ഓണക്കിറ്റ് വിതരണം താറുമാറായി; 6.09 ലക്ഷം കിറ്റിൽ നൽകിയത് 26,342 മാത്രം

Follow the FOURTH PILLAR LIVE channel on WhatsApp 

ഓണം അടുത്തെത്തിയിട്ടും മഞ്ഞ റേഷൻകാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കും നൽകേണ്ട സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം താറുമാറായി. റേഷൻകടകൾ വഴി വിതരണം ചെയ്യേണ്ട 6,09,305 കിറ്റുകളിൽ ഇതുവരെ നൽകാനായത് 26,342 എണ്ണം മാത്രം. കിറ്റിലേക്കുള്ള സാധനങ്ങൾ പൂർണമായി ലഭ്യമാകാത്തതും പാക്കിങ് വൈകുന്നതുമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് സപ്ലൈകോയുടെ വിശദീകരണം.

ഓഗസ്റ്റ് 10ന് വിതരണം ആരംഭിച്ച് 25നകം പൂർത്തിയാക്കുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. എന്നാൽ കിറ്റ് വാങ്ങാൻ റേഷൻകടകളിലെത്തുന്ന മഞ്ഞകാർഡുടമകളിൽ പലരും വെറുംകൈയോടെ മടങ്ങുകയാണ്. കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ തുണിസഞ്ചി ലഭിക്കാത്തതിനാൽ വിതരണം ആരംഭിക്കാനുപോലും കഴിഞ്ഞിട്ടില്ല.

വെള്ളിയാഴ്ചവരെ വിവിധ റേഷൻകടകളിലെത്തിയത് ഏകദേശം 7000 കിറ്റുകൾ മാത്രമാണ്. ശനി, ഞായർ അവധിയായതോടെ തുടർവിതരണവും മുടങ്ങി. തിങ്കളാഴ്ചയോടെ കൂടുതൽ കിറ്റുകൾ എത്തിക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നെങ്കിലും ആവശ്യത്തിന് സ്റ്റോക്ക് എത്തിയില്ല.

ഓണക്കിറ്റ് മാത്രമല്ല, സർക്കാർ പ്രഖ്യാപിച്ച സ്പെഷൽ അരി വിതരണവും വൈകുകയാണ്. വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തിൽ നീല, വെള്ള കാർഡുടമകൾക്ക് ഓണത്തിന് കിലോയ്ക്ക് 26 രൂപ നിരക്കിൽ 10 കിലോ അരി നൽകുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ വിതരണം സമയബന്ധിതമായി ആരംഭിക്കാത്തതോടെ ഈ വാഗ്ദാനവും അനിശ്ചിതത്വത്തിലായി.

കിറ്റും സ്പെഷൽ അരിയും വൈകുന്നത് ഓണവിപണിയിൽ സാധാരണക്കാരന്റെ ചെലവ് വീണ്ടും ഉയർത്തുമെന്ന ആശങ്ക ശക്തമാണ്. സർക്കാർ സംവിധാനത്തിലൂടെ കുറഞ്ഞ നിരക്കിൽ അരിയും അവശ്യസാധനങ്ങളും ലഭിക്കാതെ വന്നാൽ കുടുംബങ്ങൾ പൊതുവിപണിയെ കൂടുതൽ ആശ്രയിക്കേണ്ടിവരും. അതോടെ ആവശ്യകത വർധിച്ച് വില വീണ്ടും ഉയരാനുള്ള സാധ്യതയുമുണ്ട്.

സ്പെഷൽ അരിയുടെ വിലയും വിമർശത്തിന് ഇടയാക്കിയിട്ടുണ്ട്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഏകദേശം ഇരട്ടി നിരക്കിലാണ് ഇത്തവണ അരി പ്രഖ്യാപിച്ചിരിക്കുന്നത്. വിതരണം ചെയ്യുന്ന അരിയുടെ ഗുണനിലവാരത്തെക്കുറിച്ചും ചിലയിടങ്ങളിൽ പരാതിയുണ്ട്.

കഴിഞ്ഞവർഷത്തെ ഓണക്കിറ്റ് വിതരണവുമായി താരതമ്യം ചെയ്യുമ്പോഴാണ് ഇത്തവണത്തെ വീഴ്ച കൂടുതൽ വ്യക്തമാകുന്നത്. കഴിഞ്ഞവർഷം സെപ്തംബർ 5നായിരുന്നു തിരുവോണം. ഓഗസ്റ്റ് 26ന് തന്നെ ഓണക്കിറ്റ് വിതരണം ആരംഭിച്ചിരുന്നു.

15 സാധനങ്ങളടങ്ങിയ 6,03,291 ഭക്ഷ്യക്കിറ്റുകളാണ് അന്ന് തയ്യാറാക്കിയത്. മഞ്ഞ റേഷൻകാർഡുകാർക്ക് റേഷൻകടകൾ വഴിയും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് ഉദ്യോഗസ്ഥർ നേരിട്ടെത്തിയുമാണ് കിറ്റുകൾ വിതരണം ചെയ്തത്. ഓണത്തിന് മുമ്പായി 99 ശതമാനം കിറ്റുകളും വിതരണം പൂർത്തിയാക്കിയിരുന്നു.

ഇത്തവണ കിറ്റുകളുടെ എണ്ണം 6.09 ലക്ഷമായി ഉയർന്നെങ്കിലും വിതരണം ഓണം അടുത്തെത്തിയിട്ടും തുടക്കഘട്ടത്തിൽ തന്നെയാണ്. സർക്കാർ പ്രഖ്യാപിച്ച സമയപരിധി പാലിക്കണമെങ്കിൽ ശേഷിക്കുന്ന ദിവസങ്ങളിൽ ലക്ഷക്കണക്കിന് കിറ്റുകൾ പാക്ക് ചെയ്ത് റേഷൻകടകളിലെത്തിക്കേണ്ടിവരും.

ഓണക്കാല വിലക്കയറ്റം നിയന്ത്രിക്കുന്നതിന് വിപണിയിൽ ശക്തമായ സർക്കാർ ഇടപെടൽ ആവശ്യമായിരിക്കെ കിറ്റും കുറഞ്ഞ നിരക്കിലുള്ള അരിയും വൈകുന്നത് സാധാരണ കുടുംബങ്ങൾക്ക് ഇരട്ടപ്രഹരമാകുകയാണ്.

COMMENTCancel reply

Recent Articles

Related Articles

Special