Follow the FOURTH PILLAR LIVE channel on WhatsApp
വൈദ്യുതി ഒരു സാധാരണ ചരക്കല്ല. വീടുകളുടെ വെളിച്ചവും ആശുപത്രികളുടെ പ്രവർത്തനവും വ്യവസായങ്ങളുടെ മുന്നേറ്റവും വിദ്യാർഥികളുടെ പഠനവും കർഷകരുടെ ജീവിതവുമെല്ലാം അതുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ വൈദ്യുതിമേഖലയിലെ ഓരോ തീരുമാനവും പൊതുതാല്പര്യം മുൻനിർത്തിയാകണം. ഒരു തെറ്റായ കരാറിന്റെയോ ചെലവേറിയ പദ്ധതിയുടെയോ ഭാരം ഒടുവിൽ വൈദ്യുതി ബിൽ അടയ്ക്കുന്ന സാധാരണ ജനങ്ങളുടെ ചുമലിലാണ് പതിക്കുന്നത്.
കേരളം സ്വന്തം ആവശ്യത്തിനുള്ള മുഴുവൻ വൈദ്യുതിയും ഉത്പാദിപ്പിക്കുന്ന സംസ്ഥാനമല്ല. മഴയുടെ ലഭ്യത, ജലസംഭരണികളിലെ നില, പുറത്തുനിന്നുള്ള വൈദ്യുതി വാങ്ങൽ, ദീർഘകാല കരാറുകൾ, സൗരോർജം, സംഭരണസംവിധാനങ്ങൾ, ഉപഭോഗത്തിലെ വർധന എന്നിവയെല്ലാം വൈദ്യുതി ലഭ്യതയെ സ്വാധീനിക്കുന്നു. അതിനാൽ ഈ മേഖലയിലെ പ്രതിസന്ധിക്ക് ഒരൊറ്റ കാരണം കണ്ടെത്തുകയും ഒരൊറ്റ വിഭാഗത്തെ കുറ്റപ്പെടുത്തുകയും ചെയ്യുന്നത് യാഥാർഥ്യത്തെ മറച്ചുവയ്ക്കുന്നതാണ്.
വൈദ്യുതി പ്രതിസന്ധി ഉണ്ടാകുമ്പോൾ ആദ്യം വേണ്ടത് കൃത്യമായ പരിശോധനയാണ്. ഏതു തീരുമാനമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്, കുറഞ്ഞ നിരക്കിൽ വൈദ്യുതി ഉറപ്പാക്കുന്നതിൽ എവിടെയാണ് വീഴ്ച സംഭവിച്ചത്, ഉപയോക്താക്കൾക്ക് അധികഭാരം വരുത്തിയ പദ്ധതികൾ ഏതൊക്കെയാണ്, പൊതുമേഖലയുടെ താൽപ്പര്യം സംരക്ഷിക്കാൻ എന്താണ് ചെയ്യേണ്ടത് തുടങ്ങിയ ചോദ്യങ്ങളാണ് ഉയരേണ്ടത്.
എന്നാൽ ഇത്തരം ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിനുപകരം തൊഴിലാളി–ഓഫീസർ സംഘടനകളെ പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമമാണ് ചില കേന്ദ്രങ്ങളിൽനിന്ന് നടക്കുന്നത്. മാനേജ്മെന്റ് മുന്നോട്ടുവയ്ക്കുന്ന എല്ലാ പദ്ധതികളെയും ചോദ്യം ചെയ്യാതെ അംഗീകരിക്കണമെന്ന വിചിത്രമായ നിലപാടാണ് ഇതിനു പിന്നിൽ. പൊതുപണം ചെലവഴിക്കുന്ന പദ്ധതിയുടെ നിരക്ക് ചോദ്യം ചെയ്താലും സ്വകാര്യവത്കരണത്തെ എതിർത്താലും സംഘടനകളെ വികസനവിരുദ്ധരായി ചിത്രീകരിക്കുന്നു.
കെ.എസ്.ഇ.ബിയുടെ മുൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ.ബി.അശോക് കേരള കൗമുദിയിൽ എഴുതിയ ലേഖനവും ഈ സമീപനത്തിന്റെ തുടർച്ചയാണ്. വൈദ്യുതി പ്രതിസന്ധിയുടെ സങ്കീർണമായ കാരണങ്ങളെ പരിശോധിക്കുന്നതിനുപകരം, തന്റെ കാലത്ത് മുന്നോട്ടുവച്ച പദ്ധതികളെ സംഘടനകൾ എതിർത്തതാണ് ഇന്നത്തെ പ്രശ്നങ്ങൾക്ക് കാരണമെന്ന വാദമാണ് അദ്ദേഹം ഉയർത്തുന്നത്. ദീർഘകാല വൈദ്യുതി കരാർ, ബാറ്ററി സംഭരണം, സ്മാർട്ട് മീറ്റർ എന്നിവയെല്ലാം കൂട്ടിക്കലർത്തി തൊഴിലാളി സംഘടനകളുടെ തലയിൽ ഉത്തരവാദിത്വം ചുമത്തുകയാണ്.
എന്നാൽ കെ.എസ്.ഇ.ബിയുടെതന്നെ രേഖകളും പദ്ധതികളുടെ സാമ്പത്തികവശങ്ങളും പരിശോധിച്ചാൽ ഈ വാദങ്ങൾക്കുള്ളിലെ വൈരുധ്യങ്ങൾ വ്യക്തമായി കാണാം.

കരാർ റദ്ദാക്കിയത് ആരാണ്?
യു.ഡി.എഫ്. ഭരണകാലത്ത് 465 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിനായി 25 വർഷത്തേക്കാണ് 4 ദീർഘകാല കരാറുകൾ ഉണ്ടാക്കിയത്. കരാറുകളിൽ കേന്ദ്ര മാർഗനിർദേശങ്ങളിൽനിന്നുള്ള വ്യതിയാനമുണ്ടെന്നും മുൻകൂർ അനുമതി നേടിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കേരള വൈദ്യുതി റെഗുലേറ്ററി കമീഷൻ 2023 മെയ് 10ന് അംഗീകാരം നിഷേധിച്ചത്. കരാർ റദ്ദാക്കിയത് എൽ.ഡി.എഫ്. സർക്കാരിന്റെ ഏകപക്ഷീയമായ തീരുമാനമായിരുന്നില്ല; നിയമപരമായ അധികാരമുള്ള റെഗുലേറ്ററി കമീഷന്റെ ഉത്തരവായിരുന്നു.
ഇക്കാര്യം അശോകും സമ്മതിക്കുന്നു. കരാർ തയ്യാറാക്കുമ്പോൾ ആവശ്യമായ അനുമതികൾ വാങ്ങിയില്ലെന്നും ടെൻഡർ നടപടികളിൽ വ്യതിയാനമുണ്ടായിരുന്നെന്നും അദ്ദേഹം പറയുന്നു. എന്നാൽ കരാർ റദ്ദാക്കപ്പെട്ടശേഷം കെ.എസ്.ഇ.ബിക്കും ഉപയോക്താക്കൾക്കും ഉണ്ടായ നഷ്ടം ലേഖനത്തിൽ വേണ്ടത്ര ചർച്ച ചെയ്യുന്നില്ല.
ദീർഘകാല കരാർ റദ്ദാക്കിയതിനെത്തുടർന്ന് കമ്പോളത്തിൽനിന്ന് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടിവന്നു. കെ.എസ്.ഇ.ബിയുടെ വാർഷിക ഭരണറിപ്പോർട്ട് അടിസ്ഥാനമാക്കിയുള്ള കണക്കുപ്രകാരം ഇതുമൂലമുണ്ടായ നഷ്ടം 2,130 കോടി രൂപയിലധികമാണ്. നിയമപരമായ പിഴവുകളുള്ള കരാറിനെ ചോദ്യം ചെയ്യുന്നത് തെറ്റല്ല. എന്നാൽ കരാർ റദ്ദാക്കുമ്പോൾ അതിനു പകരം കുറഞ്ഞ നിരക്കിൽ ഉറപ്പുള്ള വൈദ്യുതി എവിടെനിന്ന് ലഭിക്കുമെന്ന് ഉറപ്പാക്കേണ്ടതുണ്ട്. അതാണ് വൈദ്യുതി ആസൂത്രണം. കരാർ റദ്ദാക്കിയതിനെ മാത്രം വിജയമായി ആഘോഷിച്ച് അതിന്റെ സാമ്പത്തിക പ്രത്യാഘാതം മറയ്ക്കുന്നത് ഉത്തരവാദിത്വമുള്ള വിലയിരുത്തലല്ല.
അതിലും വലിയ വൈരുധ്യമുണ്ട്. പ്രതിപക്ഷനേതാവായിരിക്കെ വി.ഡി.സതീശൻ ഈ കരാർ റദ്ദാക്കിയതാണ് കേരളത്തിലെ വൈദ്യുതി പ്രതിസന്ധിക്കു കാരണമെന്ന് ആരോപിച്ചിരുന്നു. 465 മെഗാവാട്ട് വൈദ്യുതി യൂണിറ്റിന് ശരാശരി 4.29 രൂപയ്ക്ക് ലഭിക്കുമായിരുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഇപ്പോഴത്തെ വൈദ്യുതി മന്ത്രിയും പ്രതിസന്ധിയുടെ കാരണമായി കരാർ റദ്ദാക്കലിനെ ചൂണ്ടിക്കാട്ടുന്നു.
യു.ഡി.എഫ്. നേതൃത്വം കരാർ റദ്ദാക്കിയതാണ് പ്രതിസന്ധിയെന്ന് പറയുന്നു. അശോക് കരാർ റദ്ദാക്കിയത് ശരിയായിരുന്നെന്ന് പറയുന്നു. ഒരേ രാഷ്ട്രീയചേരിയിൽനിന്ന് ഒരേ വിഷയത്തിൽ രണ്ട് വിപരീത വിശദീകരണങ്ങളാണ് വരുന്നത്. ഇതിൽ ഏതാണ് ശരിയെന്ന് ആദ്യം അവർ തീരുമാനിക്കണം.
10 മെഗാവാട്ട് ബാറ്ററി കേരളത്തെ രക്ഷിക്കുമായിരുന്നോ?
കേരളം സോളാർ വൈദ്യുതി വേണ്ടത്ര ഉപയോഗിച്ചില്ലെന്നും ബാറ്ററി സംഭരണപദ്ധതി സംഘടനകൾ തടഞ്ഞുവെന്നുമാണ് അശോകിന്റെ അടുത്ത വാദം. വൈദ്യുതി സംഭരണം കേരളത്തിന് ആവശ്യമാണെന്നതിൽ സംശയമില്ല. പകൽ ലഭിക്കുന്ന സൗരോർജം വൈകുന്നേരത്തെ കൂടിയ ആവശ്യത്തിനായി സംഭരിക്കാൻ ബാറ്ററി എനർജി സ്റ്റോറേജ് സംവിധാനം സഹായിക്കും. എന്നാൽ ഒരു പദ്ധതിയുടെ ആവശ്യം അംഗീകരിക്കുന്നതും ഏതു വിലയ്ക്കും ഏതു വ്യവസ്ഥയിലും അത് നടപ്പാക്കണമെന്ന് പറയുന്നതും രണ്ടാണ്.
അന്ന് മുന്നോട്ടുവച്ചത് 10 മെഗാവാട്ട് ശേഷിയും 20 മെഗാവാട്ട് മണിക്കൂർ സംഭരണവുമുള്ള പരീക്ഷണപദ്ധതിയായിരുന്നു. കെ.എസ്.ഇ.ബിയുടെ വാർഷിക റിപ്പോർട്ടുകളിലും ഇത്തരമൊരു 10 മെഗാവാട്ട്–20 മെഗാവാട്ട് മണിക്കൂർ ബാറ്ററി പദ്ധതിയെക്കുറിച്ച് പരാമർശമുണ്ട്. കേരളം ഇപ്പോൾ നേരിടുന്ന പീക്ക് സമയത്തെ കുറവ് 500 മുതൽ 600 മെഗാവാട്ടുവരെയാണെന്നാണ് വൈദ്യുതി മന്ത്രി വ്യക്തമാക്കിയത്. അപ്പോൾ 10 മെഗാവാട്ടിന്റെ പരീക്ഷണപദ്ധതി നടപ്പാക്കിയിരുന്നെങ്കിൽ ഇന്നത്തെ പ്രതിസന്ധിയാകെ ഇല്ലാതാകുമായിരുന്നു എന്ന വാദം ഗണിതപരമായിത്തന്നെ നിലനിൽക്കില്ല. 10 മെഗാവാട്ട് പദ്ധതി ഒരു പരീക്ഷണമായി ഉപകാരപ്പെട്ടേക്കാം. പക്ഷേ സംസ്ഥാനത്തിന്റെ നൂറുകണക്കിന് മെഗാവാട്ട് കുറവ് പരിഹരിക്കുന്ന അത്ഭുതമരുന്നായി അതിനെ അവതരിപ്പിക്കാനാകില്ല.
ഇന്ന് മൈലാട്ടിയിൽ 125 മെഗാവാട്ട് ശേഷിയുള്ള, 500 മെഗാവാട്ട് മണിക്കൂർ സംഭരണശേഷിയുള്ള വലിയ ബാറ്ററി പദ്ധതി നടപ്പാക്കുകയാണ്. കേന്ദ്രസർക്കാരിന്റെ 135 കോടി രൂപ വയബിലിറ്റി ഗ്യാപ് ഫണ്ടും പദ്ധതിക്കുണ്ട്. മത്സരാധിഷ്ഠിത ടെൻഡറിൽ പ്രതിമാസം മെഗാവാട്ടിന് 4.41 ലക്ഷം രൂപയാണ് ശേഷിനിരക്കായി ലഭിച്ചത്. സാങ്കേതികവിദ്യയും വിലയും പദ്ധതി നടപ്പാക്കുന്ന രീതിയും കാലത്തിനൊപ്പം മാറിയതിന്റെ ഉദാഹരണമാണിത്. അതിനാൽ പഴയൊരു ചെറുപദ്ധതി നടപ്പാക്കിയില്ലെന്ന ഒറ്റക്കാരണമാണ് ഇന്നത്തെ പ്രതിസന്ധിയെന്ന് പറയുന്നത് യാഥാർഥ്യത്തെ അതിസരളമാക്കലാണ്.
സ്മാർട്ട് മീറ്റർ വൈദ്യുതി ഉത്പാദിപ്പിക്കില്ല
സ്മാർട്ട് മീറ്റർ സ്ഥാപിക്കാത്തതാണ് പ്രതിസന്ധിയുടെ മറ്റൊരു കാരണമെന്നാണ് അശോകിന്റെ വാദം. സ്മാർട്ട് മീറ്ററുകൾക്ക് പ്രയോജനമുണ്ട്. ഉപയോഗം തത്സമയം രേഖപ്പെടുത്താം. വൈദ്യുതി നഷ്ടം കൃത്യമായി കണ്ടെത്താം. സമയാധിഷ്ഠിത നിരക്ക് നടപ്പാക്കാം. ഡിമാൻഡ് പ്രവചിക്കാനും ഊർജ ഓഡിറ്റ് നടത്താനും സഹായിക്കും. കെ.എസ്.ഇ.ബിയുടെ പദ്ധതിരേഖയും ഈ നേട്ടങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ സ്മാർട്ട് മീറ്റർ ഒരു വൈദ്യുതിനിലയമല്ല. അത് ഒരു യൂണിറ്റ് വൈദ്യുതിപോലും ഉത്പാദിപ്പിക്കില്ല. അണക്കെട്ടിൽ വെള്ളം നിറയ്ക്കില്ല. പുറത്തുനിന്ന് ലഭിക്കാതായ 465 മെഗാവാട്ടിനു പകരം വൈദ്യുതി നൽകുകയുമില്ല.
സ്മാർട്ട് മീറ്ററിലൂടെ ഉപയോഗം നിയന്ത്രിക്കാനും പീക്ക് സമയത്തെ ആവശ്യം കുറയ്ക്കാനും കഴിയും. എന്നാൽ കരാർ റദ്ദാക്കലും മഴക്കുറവും ഉത്പാദനക്കുറവും വൈദ്യുതി വാങ്ങുന്നതിലെ കാലതാമസവും ചേർന്നുണ്ടാക്കിയ പ്രതിസന്ധിയുടെ മുഴുവൻ ഉത്തരവാദിത്വവും മീറ്ററിന്റെ തലയിൽ കെട്ടിവയ്ക്കാനാകില്ല.
സംഘടനകൾ എതിർത്തത് മീറ്ററിനെയല്ല
തൊഴിലാളി സംഘടനകൾ സ്മാർട്ട് മീറ്ററിനെ കണ്ണടച്ച് എതിർത്തുവെന്ന പ്രതീതിയാണ് അശോക് സൃഷ്ടിക്കുന്നത്. യാഥാർഥ്യം അതല്ല. സംഘടനകൾ എതിർത്തത് ടോട്ടെക്സ് മാതൃകയെയാണ്. ടോട്ടെക്സ് പദ്ധതിയിൽ മീറ്റർ നൽകുന്നതുമുതൽ ആശയവിനിമയ ശൃംഖല, ഡാറ്റ കൈകാര്യം ചെയ്യൽ, പരിപാലനം, റീഡിങ് സംബന്ധമായ സേവനങ്ങൾ എന്നിവവരെ സ്വകാര്യ ഏജൻസിക്ക് കൈമാറും. കെ.എസ്.ഇ.ബിയുടെ 2023ലെ ഉത്തരവിൽ 37 ലക്ഷം സ്മാർട്ട് മീറ്ററുകൾ ഡി.ബി.എഫ്.ഒ.ഒ.ടി.–ടോട്ടെക്സ് മാതൃകയിൽ സ്ഥാപിക്കാൻ 2,400 കോടി രൂപയാണ് പ്രാഥമിക ചെലവായി കണക്കാക്കിയിരുന്നത്. ഒരൊറ്റ സ്വകാര്യ ഏജൻസിയാണ് മീറ്ററിങ് സംവിധാനം നൽകുകയും പരിപാലിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യേണ്ടിയിരുന്നത്.
ടെൻഡറിൽ ഒന്നാമതെത്തിയ കമ്പനിയുടെ നിരക്ക് 2,400 കോടിയുടെ പ്രാഥമിക കണക്കിനേക്കാൾ 44.8 ശതമാനം കൂടുതലായിരുന്നു. സാധാരണ ഉപയോക്താവിന് അധിക സാമ്പത്തികഭാരം ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് സർക്കാർ ടോട്ടെക്സ് ടെൻഡർ റദ്ദാക്കിയത്. ഇത് മീറ്ററിനോടുള്ള എതിർപ്പായിരുന്നില്ല. പൊതുമേഖലാ സ്ഥാപനത്തിന്റെ വരുമാന–ഡാറ്റാ സംവിധാനങ്ങൾ ദീർഘകാലത്തേക്ക് സ്വകാര്യ കമ്പനിയുടെ നിയന്ത്രണത്തിലാക്കുന്നതിനെതിരായ നിലപാടായിരുന്നു.
സംഘടനകൾ മുന്നോട്ടുവച്ചത് കാപെക്സ് മാതൃകയാണ്. ഈ രീതിയിൽ മീറ്ററും ആവശ്യമായ ഉപകരണങ്ങളും കെ.എസ്.ഇ.ബി. വാങ്ങും. ഡാറ്റ കെ.എസ്.ഇ.ബിയുടെ സംവിധാനത്തിൽ സൂക്ഷിക്കും. ബില്ലിങ് സോഫ്റ്റ്‌വെയറും മറ്റ് പ്രവർത്തനങ്ങളും ബോർഡിന്റെ നിയന്ത്രണത്തിലായിരിക്കും. കെ–ഫോണിന്റെ ശൃംഖലയും കെ.എസ്.ഇ.ബി. ജീവനക്കാരുടെ സേവനവും ഉപയോഗിക്കാമെന്നായിരുന്നു പകരം പദ്ധതി.
ഇതിന്റെ അടിസ്ഥാനത്തിലാണ് ആദ്യഘട്ടത്തിൽ 3 ലക്ഷം സ്മാർട്ട് മീറ്ററുകൾ കാപെക്സ് മാതൃകയിൽ സ്ഥാപിക്കാൻ തീരുമാനിച്ചത്. വ്യവസായ–വാണിജ്യ ഉപയോക്താക്കൾ, സർക്കാർ സ്ഥാപനങ്ങൾ, ഫീഡറുകൾ, വിതരണ ട്രാൻസ്ഫോർമറുകൾ എന്നിവയ്ക്കാണ് ആദ്യഘട്ടത്തിൽ മുൻഗണന നൽകിയത്. ചെറിയ അളവിൽ ടെൻഡർ ചെയ്തിട്ടും രാജ്യത്തെ ടോട്ടെക്സ് പദ്ധതികളുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ നിരക്കാണ് കാപെക്സ് പദ്ധതിയിൽ ലഭിച്ചതെന്ന് കെ.എസ്.ഇ.ബി. വ്യക്തമാക്കിയിട്ടുണ്ട്.
അതിനാൽ സ്മാർട്ട് മീറ്റർ പദ്ധതി സംഘടനകൾ തടഞ്ഞുവെന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ചെലവേറിയ സ്വകാര്യവത്കരണ മാതൃക മാറ്റി, പൊതുമേഖലയുടെ നിയന്ത്രണം നിലനിർത്തുന്ന കുറഞ്ഞ ചെലവുള്ള മാതൃകയിലേക്ക് പദ്ധതി മാറ്റുകയാണ് ചെയ്തത്.
സംഘടനകളുടെ ചോദ്യംചെയ്യൽ കുറ്റമാണോ?
ഒരു പൊതുമേഖലാ സ്ഥാപനത്തിൽ മാനേജ്മെന്റ് മുന്നോട്ടുവയ്ക്കുന്ന എല്ലാ നിർദേശവും ചോദ്യം ചെയ്യാതെ അംഗീകരിക്കുകയാണ് തൊഴിലാളി സംഘടനയുടെ കടമയെന്ന് ആരും കരുതരുത്. കെ.എസ്.ഇ.ബി. ജനങ്ങളുടെ സ്ഥാപനമാണ്. അതിന്റെ പണം വൈദ്യുതി ഉപയോക്താക്കളുടെ പണമാണ്. തെറ്റായ തീരുമാനം വന്നാൽ വില നൽകേണ്ടത് സാധാരണ കുടുംബങ്ങളാണ്. അതുകൊണ്ട് പദ്ധതിയുടെ ചെലവ് എത്ര, ആർക്കാണ് കരാർ, ഉപയോക്താവിന് എത്ര അധികഭാരം, സ്ഥാപനത്തിന്റെ പ്രവർത്തനം സ്വകാര്യവൽക്കരിക്കപ്പെടുമോ തുടങ്ങിയ ചോദ്യങ്ങൾ ചോദിക്കപ്പെടണം.
37 ലക്ഷം മീറ്ററിന്റെ ടെൻഡറിൽ പ്രാഥമിക കണക്കിനേക്കാൾ 44.8 ശതമാനം ഉയർന്ന തുക വന്നിട്ടും സംഘടനകൾ മിണ്ടാതിരിക്കണമായിരുന്നോ? ബില്ലിങ്, ഡാറ്റ, മീറ്റർ പരിപാലനം തുടങ്ങിയ നിർണായക പ്രവർത്തനങ്ങൾ ദീർഘകാലത്തേക്ക് സ്വകാര്യ ഏജൻസിക്ക് നൽകുമ്പോൾ ആരും ചോദ്യംചെയ്യരുതായിരുന്നോ?
പൊതുമേഖലയെ സംരക്ഷിക്കാൻ ഇടപെടുന്ന തൊഴിലാളികളെ വികസനവിരുദ്ധരെന്ന് വിളിക്കുന്നത് എളുപ്പമാണ്. എന്നാൽ അവരുടെ എതിർപ്പിനുശേഷം രൂപപ്പെടുത്തിയ കാപെക്സ് മാതൃക കുറഞ്ഞ നിരക്കിൽ മുന്നോട്ടുപോകുന്നുവെന്നതാണ് യാഥാർഥ്യം.
വൈദ്യുതി പ്രതിസന്ധിക്ക് പല കാരണങ്ങളുണ്ട്
കേരളത്തിലെ വൈദ്യുതി പ്രതിസന്ധിക്ക് ഒരു കാരണം മാത്രമല്ല. ദീർഘകാല കരാർ നഷ്ടപ്പെട്ടത് പ്രധാന ഘടകമാണ്. ജലവൈദ്യുതി ഉത്പാദനത്തെ ബാധിച്ച മഴക്കുറവുണ്ട്. ചൂട് കൂടിയതോടെ ഉപഭോഗം ഉയർന്നു. രാജ്യവ്യാപകമായി വൈദ്യുതി ലഭ്യത കുറഞ്ഞു. ആവശ്യമായ വൈദ്യുതി മുൻകൂട്ടി ഉറപ്പാക്കുന്നതിലും റെഗുലേറ്ററി അനുമതി നേടുന്നതിലും വന്ന കാലതാമസവുമുണ്ട്. ഇത്രയും ഘടകങ്ങൾ ചേർന്നുണ്ടായ പ്രതിസന്ധിയെ തൊഴിലാളി സംഘടനകൾ എതിർത്ത 10 മെഗാവാട്ട് ബാറ്ററിയുടെയും സ്മാർട്ട് മീറ്ററിന്റെയും കഥയായി ചുരുക്കുന്നത് സാങ്കേതിക വിലയിരുത്തലല്ല. പഴയ വിരോധം തീർക്കാനുള്ള രാഷ്ട്രീയവാദമാണ്.
അശോകിന്റെ കാലത്തെ ഓരോ നിർദേശവും മഹത്തായിരുന്നെന്നും അതിനെ ചോദ്യംചെയ്തവരാണ് കെ.എസ്.ഇ.ബിയുടെ ഇന്നത്തെ പ്രശ്നങ്ങൾക്കു കാരണമെന്നും പറയുന്നത് ചരിത്രത്തെ ഒരാളുടെ ഇഷ്ടത്തിനനുസരിച്ച് തിരുത്തുകയാണ്.
മറുപടി പറയേണ്ടത് ഇപ്പോഴത്തെ സർക്കാരാണ്
ഇന്നത്തെ വൈദ്യുതി പ്രതിസന്ധിയുടെ പേരിൽ പഴയ സർക്കാരിനെയും തൊഴിലാളി സംഘടനകളെയും മാത്രം കുറ്റപ്പെടുത്തി ഇപ്പോഴത്തെ യു.ഡി.എഫ്. സർക്കാരിന് രക്ഷപ്പെടാനാകില്ല. അധികാരമേറ്റശേഷം എത്ര മെഗാവാട്ട് വൈദ്യുതിയാണ് ദീർഘകാലമായി ഉറപ്പാക്കിയത്? പീക്ക് സമയത്തെ കുറവിന് എന്ത് സ്ഥിരപരിഹാരം കണ്ടെത്തി? ബാറ്ററി സംഭരണപദ്ധതികൾ എപ്പോഴാണ് പൂർത്തിയാകുക? ചെലവുകുറഞ്ഞ വൈദ്യുതി ലഭിക്കാൻ ഏതെല്ലാം സംസ്ഥാനങ്ങളുമായും സ്ഥാപനങ്ങളുമായും കരാറുണ്ടാക്കി? സോളാർ വൈദ്യുതിയുടെ പകൽമിച്ചം രാത്രി ഉപയോഗിക്കാൻ എന്ത് സംവിധാനം ഏർപ്പെടുത്തി? ഇവയ്ക്കാണ് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും മറുപടി പറയേണ്ടത്.
പകരം മുൻ കെ.എസ്.ഇ.ബി. മേധാവിയുടെ ലേഖനം ഉപയോഗിച്ച് സംഘടനകളെ കുറ്റപ്പെടുത്തുകയും മുൻ സർക്കാരിന്റെ തലയിൽ എല്ലാ ഉത്തരവാദിത്വവും കെട്ടിവയ്ക്കുകയും ചെയ്യുന്നത് എളുപ്പവഴിയാണ്. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ വ്യക്തിപരമായ പകയും പഴയ കണക്കുതീർക്കലും ഉപകരിക്കില്ല. കൃത്യമായ ആസൂത്രണവും കുറഞ്ഞ ചെലവിലുള്ള വൈദ്യുതി കരാറുകളും ശക്തമായ പൊതുമേഖലയും തൊഴിലാളികളുടെയും സാങ്കേതിക വിദഗ്ധരുടെയും പങ്കാളിത്തവുമാണ് വേണ്ടത്.
കെ.എസ്.ഇ.ബിയെ സംരക്ഷിച്ചത് ചോദ്യം ചോദിക്കാതിരുന്നവരല്ല. തെറ്റായ തീരുമാനങ്ങളെ ചോദ്യം ചെയ്തവരാണ്. അത് അശോകിന് സഹിക്കുന്നില്ലെങ്കിൽ, അതിന്റെ വില കേരളത്തിലെ വൈദ്യുതി ഉപയോക്താക്കൾ നൽകേണ്ടതില്ല.






















