാരികവുമായ മുഹൂർത്തങ്ങളും ഗാനത്തിന്റെ ദൃശ്യങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ 24ന് ചിത്രം തിയേറ്ററുകളിലെത്തുന്നതിന് മുന്നോടിയായാണ് വീഡിയോ ഗാനം പുറത്തിറക്കിയത്.

ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് ചിത്രം നിർമിക്കുന്നത്. സാധാരണക്കാരനായ പൊലീസ് സബ് ഇൻസ്പെക്ടർ ലൗലജൻ പി.സിയുടെ ഔദ്യോഗിക ജീവിതവും വ്യക്തിജീവിതവും കോർത്തിണക്കിയാണ് ചിത്രം ഒരുക്കുന്നത്. പൊലീസ് പ്രൊസീജിയറിന്റെ പശ്ചാത്തലത്തിലുള്ള കുടുംബകഥയായാണ് ‘അതിമനോഹരം’ അവതരിപ്പിക്കുന്നത്.

മോഹൻലാലിന്റെ നായികയായി മീര ജാസ്മിൻ എത്തുന്നു. ലാലു അലക്സ്, മുകേഷ്, ജഗദീഷ്, മനോജ് കെ. ജയൻ, ഇർഷാദ് അലി, പ്രമോദ് വെളിയനാട് എന്നിവർക്കൊപ്പം സജീവൻ, ശ്രീനാഥ് ബാബു, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

‘ഇഷ്ക്’, ‘ആലപ്പുഴ ജിംഖാന’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയാണ് തിരക്കഥ. ‘തുടരും’ എന്ന ചിത്രത്തിൽ പ്രവർത്തിച്ച പ്രധാന സാങ്കേതിക പ്രവർത്തകരിൽ പലരും ഈ ചിത്രത്തിലും വീണ്ടും ഒന്നിക്കുന്നുണ്ട്.

ഷാജികുമാറാണ് ഛായാഗ്രഹണം. ഷഫീഖ് വി.ബി. എഡിറ്റിങ്ങും വിഷ്ണു ഗോവിന്ദ് ഓഡിയോഗ്രഫിയും നിർവഹിക്കുന്നു. ഗോകുൽ ദാസ് കലാസംവിധാനവും റോണക്സ് സേവ്യർ മേക്കപ്പും മഷർ ഹംസ വസ്ത്രാലങ്കാരവും നിർവഹിക്കുന്നു.

ബിനു പപ്പു കോ-ഡയറക്ടറും മിറാഷ് ഖാൻ ചീഫ് അസോസിയേറ്റ് ഡയറക്ടറുമാണ്. അഫ്നാസ് വി. അസോസിയേറ്റ് ഡയറക്ടറാണ്. അമൽ സി.സദർ സ്റ്റിൽസും ജോമോൻ ജോയ് ചാലക്കുടി പ്രൊഡക്ഷൻ മാനേജ്മെന്റും നിർവഹിക്കുന്നു. എസ്.കെ.എസ്തപ്പാൻ പ്രൊഡക്ഷൻ എക്സിക്യൂട്ടീവും സുധർമൻ വള്ളിക്കുന്ന് പ്രൊഡക്ഷൻ കൺട്രോളറുമാണ്. പി.ആർ.ഒ. വാഴൂർ ജോസ്.

സെൻട്രൽ പിക്ചേഴ്സാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.

COMMENTCancel reply

Recent Articles

Related Articles

Special