പ്രതിഷേധവേദികളിലെ മുഖതിരിച്ചറിയൽ നിരീക്ഷണം: എ.എ.റഹീമിന്റെ ഹർജി പരിഗണിക്കാൻ സുപ്രീംകോടതി

Follow the FOURTH PILLAR LIVE channel on WhatsApp 

പ്രതിഷേധവേദികളിൽ പൊലീസ് മുഖതിരിച്ചറിയൽ സാങ്കേതികവിദ്യയും ബയോമെട്രിക് നിരീക്ഷണ സംവിധാനങ്ങളും ഉപയോഗിക്കുന്നതിനെ ചോദ്യംചെയ്ത് സി.പി.എം. രാജ്യസഭാംഗം എ.എ.റഹീം നൽകിയ ഹർജി പരിഗണിക്കാൻ സുപ്രീംകോടതി സമ്മതിച്ചു.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി.മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സമീപകാല വിദ്യാർഥി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ പരിഗണനയിലുള്ള മറ്റു ഹർജികൾക്കൊപ്പം റഹീമിന്റെ ഹർജിയും പരിഗണിക്കും.

ജന്തർമന്തറിൽ പ്രതിഷേധിച്ചവരെ നിരീക്ഷിക്കാൻ ഡൽഹി പൊലീസ് ഡിജിറ്റൽ സാങ്കേതികവിദ്യകൾ ഉപയോഗിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഹർജിയെന്ന് റഹീമിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക ഡോ.മേനക ഗുരുസ്വാമി കോടതിയെ അറിയിച്ചു.

പ്രതിഷേധക്കാരുടെ മുഖം തിരിച്ചറിയാനും വിവരങ്ങൾ ശേഖരിക്കാനും സ്വകാര്യ കമ്പനികളുടെ സേവനം ഉപയോഗിച്ചുവെന്നാണ് ഹർജിയിലെ ആരോപണം. ആദിത്യ ഇൻഫോടെക് ലിമിറ്റഡ്, ഡൈമൻഷൻ എൻഎക്സ്ജി പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളുടെ സേവനമാണ് ഉപയോഗിച്ചതെന്ന് ഗുരുസ്വാമി കോടതിയെ അറിയിച്ചു. കണ്ണട മാതൃകയിലുള്ള ഉപകരണവും പ്രത്യേക വാഹന സംവിധാനവും ഉപയോഗിച്ച് ആളുകളുടെ മുഖവിവരങ്ങൾ ശേഖരിച്ചതായും ഈ വിവരങ്ങൾ വ്യക്തികളുടെ അനുമതിയില്ലാതെ കൈകാര്യം ചെയ്തതായും അവർ വാദിച്ചു.

സ്വകാര്യ കമ്പനികൾ വിവരങ്ങൾ സൂക്ഷിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്തത് ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ആക്ട്, 2023ന്റെ വ്യവസ്ഥകൾ ലംഘിച്ചാണെന്നും ഹർജിക്കാരൻ വാദിച്ചു. സമാധാനപരമായ പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നവരെ ബയോമെട്രിക് സംവിധാനങ്ങൾ ഉപയോഗിച്ച് നിരീക്ഷിക്കാൻ ഡൽഹി പൊലീസിന് നിയമപരമായ അധികാരമില്ലെന്നാണ് ഹർജിയിലെ പ്രധാന വാദം.

COMMENTCancel reply

Recent Articles

Related Articles

Special