ഹെലികോപ്ടറിൽ പറന്നത് മുഖ്യമന്ത്രിയല്ല, വി.ഡി.സതീശൻ്റെ നിലപാടാണ്

Follow the FOURTH PILLAR LIVE channel on WhatsApp 

കേരള രാഷ്ട്രീയത്തിൽ ചില വസ്തുക്കൾക്ക് വിചിത്രമായ രാസപരിവർത്തനശേഷിയുണ്ട്. പ്രതിപക്ഷത്തിരിക്കുമ്പോൾ അവ “ധൂർത്ത്” ആകും. ഭരണത്തിലേറിയാൽ “അത്യാവശ്യ സൗകര്യം” ആകും. ഇന്നലെ “ആഡംബരം” ആയത് ഇന്ന് “ഭരണപരമായ സൗകര്യം” ആകും. ഇന്നലെ “ജനങ്ങളുടെ പണം കത്തിക്കൽ” ആയത് ഇന്ന് “സമയത്തിൻ്റെ വില തിരിച്ചറിയുന്ന നേതൃത്വം” ആകും. വി.ഡി.സതീശൻ്റെ ഹെലികോപ്ടർ യാത്രാ വിവാദം ഈ രാഷ്ട്രീയ രസതന്ത്രത്തിൻ്റെ ഏറ്റവും പുതിയ പ്രായോഗിക ക്ലാസാണ്.

പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സംസ്ഥാനത്തിൻ്റെ ആവശ്യങ്ങൾക്കായി ഹെലികോപ്ടർ വാടകയ്ക്കെടുക്കാൻ തീരുമാനിച്ചപ്പോൾ കേരളത്തിൽ എന്തായിരുന്നു പുകിൽ! അന്നത്തെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അതിനെ ധൂർത്തിൻ്റെയും ആഡംബരത്തിൻ്റെയും പ്രതീകമായി ചിത്രീകരിച്ചു. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുള്ളപ്പോൾ മാസം 80 ലക്ഷം രൂപ ചെലവിട്ട് ഹെലികോപ്ടർ വാടകയ്ക്കെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്നായിരുന്നു അന്നത്തെ വിമർശം.

അപ്പോൾ ഹെലികോപ്ടറിന് ഒരു രാഷ്ട്രീയനിറം ഉണ്ടായിരുന്നു. അത് ചുവപ്പായിരുന്നു. അതുകൊണ്ട് അത് ധൂർത്ത്. അതേ യന്ത്രം ഇപ്പോൾ യു.ഡി.എഫ്. ഭരണത്തിൻ്റെ കീഴിൽ പറന്നപ്പോൾ അതിന് മറ്റൊരു നിറം കിട്ടി. ഇപ്പോൾ അത് കുടുംബസ്നേഹത്തിൻ്റെ, ലാളിത്യത്തിൻ്റെ, എളിമയുടെ, സമയനിയന്ത്രണത്തിൻ്റെ, അത്യാവശ്യത്തിൻ്റെ പ്രതീകം. മെയ് 18ന് സത്യപ്രതിജ്ഞ ചെയ്തതോടെ വി.ഡി.സതീശൻ മുഖ്യമന്ത്രിയായി; അതോടെ ഹെലികോപ്ടറിൻ്റെയും സാമൂഹിക പദവി ഉയർന്നു.

ഇതാണ് രാഷ്ട്രീയത്തിലെ യഥാർത്ഥ അത്ഭുതം. ഹെലികോപ്ടറിൻ്റെ ബ്ലേഡ് അതേപോലെ തന്നെ ചുറ്റുന്നു. ഇന്ധനം അതേപോലെ തന്നെ കത്തുന്നു. സർക്കാർ പണം അതേപോലെ തന്നെ ചെലവാകുന്നു. മാറിയത് യാത്രക്കാരൻ്റെ പേര് മാത്രം. പക്ഷേ അതിനൊപ്പം മാറുന്നത് വാർത്തയുടെ ഭാഷയും, ചാനൽ ചർച്ചയുടെ ശബ്ദവും, പത്രത്തിൻ്റെ തലക്കെട്ടും, ധാർമികതയുടെ അളവുകോലും. പിണറായി കയറിയാൽ “ധൂർത്ത്”. സതീശൻ കയറിയാൽ “ദൗത്യം”. പിണറായി പറന്നാൽ “ആഡംബരഭരണം”. സതീശൻ പറന്നാൽ “കുടുംബ ബാധ്യത”.

ആശുപത്രിയിൽ ചികിത്സയിലുള്ള ഭാര്യാപിതാവിനെ കാണാൻ പോകുന്നതിൽ കുറ്റമൊന്നുമില്ല. കുടുംബാംഗത്തെ കാണാൻ പോകുന്നത് മനുഷ്യസ്നേഹമാണ്. അതിനെ ആരും പരിഹസിക്കേണ്ടതില്ല. ചോദ്യം അതല്ല. ഒരു മുഖ്യമന്ത്രിയുടെ സ്വകാര്യ ആവശ്യത്തിന് സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്ടർ ഉപയോഗിക്കാമോ എന്നതാണ് ചോദ്യം. പിണറായി അങ്ങനൊന്നും ചെയ്തില്ലെങ്കിലും ഇതേ ചോദ്യം ഒരിക്കൽ വി.ഡി.സതീശൻ അദ്ദേഹത്തോട് ചോദിച്ചത്. അതേ ചോദ്യം ഇപ്പോൾ കേരളം വി.ഡി.സതീശനോട് തിരിച്ചു ചോദിക്കുന്നു.

ഇതാണ് ഇരട്ടത്താപ്പിൻ്റെ ഏറ്റവും ശുദ്ധമായ രൂപം. സ്വന്തം കാലത്ത് സിദ്ധാന്തം. മറ്റെയാളുടെ കാലത്ത് കുറ്റപത്രം. പിണറായി വിജയൻ ഉപയോഗിക്കുമ്പോൾ “ജനങ്ങളുടെ പണം”. സതീശൻ ഉപയോഗിക്കുമ്പോൾ “മുഖ്യമന്ത്രിയുടെ സൗകര്യം”. പിണറായി കാലത്ത് ഹെലികോപ്ടർ സംസ്ഥാന ആവശ്യങ്ങൾക്കായി വാടകയ്ക്കെടുത്തതാണെന്ന വിശദീകരണം കേൾക്കാൻ പോലും തയ്യാറാകാത്തവർ, ഇപ്പോൾ വ്യക്തിപരമായ സന്ദർശനത്തിനുപോലും അതേ ഹെലികോപ്ടർ ഉപയോഗിക്കുന്നത് സാധാരണമാക്കാൻ ശ്രമിക്കുന്നു.
മനോരമയുടെയും മാതൃഭൂമിയുടെയുമൊക്കെ ഇന്നത്തെ വാർത്താശൈലി കണ്ടാൽ കേരളത്തിൻ്റെ ഭാവിയെ കുലുക്കാൻ പോകുന്ന വമ്പൻ ഭരണദൗത്യത്തിനായാണ് ഹെലികോപ്ടർ കൊച്ചിയിലേക്ക് പറന്നതെന്ന് തോന്നും. “കാലാവസ്ഥ മോശമായതിനാൽ കൊച്ചിയിൽ ഇറങ്ങാനായില്ല, തിരുവനന്തപുരത്തേക്ക് മടങ്ങി” — ഇതിലാണത്രേ പ്രധാന വിഷാദം. ഹെലികോപ്ടറിൻ്റെ മടക്കം ഒരു സംസ്ഥാനദുരന്തം പോലെ. എന്നാൽ യാത്രയുടെ ലക്ഷ്യം എന്തായിരുന്നു എന്ന ചോദ്യമാണ് ഇവിടെ രാഷ്ട്രീയമായി പ്രധാനപ്പെട്ടത്. വാർത്തയുടെ എറ്റവും ഒടുവിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്നെങ്കിൽ പൊയ്ക്കോട്ടെ എന്ന രീതിയിൽ പറഞ്ഞതുപോലെ, ആലുവ കാരോത്തുകുഴി ആശുപത്രിയിൽ ചികിത്സയിലുള്ള ഭാര്യാപിതാവിനെ സന്ദർശിക്കാനായിരുന്നു കൊച്ചിയിലേക്കുള്ള യാത്രയെങ്കിൽ, അത് ഭരണദൗത്യമല്ല; വ്യക്തിപരമായ കുടുംബസന്ദർശനമാണ്.

അതും ഒറ്റ പറക്കൽ അല്ല. രാവിലെ തിരുവനന്തപുരം മുതൽ കൊച്ചി. കാലാവസ്ഥ കാരണം ഇറങ്ങാതെ തിരിച്ചു തിരുവനന്തപുരം. പിന്നെ വീണ്ടും ഉച്ചയ്ക്ക് തിരുവനന്തപുരം മുതൽ കൊച്ചി. ദൗത്യം പൂർത്തിയാക്കി തിരിച്ചും തിരുവനന്തപുരം. മൊത്തത്തിൽ 4 പറക്കൽ. ഇത്രയും ചുറ്റിപ്പറക്കലിനുശേഷവും ഇതിനെ “ലളിതജീവിതം” എന്ന് വിളിക്കണമെങ്കിൽ, ലാളിത്യത്തിൻ്റെ നിഘണ്ടു വീണ്ടും അച്ചടിക്കേണ്ടിവരും.

പണ്ട് കോൺഗ്രസ് നേതാക്കൾ പറഞ്ഞിരുന്നത് ലാളിത്യം, മിതവ്യയം, നെഹ്‌റുവിയൻ സോഷ്യലിസം എന്നൊക്കെയായിരുന്നു. ഇപ്പോൾ ആ സോഷ്യലിസത്തിന് റോട്ടർ ബ്ലേഡുണ്ട്. ആ ലാളിത്യത്തിന് ഹെലിപാഡ് വേണം. ആ മിതവ്യയത്തിന് മാസം ലക്ഷങ്ങളുടെ വാടക വേണം. ജനങ്ങളുടെ പണം ചിലവാകുമ്പോൾ അതിൻ്റെ പേര് പിണറായി കാലത്ത് ധൂർത്ത്; യു.ഡി.എഫ്. കാലത്ത് കുടുംബമൂല്യം. ഇത്ര വേഗത്തിൽ അർത്ഥം മാറുന്ന രാഷ്ട്രീയഭാഷയെ മലയാളം ഇതുവരെ കണ്ടിട്ടില്ല.

ഇവിടെ മാധ്യമങ്ങളുടെ പങ്കും പറയാതെ വയ്യ. പിണറായി സർക്കാരിൻ്റെ ഹെലികോപ്ടർ വാടകയെക്കുറിച്ച് കണക്കുകൾ പുറത്തുവന്നപ്പോൾ അത് വലിയ വിവാദമായി.പിണറായി വിജയൻ്റെ യാത്രകൾക്കായി ഹെലികോപ്ടർ വാടകയ്ക്കെടുത്തതിൽ സർക്കാർ 46.36 കോടി രൂപ ചെലവഴിച്ചതായി ഔദ്യോഗിക കണക്കുകൾ പുറത്തുവന്നിരുന്നു; പൊലീസാണ് ഈ ചെലവുകൾ കൈകാര്യം ചെയ്തതെന്നും വാടക കുടിശ്ശിക ബാക്കിയുണ്ടെന്നും വാർത്ത വന്നു. അന്ന് കണക്കുകൾ കണക്കായിരുന്നു. ഇന്ന് കണക്കുകൾക്ക് മേൽ കവിത എഴുതാനാണ് ശ്രമം.

സത്യത്തിൽ പ്രശ്നം ഹെലികോപ്ടർ മാത്രം അല്ല. പ്രശ്നം രാഷ്ട്രീയ സത്യസന്ധതയാണ്. സുരക്ഷ, ദുരന്തനിവാരണം, അതിവേഗ ഭരണസമന്വയം, അടിയന്തര ഔദ്യോഗിക യാത്ര തുടങ്ങിയ സംസ്ഥാന ആവശ്യങ്ങൾക്കായി ഒരു സർക്കാരിന് ഹെലികോപ്ടർ വാടകയ്ക്ക് എടുക്കാം. അതിൻ്റെ ചെലവും ഉപയോഗവും പരസ്യമാകണം. ചട്ടങ്ങളും പരിധികളും ഉണ്ടാകണം. അതിൽ തർക്കമുണ്ടെങ്കിൽ രാഷ്ട്രീയമായി ചോദ്യം ചെയ്യാം. പക്ഷേ അതേ യന്ത്രത്തെ ഒരിക്കൽ ധൂർത്തിൻ്റെ പ്രതീകമാക്കി ജനങ്ങളിൽ വികാരം കത്തിച്ചയാൾ, അധികാരത്തിലെത്തിയ ഉടനെ അതിൻ്റെ സൗകര്യം സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചാൽ, അത് വെറും യാത്രാവിവാദമല്ല. അത് വിശ്വാസവഞ്ചനയാണ്.
വി.ഡി.സതീശൻ്റെ പഴയ പ്രസംഗങ്ങൾ ഇപ്പോൾ തിരിഞ്ഞ് വന്ന് അദ്ദേഹത്തോട് തന്നെയാണ് ചോദിക്കുന്നത്: അന്ന് പറഞ്ഞ ധാർമികത എവിടെ? അന്ന് കാണിച്ച കണക്കുപുസ്തകം എവിടെ? അന്ന് ജനങ്ങളുടെ പണത്തെക്കുറിച്ച് ഉണ്ടായിരുന്ന വേദന ഇപ്പോൾ എവിടെ പോയി? മുഖ്യമന്ത്രി മാറുമ്പോൾ പണം ജനങ്ങളുടെതല്ലാതാകുമോ? ഭരണകക്ഷി മാറുമ്പോൾ ഹെലികോപ്ടറിൻ്റെ ഇന്ധനം സൗജന്യമാകുമോ?

കേരളം ഇതുപോലുള്ള നാടകങ്ങൾ പലതവണ കണ്ടിട്ടുണ്ട്. പ്രതിപക്ഷത്തിരിക്കുമ്പോൾ എല്ലാവരും സംന്യാസികൾ. ഭരണത്തിലേറിയാൽ എല്ലാവരും ഭരണസൗകര്യങ്ങളുടെ തത്ത്വചിന്തകർ. പിണറായി വിജയൻ്റെ കാലത്ത് ഹെലികോപ്ടർ കണ്ടാൽ ജനാധിപത്യം കരഞ്ഞുപോകും എന്ന് പറഞ്ഞവർ, ഇന്ന് അതേ ഹെലികോപ്ടർ സ്വന്തം തലക്കു മുകളിൽ ചുറ്റുമ്പോൾ “ഇതൊക്കെ ഭരണത്തിൻ്റെ ഭാഗമാണ്” എന്ന് പറയുന്നു.

ഇവിടെ കുടുംബസ്നേഹത്തെ ചോദ്യം ചെയ്യേണ്ടതില്ല. എന്നാൽ കുടുംബസ്നേഹത്തിന് സർക്കാർ ചെലവിൽ പറക്കണമോ എന്ന ചോദ്യം ചോദിക്കണം. ആശുപത്രിയിൽ കിടക്കുന്ന ബന്ധുവിനെ കാണാൻ പോകുന്ന മനുഷ്യനോട് കരുണ വേണം. പക്ഷേ ആ മനുഷ്യൻ ഒരു സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രി ആണെങ്കിൽ, അദ്ദേഹത്തിൻ്റെ യാത്രയ്ക്ക് പൊതുധനം ഉപയോഗിക്കുന്നതിൻ്റെ ന്യായം പൊതുജനങ്ങളോട് പറയേണ്ട ഉത്തരവാദിത്തവും ഉണ്ട്. സ്വകാര്യ സ്നേഹവും പൊതുപണവും തമ്മിൽ ഒരു അതിർവരമ്പ് വേണം. അതാണ് രാഷ്ട്രീയ മര്യാദ.

അന്ന് പിണറായി വിജയനെതിരെ സതീശൻ ഉയർത്തിയ ‘ഇല്ലാത്ത’ ചോദ്യം തന്നെ ഇന്ന് അദ്ദേഹത്തെ പിന്തുടരുന്നു. അന്ന് ഹെലികോപ്ടർ സംസ്ഥാനത്തിൻ്റെ സുരക്ഷാ-ഭരണ ആവശ്യങ്ങൾക്ക് ആയിരുന്നുവെന്ന് പറഞ്ഞാലും, അത് കേൾക്കാതെ “ധൂർത്ത്” എന്ന് വിളിച്ചു. ഇന്ന് യാത്രയുടെ ലക്ഷ്യം കുടുംബസന്ദർശനമാണെങ്കിൽ, അതിനെ എന്ത് പേരിലാണ് വിളിക്കേണ്ടത്? “ഉദാത്ത കുടുംബസ്നേഹം” എന്നോ? “ഹെലികോപ്ടർ ലാളിത്യം” എന്നോ? “നെഹ്‌റുവിയൻ എയർ സർവീസ്” എന്നോ?

ജനങ്ങൾ മണ്ടന്മാരല്ല. അവർ ഓർക്കും. ആരാണ് എന്ത് പറഞ്ഞത് എന്നും ഓർക്കും. ആരാണ് അധികാരത്തിലെത്തിയപ്പോൾ അത് മറിച്ചത് എന്നും ഓർക്കും. രാഷ്ട്രീയത്തിലെ ഇരട്ടത്താപ്പ് പലപ്പോഴും പ്രസംഗത്തിലല്ല തെളിയുന്നത്; ബില്ലിൽ തെളിയും. ഹെലികോപ്ടറിൻ്റെ പറക്കൽപാതയിൽ തെളിയും. വാർത്താ തലക്കെട്ടിൻ്റെ മൃദുത്വത്തിൽ തെളിയും.

പിണറായി വിജയൻ്റെ കാലത്ത് ഹെലികോപ്ടർ കണ്ടപ്പോൾ ധാർമികക്രോധം പൊട്ടിത്തെറിച്ചവർ, ഇന്ന് അതേ ഹെലികോപ്ടർ സർക്കാർ ആകാശത്ത് പറക്കുമ്പോൾ പൂക്കൾ വിതറുന്നുവെങ്കിൽ, അത് പൊതുജനം കാണുന്നുണ്ട്. അന്ന് “ജനങ്ങളുടെ പണം” എന്ന മുദ്രാവാക്യം വിളിച്ചവർ, ഇന്ന് “മുഖ്യമന്ത്രിയുടെ അടിയന്തരാവശ്യമാണ്” എന്ന് ചൂണ്ടിക്കാട്ടിയാൽ, അതും ജനങ്ങൾ മനസ്സിലാക്കും.

ഹെലികോപ്ടർ പറക്കട്ടെ. സംസ്ഥാനത്തിനാവശ്യമായാൽ പറക്കട്ടെ. ദുരന്തനിവാരണത്തിനായാൽ പറക്കട്ടെ. സുരക്ഷാ ആവശ്യത്തിനായാൽ പറക്കട്ടെ. പക്ഷേ രാഷ്ട്രീയ സത്യസന്ധതയും കൂടെ പറക്കണം. അത് നിലത്തു കിടന്നാൽ ഹെലികോപ്ടർ ഉയർന്നാലും ഭരണത്തിൻ്റെ മാന്യത താഴെയായിരിക്കും.

വി.ഡി.സതീശൻ്റെ ഈ യാത്ര കേരളത്തോട് പറയുന്നത് വളരെ ലളിതമായ കാര്യമാണ്. ചിലർക്ക് അധികാരത്തിലെത്തുന്നതുവരെ ധാർമികത വളരെ വിലയുള്ളതാണ്. അധികാരത്തിലെത്തിയാൽ അത് അധിക ചെലവായി തോന്നും. ചിലർക്കു പ്രതിപക്ഷത്ത് ഹെലികോപ്ടർ ധൂർത്ത്. ഭരണത്തിൽ ഹെലികോപ്ടർ കുടുംബസ്നേഹം. ചിലർക്കു അന്യൻ്റെ യാത്ര ആഡംബരം. സ്വന്തം യാത്ര അനിവാര്യത.

അവസാനം ചോദ്യം ഇത്രയേ ഉള്ളൂ: ഹെലികോപ്ടറിൻ്റെ ഉയരം എത്രയായാലും, നിലപാടിൻ്റെ ഉയരം എവിടെയാണ്? കേരളത്തിന് മറുപടി വേണം.കാരണം പറന്നത് ഒരു മുഖ്യമന്ത്രി മാത്രം അല്ല.പറന്നുപോയത് ഒരു കാലത്ത് അദ്ദേഹം തന്നെ വില്പനയ്ക്ക് വെച്ചിരുന്ന ധാർമികതയാണ്.

COMMENTCancel reply

Recent Articles

Related Articles

Special