ഇ.ഡിയുടെ കുടിലരാഷ്ട്രീയവും ശിവശങ്കർ എന്ന രക്തസാക്ഷിയും

Follow the FOURTH PILLAR LIVE channel on WhatsApp 

ഇന്ത്യയിൽ ഇന്ന് ഒരു വീടിൻ്റെ വാതിൽ പുലർച്ചെ മുട്ടുന്ന ശബ്ദത്തിന് പലപ്പോഴും ഒരു പേരുണ്ട് — എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. ആ ശബ്ദം കേൾക്കുമ്പോൾ ഒരു കുടുംബം ഞെട്ടുന്നു. പാർട്ടി ഓഫീസുകൾ ഉണരുന്നു. ചാനൽ സ്റ്റുഡിയോകൾ ബ്രേക്കിങ് ന്യൂസിനായി തയ്യാറെടുക്കുന്നു. പുറത്തുനിൽക്കുന്നത് അന്വേഷണ ഉദ്യോഗസ്ഥരായിരിക്കാം. എന്നാൽ അവരുടെ പിന്നിൽ കേന്ദ്രാധികാരത്തിൻ്റെ നീണ്ട രാഷ്ട്രീയനിഴലുണ്ടെന്ന സംശയം രാജ്യത്തിൻ്റെ ജനാധിപത്യബോധത്തിൽ കൂടുതൽ കൂടുതൽ ശക്തമാകുകയാണ്.

ഒരു അന്വേഷണ ഏജൻസിയുടെ കാര്യക്ഷമത അളക്കേണ്ടത് പുലർച്ചെ നടത്തിയ റെയ്ഡുകളുടെ എണ്ണത്തിലല്ല. ക്യാമറകൾക്കുമുന്നിൽ കൊണ്ടുപോയ പെട്ടികളുടെയും ഫയലുകളുടെയും ദൃശ്യങ്ങളിലുമല്ല. ചോദ്യംചെയ്തവരുടെയും ജയിലിലടച്ചവരുടെയും നീണ്ട പട്ടികയിലുമല്ല. കോടതിയിൽ സ്ഥാപിച്ച തെളിവും നേടിയ ശിക്ഷയുമാണ് യഥാർഥ അളവുകോൽ. അവിടെയാണ് ഇ.ഡിയുടെ സ്വന്തം കണക്കുപുസ്തകം കേന്ദ്ര സർക്കാരിൻ്റെ അവകാശവാദങ്ങളെ ചോദ്യം ചെയ്യുന്നത്.

2026 മാർച്ച് 31 വരെയുള്ള ഇഡിയുടെ ഔദ്യോഗിക കണക്കുപ്രകാരം പി.എം.എൽ.എ. പ്രകാരം 8,851 എൻഫോഴ്സ്മെൻ്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ടുകൾ രേഖപ്പെടുത്തി. 2,396 പ്രോസിക്യൂഷൻ കംപ്ലെയിൻ്റുകൾ ഫയൽ ചെയ്തു. എന്നാൽ വിചാരണ പൂർത്തിയായത് വെറും 60 കേസുകളിൽ. അതിൽ 56 കേസിലാണ് ശിക്ഷ ഉണ്ടായത്; നാലെണ്ണത്തിൽ വെറുതെവിട്ടു. ഇതാണ് ഇഡി 93.33 ശതമാനം കൺവിക്ഷൻ നിരക്കായി ഉയർത്തിക്കാട്ടുന്നത്.

അക്കത്തിൻ്റെ ഗണിതം തെറ്റല്ല. പക്ഷേ ആ അക്കത്തെ അവതരിപ്പിക്കുന്നതിലാണ് കുടിലത. വിചാരണ പൂർത്തിയായ 60 കേസിൽ 56 ശിക്ഷയെന്നത് 93.33 ശതമാനമാണ്. എന്നാൽ ആകെ രേഖപ്പെടുത്തിയ 8,851 ഇ.സി.ഐ.ആറുമായി താരതമ്യം ചെയ്താൽ ശിക്ഷയിലെത്തിയത് 0.63 ശതമാനം മാത്രം. 2,396 പ്രോസിക്യൂഷൻ കംപ്ലെയിൻ്റുകളുമായി താരതമ്യം ചെയ്താലും ശിക്ഷയിൽ അവസാനിച്ചത് ഏകദേശം 2.3 ശതമാനം മാത്രം.

വിചാരണ പൂർത്തിയായ അതിസൂക്ഷ്മമായ ഒരു വിഭാഗത്തെ മാത്രം തിരഞ്ഞെടുത്ത് വിജയശതമാനം പ്രഖ്യാപിക്കുകയാണ് ഇ.ഡി. വലിയൊരു മുറിയുടെ വാതിൽ അടച്ചിട്ട് ചെറിയൊരു ജനലിലൂടെ ചിത്രം കാണിക്കുന്നതുപോലെ. ജനലിലൂടെ നോക്കുമ്പോൾ വൻവിജയം. വാതിൽ തുറക്കുമ്പോൾ കാണുന്നത് ആയിരക്കണക്കിന് കേസുകൾ, പതിനായിരക്കണക്കിന് മണിക്കൂർ ചോദ്യംചെയ്യലുകൾ, സ്വത്ത് മരവിപ്പിക്കൽ, അറസ്റ്റുകൾ, വർഷങ്ങളോളം നീളുന്ന നിയമയുദ്ധങ്ങൾ — പക്ഷേ വിരലിലെണ്ണാവുന്ന അന്തിമ ശിക്ഷകൾ.

റെയ്ഡുകളുടെ ഭരണകാലം

2014 ഏപ്രിൽ 1 മുതൽ 2025 ഡിസംബർ 31 വരെ പി.എം.എൽ.എ. പ്രകാരം ഇഡി 11,353 പരിശോധനകൾ നടത്തിയതായി കേന്ദ്ര ധനമന്ത്രാലയം ലോക്‌സഭയിൽ അറിയിച്ചു. ഇതേ കാലയളവിൽ 6,508 ഇ.സി.ഐ.ആറുകൾ രേഖപ്പെടുത്തി; 1,135 പേരെ അറസ്റ്റ് ചെയ്തു. 1,876 പ്രോസിക്യൂഷൻ കംപ്ലെയിൻ്റുകളും 589 അനുബന്ധ കംപ്ലെയിൻ്റുകളും സമർപ്പിച്ചു. എന്നാൽ ഈ കാലയളവിൽ ശിക്ഷാ ഉത്തരവ് നേടിയത് 55 കേസിലാണ്.

2014–15ൽ പരിശോധനകളുടെ എണ്ണം 46 ആയിരുന്നത് 2023–24ൽ 2,600 ആയി. 2025–26 സാമ്പത്തികവർഷത്തിലെ ആദ്യ 9 മാസത്തിനുള്ളിൽത്തന്നെ 2,514 പരിശോധനകൾ നടന്നു. അഴിമതിയും കള്ളപ്പണവും ഇത്രയധികം വർധിച്ചതുകൊണ്ടാണോ ഈ കുതിച്ചുചാട്ടം? അതോ കേന്ദ്ര സർക്കാരിൻ്റെ രാഷ്ട്രീയ ആവശ്യങ്ങൾക്കനുസരിച്ച് അന്വേഷണ ഏജൻസിയുടെ പ്രവർത്തനരീതി മാറിയതുകൊണ്ടോ?

2014 മുതൽ 2022 വരെ ഇ.ഡിയുടെ പരിശോധനയ്ക്കും ചോദ്യംചെയ്യലിനും നടപടികൾക്കും വിധേയരായ 121 പ്രമുഖ രാഷ്ട്രീയ നേതാക്കളിൽ 115 പേരും പ്രതിപക്ഷത്തുനിന്നുള്ളവരായിരുന്നു — 95 ശതമാനം. അതേസമയം, കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിട്ടിരുന്ന 25 പ്രതിപക്ഷ നേതാക്കൾ ബി.ജെ.പിയിലേക്ക് മാറിയപ്പോൾ അവരിൽ 23 പേർക്കും കേസുകളിൽ ഏതെങ്കിലും തരത്തിലുള്ള ആശ്വാസം ലഭിച്ചു.

ഇതാണ് രാജ്യത്ത് “വാഷിങ് മെഷീൻ രാഷ്ട്രീയം” എന്ന പരിഹാസത്തിന് വഴിവച്ചത്. പ്രതിപക്ഷത്തുനിൽക്കുമ്പോൾ റെയ്ഡ്. തിരഞ്ഞെടുപ്പ് അടുത്താൽ സമൻസ്. കേന്ദ്ര സർക്കാരിനെ വിമർശിച്ചാൽ അറസ്റ്റ്. ബി.ജെ.പിയുമായി കൈകോർത്താൽ അന്വേഷണത്തിൻ്റെ വേഗം കുറയുന്നു; ഫയലുകൾ തണുത്തുറയുന്നു. ഇന്നലെ അഴിമതിയുടെ പ്രതീകമായി അവതരിപ്പിച്ചയാൾ പാർട്ടി മാറിയാൽ പിറ്റേന്ന് രാഷ്ട്രീയമായി ശുദ്ധീകരിക്കപ്പെടുന്നു.

ഇത് യാദൃച്ഛികമായ ചില സംഭവങ്ങളുടെ കൂട്ടമല്ല. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ സമ്മർദത്തിലാക്കുകയും രാഷ്ട്രീയക്കൂറുമാറ്റം പ്രോത്സാഹിപ്പിക്കുകയും സംസ്ഥാന സർക്കാരുകളെ അസ്ഥിരപ്പെടുത്തുകയും ചെയ്യുന്ന ഭരണരീതിയുടെ ഭാഗമാണ്.

കേരളത്തിൽ തയ്യാറാക്കിയ തിരക്കഥ

ഈ കേന്ദ്ര ഏജൻസി രാഷ്ട്രീയത്തിൻ്റെ ഏറ്റവും വലിയ പരീക്ഷണശാലകളിലൊന്നായിരുന്നു കേരളം. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കണ്ടെത്തിയപ്പോൾ കുറ്റകൃത്യത്തിൻ്റെ യഥാർഥ ഉറവിടവും അന്തർദേശീയ ശൃംഖലയും അന്വേഷിക്കുകയായിരുന്നു വേണ്ടത്. എന്നാൽ അന്വേഷണം വളരെവേഗം മറ്റൊരു ലക്ഷ്യത്തിലേക്ക് തിരിഞ്ഞു. പിണറായി വിജയൻ നേതൃത്വം നൽകിയ എൽ.ഡി.എഫ്. സർക്കാരിനെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും രാഷ്ട്രീയമായി ആക്രമിക്കാനുള്ള ദേശീയതല തിരക്കഥയായി കേസ് മാറ്റപ്പെട്ടു.

അന്നത്തെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറെ ആ തിരക്കഥയുടെ കേന്ദ്രകഥാപാത്രമാക്കി. ചോദ്യംചെയ്യലുകളും അറസ്റ്റും അന്വേഷണത്തിൻ്റെ പേരിലുള്ള ചോർച്ചകളും ചാനൽ ചർച്ചകളും ചേർന്ന് അദ്ദേഹത്തെ മുൻകൂട്ടി ശിക്ഷിക്കുന്ന അന്തരീക്ഷം സൃഷ്ടിച്ചു. നിയമത്തിൻ്റെ കോടതിയിൽ തെളിവുകൾ പരിശോധിക്കപ്പെടുന്നതിനുമുമ്പ് മാധ്യമക്കോടതി വിധി പ്രസ്താവിച്ചു.

എന്നാൽ സ്വർണക്കടത്തിൻ്റെ ഭീകരവാദബന്ധം അന്വേഷിച്ച എൻ.ഐ.എ. 20 പേരെ ഉൾപ്പെടുത്തി സമർപ്പിച്ച കുറ്റപത്രത്തിൽ ശിവശങ്കറുടെ പേര് ഉണ്ടായിരുന്നില്ല. പേര് നിരന്തരം വാർത്തകളിൽ ഉയർത്തിക്കാട്ടുകയും കേന്ദ്ര ഏജൻസികളുടെ കസ്റ്റഡിയും ചോദ്യംചെയ്യലും നേരിടേണ്ടിവരികയും ചെയ്തിട്ടും എൻ.ഐ.എയുടെ കുറ്റപത്രം അദ്ദേഹത്തെ സ്വർണക്കടത്തിൻ്റെ ഭാഗമാക്കിയില്ല.

ആ ഒരു വസ്തുതതന്നെ കേരളത്തിൽ നിർമ്മിച്ച രാഷ്ട്രീയ ആഖ്യാനത്തിൻ്റെ പൊള്ളത്തരം തിരിച്ചറിയാൻ മതിയായിരുന്നു. പക്ഷേ അതിനകം മാധ്യമങ്ങളും യു.ഡി.എഫ്.–ബി.ജെ.പി. നേതൃത്വവും അവർക്കാവശ്യമായ രാഷ്ട്രീയ വിധി പ്രസ്താവിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തിൻ്റെ ആസ്ഥാനമാണെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടു. ഓരോ അഭ്യൂഹവും തെളിവായി പ്രചരിപ്പിച്ചു. ഓരോ ചോർച്ചയും കുറ്റസമ്മതമായി വായിച്ചു.

ശിവശങ്കർ പിന്നീട് കോടതിയിൽ ഉന്നയിച്ചത് അതീവഗൗരവമുള്ള ആരോപണമായിരുന്നു. ഇ.ഡി. നിർദേശിച്ച രാഷ്ട്രീയലക്ഷ്യങ്ങളുടെ പേരുകൾ പറയാൻ തയ്യാറാകാതിരുന്നതിനാലാണ് തന്നെ നടപടികളിലേക്ക് വലിച്ചിഴച്ചതെന്ന് അദ്ദേഹം വാദിച്ചു. മുഖ്യമന്ത്രിയെയും മറ്റു രാഷ്ട്രീയനേതാക്കളെയും ബന്ധിപ്പിക്കുന്ന മൊഴിക്കായി സമ്മർദമുണ്ടായിരുന്നുവെന്ന ആരോപണം കേസിൽ ഉൾപ്പെട്ട മറ്റുള്ളവരിൽനിന്നും ഉയർന്നു. ഇവ വെറും രാഷ്ട്രീയ പ്രസംഗവേദികളിൽ ഉയർന്ന ആരോപണങ്ങളായിരുന്നില്ല. കോടതികൾക്കുമുന്നിലും രേഖകളിലുമായി ഉയർന്ന ചോദ്യങ്ങളായിരുന്നു.

രാധാകൃഷ്ണൻ്റെ കറുത്ത അധ്യായം

സ്വർണക്കടത്ത് കേസിലെ ഇ.ഡി. അന്വേഷണത്തിൻ്റെ നിർണായക ഘട്ടങ്ങൾക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥനായിരുന്നു പി.രാധാകൃഷ്ണൻ. കൊച്ചി സോണൽ ഓഫീസിൽ ചുമതല വഹിച്ചിരുന്ന രാധാകൃഷ്ണൻ്റെ നേതൃത്വത്തിലാണ് അന്വേഷണം ശിവശങ്കറിലേക്കും അവിടെനിന്ന് മുഖ്യമന്ത്രിയിലേക്കും മുഖ്യമന്ത്രിയുടെ കുടുംബത്തിലേക്കും നീട്ടാൻ ശ്രമിച്ചത്.

കേസിൽ ഉൾപ്പെട്ട സന്ദീപ് നായർ കോടതിക്ക് നൽകിയ കത്തിൽ പി.രാധാകൃഷ്ണൻ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രമുഖനായ ഒരാളുടെ മകൻ്റെയും പേര് പറയാൻ നിർബന്ധിച്ചതായി ആരോപിച്ചിരുന്നു. പേര് പറഞ്ഞാൽ കേസിൽ സഹായിക്കാമെന്ന വാഗ്ദാനം നൽകിയതായും പിന്നീട് അദ്ദേഹം പരസ്യമായി പറഞ്ഞു.

ഇ.ഡി. ചോദ്യംചെയ്യലിനിടെ രാഷ്ട്രീയനേതാക്കളുടെ പേരുകൾ പറയാൻ സമ്മർദമുണ്ടായെന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. സ്വപ്ന സുരേഷിൻ്റേതെന്ന് പറയപ്പെട്ട ശബ്ദരേഖയും സന്ദീപ് നായരുടെ കത്തും ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കാനായിരുന്നു തീരുമാനം. എന്നാൽ ഇ.ഡി. കോടതിയെ സമീപിച്ച് അന്വേഷണം സ്റ്റേ ചെയ്യിച്ചു. പിന്നീട് ഹൈക്കോടതി സ്റ്റേ നിലനിർത്തിയത് പ്രധാനമായും സംസ്ഥാന സർക്കാരിൻ്റെ അധികാരപരിധിയും ഇ.ഡിയുടെ നിയമപരമായ നിലയും സംബന്ധിച്ച തർക്കത്തിലാണ്. അത് രാധാകൃഷ്ണനെതിരായ ആരോപണങ്ങളുടെ വസ്തുത പരിശോധിച്ച് നൽകിയ ശുദ്ധിപത്രമായിരുന്നില്ല.

വർഷങ്ങൾക്കുശേഷം അതേ രാധാകൃഷ്ണൻ കൈക്കൂലിയും റെയ്ഡ് വിവരങ്ങൾ ചോർത്തലും ഉൾപ്പെടെയുള്ള പരാതികളുടെ പശ്ചാത്തലത്തിൽ സർവീസിൽനിന്ന് പുറത്താക്കപ്പെട്ടു. അഞ്ചുവർഷം സേവനം ശേഷിക്കെ കേന്ദ്ര ധനമന്ത്രാലയം എഫ്‌.ആർ. 56(ജെ) പ്രകാരം നിർബന്ധിത വിരമിക്കൽ നടപ്പാക്കി. അദ്ദേഹത്തിനെതിരായ പരാതികളിൽ കഴമ്പുണ്ടെന്ന് ആഭ്യന്തര പരിശോധനയിൽ കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ.

ഇവിടെയാണ് കേരളം ചില നിർണായക ചോദ്യങ്ങൾ ചോദിക്കേണ്ടത്. കൈക്കൂലിയും ഔദ്യോഗികവിവരങ്ങൾ ചോർത്തലും സംബന്ധിച്ച പരാതികളുടെ പേരിൽ സ്വന്തം ഏജൻസിയിൽനിന്ന് പുറത്താക്കപ്പെട്ട ഒരുദ്യോഗസ്ഥൻ നേതൃത്വം നൽകിയ രാഷ്ട്രീയപ്രാധാന്യമുള്ള അന്വേഷണങ്ങളുടെ വിശ്വാസ്യത എന്താണ്? അദ്ദേഹത്തിൻ്റെ കാലത്ത് മാധ്യമങ്ങളിലേക്ക് ഒഴുകിയ കഥകൾ എവിടെനിന്നുവന്നു? ആരുടെ നിർദേശപ്രകാരമാണ് അന്വേഷണത്തിൻ്റെ ദിശ അന്നത്തെ മുഖ്യമന്ത്രിയിലേക്കും കുടുംബത്തിലേക്കും തിരിക്കാൻ ശ്രമിച്ചത്? കേന്ദ്ര ഏജൻസിയുടെ ഔദ്യോഗിക നടപടിയും രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണവും ഒരേ സമയക്രമത്തിൽ സഞ്ചരിച്ചത് എങ്ങനെ?

രാധാകൃഷ്ണനെതിരായ നടപടിതന്നെ അദ്ദേഹം നേതൃത്വം നൽകിയ എല്ലാ അന്വേഷണവും അസാധുവാക്കുന്നു എന്ന യാന്ത്രിക വാദമല്ല ഇത്. പക്ഷേ ആ അന്വേഷണത്തിൻ്റെ രീതിയെയും ചോർച്ചകളെയും മൊഴിയെടുക്കൽ സമ്പ്രദായത്തെയും രാഷ്ട്രീയലക്ഷ്യത്തെയും സ്വതന്ത്രമായി പരിശോധിക്കണമെന്ന ആവശ്യം അതോടെ കൂടുതൽ ശക്തമാകുന്നു. സ്വന്തം ഉദ്യോഗസ്ഥനെതിരായ ഗുരുതര പരാതികൾ അംഗീകരിച്ച് കേന്ദ്രം പുറത്താക്കുമ്പോൾ, ആ ഉദ്യോഗസ്ഥൻ തകർക്കാൻ ശ്രമിച്ച മനുഷ്യരുടെ ജീവിതത്തെക്കുറിച്ച് ആരാണ് ഉത്തരവാദിത്വം ഏറ്റെടുക്കുക?

ശിവശങ്കർ: വേട്ടയുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി

എം.ശിവശങ്കറുടെ ജീവിതത്തിൽ സംഭവിച്ചത് ഒരു ഉദ്യോഗസ്ഥനെതിരായ സാധാരണ അന്വേഷണ നടപടിയല്ല. ഒരു വ്യക്തിയെ രാഷ്ട്രീയലക്ഷ്യത്തിൻ്റെ പ്രതീകമാക്കി മാറ്റിയ ദേശീയ ഏജൻസി വേട്ടയായിരുന്നു. അദ്ദേഹം ഭരണകൂടത്തിൻ്റെ ഭാഗമായിരുന്നു എന്ന ഒറ്റക്കാരണത്താൽ ഒരു സർക്കാരിനെ ആക്രമിക്കാനുള്ള ലക്ഷ്യമായി അദ്ദേഹത്തിൻ്റെ വ്യക്തിജീവിതം ഉപയോഗിക്കപ്പെട്ടു.

അദ്ദേഹത്തിൻ്റെ ആരോഗ്യം തകർന്നു. സ്വാതന്ത്ര്യം നഷ്ടപ്പെട്ടു. വ്യക്തിജീവിതം കലുഷിതമായി. ദശാബ്ദങ്ങളുടെ മികവുണ്ടായിരുന്ന ഔദ്യോഗികജീവിതം അപകീർത്തിയുടെ മൂടൽമഞ്ഞിലാക്കി. ചാനൽ സ്റ്റുഡിയോകളിൽ ദിവസങ്ങളോളം വിചാരണ നടന്നു. നിയമത്തിൻ്റെ കോടതിയിൽ അവസാനവാക്ക് വരുന്നതിനുമുമ്പുതന്നെ പൊതുസമൂഹത്തിൻ്റെ മുന്നിൽ ശിക്ഷ നടപ്പാക്കി.

ഇവിടെയാണ് ശിവശങ്കർ കേന്ദ്ര ഏജൻസി വേട്ടയുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയായി മാറുന്നത്. രക്തസാക്ഷിത്വം എല്ലായ്പ്പോഴും ജീവൻ നഷ്ടപ്പെടുന്നതിൽ മാത്രമല്ല. അധികാരത്തിൻ്റെ രാഷ്ട്രീയ ആവശ്യത്തിനുവേണ്ടി ഒരാളുടെ സ്വാതന്ത്ര്യവും ആരോഗ്യവും കുടുംബസമാധാനവും സൽപ്പേരും കവർന്നെടുക്കുന്നതും വ്യക്തിയെ സാമൂഹികമായി വധിക്കുന്നതിൻ്റെ മറ്റൊരു രൂപമാണ്.

ഇ.ഡിയുടെ ലക്ഷ്യം കോടതിയിൽ സത്യം തെളിയിക്കുക മാത്രമായിരുന്നെങ്കിൽ രഹസ്യാന്വേഷണ വിവരങ്ങൾ മാധ്യമങ്ങളിലേക്കൊഴുകിയതെങ്ങനെ? ഓരോ ചോദ്യംചെയ്യലിനുമുമ്പും ശേഷവും രാഷ്ട്രീയ പ്രസ്താവനകൾ വന്നതെങ്ങനെ? തെളിവുകളുടെ പരിശോധന പൂർത്തിയാകുന്നതിനുമുമ്പ് മുഖ്യമന്ത്രിയുടെ ഓഫീസിനെ കുറ്റകൃത്യത്തിൻ്റെ കേന്ദ്രമായി ചിത്രീകരിച്ചതെങ്ങനെ? അന്വേഷണത്തിൻ്റെ മറവിൽ ഒരാളെ മാസങ്ങളും വർഷങ്ങളും തടവിലിടുക, സമൂഹത്തിനുമുന്നിൽ കളങ്കപ്പെടുത്തുക, ഒടുവിൽ വിചാരണ അനന്തമായി നീട്ടുക — ഇതാണ് “നിയമനടപടിതന്നെ ശിക്ഷയാകുന്നു” എന്ന അവസ്ഥ.

പി.എം.എൽ.എ. പോലുള്ള കർശനനിയമത്തിൽ ജാമ്യം നേടുക പ്രയാസകരമാണ്. സ്വത്ത് മരവിപ്പിക്കാം. അക്കൗണ്ടുകൾ തടയാം. ദീർഘനാൾ കസ്റ്റഡിയിൽവയ്ക്കാം. ഒടുവിൽ കുറ്റം തെളിയാത്ത സാഹചര്യത്തിലും നഷ്ടപ്പെട്ട വർഷങ്ങൾ തിരിച്ചുനൽകാൻ ഒരു കോടതിക്കും കഴിയില്ല. അതുകൊണ്ടാണ് സുപ്രീംകോടതി പി.എം.എൽ.എ. കേസുകളിലും “ജാമ്യമാണ് ചട്ടം; ജയിൽ അപവാദമാണ്” എന്ന ഭരണഘടനാതത്വം ആവർത്തിച്ചത്. വ്യക്തിസ്വാതന്ത്ര്യം ഉറപ്പുനൽകുന്ന ഭരണഘടനയുടെ 21ാം അനുച്ഛേദത്തിൻ്റെ ലളിതമായ വ്യാഖ്യാനമാണ് ഈ തത്വമെന്നും കോടതി വ്യക്തമാക്കി.

ലൈഫ് മിഷനെതിരായ രാഷ്ട്രീയാക്രമണം

ലൈഫ് മിഷൻ പദ്ധതിയെ ചുറ്റിപ്പറ്റിയും ഇതേ രീതിയാണ് ആവർത്തിച്ചത്. ഭവനരഹിതർക്ക് വീട് നൽകുന്ന കേരളത്തിൻ്റെ അഭിമാനപദ്ധതിയെ അഴിമതിയുടെ രാഷ്ട്രീയ ബ്രാൻഡാക്കി മാറ്റാൻ കേന്ദ്ര ഏജൻസികളും പ്രതിപക്ഷവും ശ്രമിച്ചു. റെഡ് ക്രസൻ്റുമായി ബന്ധപ്പെട്ട ആരോപണങ്ങളെ സർക്കാർ നടപ്പാക്കിയ സമഗ്ര ലൈഫ് മിഷൻ പദ്ധതിയുമായി മനഃപൂർവം കൂട്ടിക്കലർത്തി.

ഇവിടെയും ശിവശങ്കറെ വീണ്ടും കേന്ദ്രസ്ഥാനത്തേക്ക് വലിച്ചുകൊണ്ടുവന്നു. അന്വേഷണനടപടികൾ കോടതി വിധിയെന്നപോലെ അവതരിപ്പിക്കപ്പെട്ടു. ഒരു ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ട ആരോപണം മുഴുവൻ പദ്ധതിയുടെയും സർക്കാരിൻ്റെയും കുറ്റമായി ചിത്രീകരിച്ചു. പദ്ധതിയുടെ ഭാഗമായി വീട് ലഭിച്ച സാധാരണ മനുഷ്യരുടെ ജീവിതമല്ല വാർത്തയായത്; ഇ.ഡി. തയ്യാറാക്കിയ രാഷ്ട്രീയകഥയാണ് വാർത്തയായത്.

കേരളത്തിൽ പൊതുമേഖലയെയും ജനക്ഷേമപദ്ധതികളെയും തകർക്കാനുള്ള വലതുപക്ഷ രാഷ്ട്രീയത്തിൻ്റെ വിശാലമായ പദ്ധതിയിൽനിന്ന് ഇതിനെ വേർതിരിച്ചുകാണാനാകില്ല. കിഫ്ബിക്കെതിരായ ആക്രമണം, ലൈഫ് മിഷനെതിരായ പ്രചാരണം, സഹകരണമേഖലയെ ലക്ഷ്യമിട്ട നീക്കങ്ങൾ — എല്ലായിടത്തും കേന്ദ്ര ഏജൻസികളുടെ സാന്നിധ്യവും ബി.ജെ.പി.–യു.ഡി.എഫ്. രാഷ്ട്രീയത്തിൻ്റെ ശബ്ദവും പരസ്പരം ശക്തിപ്പെടുത്തുന്നതാണ് കണ്ടത്. അന്വേഷണം അഴിമതി കണ്ടെത്താനുള്ള നിയമപ്രക്രിയയായി നിലനിൽക്കാതെ വികസനപദ്ധതികളെ സംശയത്തിൻ്റെ നിഴലിലാക്കാനുള്ള രാഷ്ട്രീയപ്രചാരണമായി മാറി.

ഇ.ഡിയുടെ യഥാർഥ വിജയമെന്ത്?

ഇഡിയുടെ വിജയമായി എന്താണ് പരിഗണിക്കേണ്ടത്? കോടതിയിൽ ശിക്ഷ നേടുന്നതോ? അതോ തിരഞ്ഞെടുപ്പിനു മുമ്പ് പ്രതിപക്ഷ സർക്കാരിനെ പ്രതിരോധത്തിലാക്കുന്നതോ? കള്ളപ്പണം കണ്ടെത്തുന്നതോ? അതോ മാധ്യമങ്ങളിൽ കുറ്റാരോപണങ്ങളുടെ പ്രളയം സൃഷ്ടിക്കുന്നതോ?

8,851 ഇ.സി.ഐ.ആറുകളിൽ ശിക്ഷ 56 മാത്രമാണെങ്കിൽ ബാക്കിയുള്ള ആയിരക്കണക്കിന് കേസുകളുടെ ലക്ഷ്യം എന്തായിരുന്നു? കോടതിവിധിയിലേക്കെത്താതെ വർഷങ്ങളോളം നീളുന്ന കേസുകൾ അന്വേഷണമാണോ, രാഷ്ട്രീയ നിയന്ത്രണോപാധിയാണോ? കുറ്റം തെളിയിക്കുന്നതിന് മുമ്പുതന്നെ ഒരാളുടെ സാമൂഹികജീവിതം തകർക്കുന്നത് നിയമവാഴ്ചയാണോ?

സർക്കാരിൻ്റെ മറുപടി തയ്യാറാണ്: വിചാരണ പൂർത്തിയായ കേസുകളിൽ ശിക്ഷാനിരക്ക് ഉയർന്നതാണ്. പക്ഷേ വിചാരണയിലേക്കെത്തുന്ന കേസുകളുടെ എണ്ണം മറച്ചുവച്ച് മാത്രം ആ അവകാശവാദം നിലനിൽക്കില്ല. ആയിരക്കണക്കിന് ഇ.സി.ഐ.ആറുകളിൽ വെറും 60 കേസുകളിൽ മാത്രമാണ് വിചാരണ പൂർത്തിയായതെന്ന യാഥാർഥ്യമാണ് പ്രധാനപ്പെട്ടത്.

കേസെടുക്കുന്നത് എളുപ്പമാണ്. പുലർച്ചെ റെയ്ഡ് നടത്തുന്നത് എളുപ്പമാണ്. ക്യാമറയ്ക്കുമുന്നിൽ ഒരാളെ കൊണ്ടുനടക്കുന്നത് എളുപ്പമാണ്. മാധ്യമങ്ങളിലേക്ക് തിരഞ്ഞെടുത്ത വിവരങ്ങൾ ചോർത്തുന്നതും എളുപ്പമാണ്. എന്നാൽ കോടതിയിൽ തെളിവുനിർത്തുകയും നിഷ്പക്ഷമായി വിചാരണ നടത്തുകയും കുറ്റം സംശയാതീതമായി തെളിയിക്കുകയും ചെയ്യുക അത്ര എളുപ്പമല്ല.

ഫെഡറലിസത്തിനെതിരായ ആയുധം

ഇ.ഡിയുടെ ദുരുപയോഗം വ്യക്തികളുടെ പ്രശ്നം മാത്രമല്ല. ഇന്ത്യയുടെ ഫെഡറൽ ഘടനയ്ക്കെതിരായ വെല്ലുവിളിയാണ്. ജനങ്ങൾ തിരഞ്ഞെടുത്ത സംസ്ഥാന സർക്കാരുകളെ കേന്ദ്ര ഏജൻസികളുടെ ഭീഷണിയിൽ നിർത്തുമ്പോൾ സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ സ്വയംഭരണമാണ് ദുർബലമാകുന്നത്.

കേരളത്തിൽ നടന്നത് ഒരു ഉദ്യോഗസ്ഥനെതിരായ വേട്ട മാത്രമായിരുന്നില്ല. കേരളത്തിൻ്റെ ഇടതുപക്ഷ രാഷ്ട്രീയത്തെയും വികസനബദലിനെയും ജനക്ഷേമഭരണത്തെയും അപകീർത്തിപ്പെടുത്താനുള്ള ആക്രമണമായിരുന്നു. സംസ്ഥാനത്തെ ജനങ്ങൾ നൽകിയ ജനവിധിയെ ഇഡിയുടെ നോട്ടീസുകളും റെയ്ഡുകളും ഉപയോഗിച്ച് തിരുത്താനുള്ള ശ്രമമായിരുന്നു.

ഈ രാഷ്ട്രീയപദ്ധതിയിൽ ശിവശങ്കർ ഒരു മനുഷ്യകവചമായി ഉപയോഗിക്കപ്പെട്ടു. അദ്ദേഹത്തെ ആക്രമിച്ചാൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ ആക്രമിക്കാം; മുഖ്യമന്ത്രിയുടെ ഓഫീസിനെ ആക്രമിച്ചാൽ സർക്കാരിനെ ആക്രമിക്കാം; സർക്കാരിനെ ആക്രമിച്ചാൽ കേരളത്തിൻ്റെ ഇടതുപക്ഷ ബദലിനെ ദുർബലപ്പെടുത്താം — ഇതായിരുന്നു കണക്കുകൂട്ടൽ.

എന്നാൽ വർഷങ്ങൾക്കുശേഷം ആ രാഷ്ട്രീയനാടകം ഒരുക്കിയവരോടാണ് ചരിത്രം ചോദ്യം ചോദിക്കുന്നത്. എൻ.ഐ.എയുടെ കുറ്റപത്രത്തിൽ ശിവശങ്കറില്ല. മുഖ്യമന്ത്രിക്കെതിരെ പേരുപറയാൻ സമ്മർദമുണ്ടായെന്ന ആരോപണങ്ങൾ പുറത്തുവന്നു. അന്വേഷണത്തിന് നേതൃത്വം നൽകിയ രാധാകൃഷ്ണൻ കൈക്കൂലി–വിവരചോർച്ച പരാതികളുടെ പശ്ചാത്തലത്തിൽ സർവീസിൽനിന്ന് പുറത്തായി. ഇഡിയുടെ ആകെ കേസുകളോട് താരതമ്യം ചെയ്യുമ്പോൾ ശിക്ഷാനിരക്ക് ഒരു ശതമാനത്തിലും താഴെയാണ്. എന്നിട്ടും നഷ്ടപ്പെട്ട ശിവശങ്കറുടെ ജീവിതവർഷങ്ങൾക്ക് ആരാണ് കണക്ക് പറയുക?

നിയമമോ രാഷ്ട്രീയ ആയുധമോ?

ഇത് അഴിമതിക്കെതിരായ അന്വേഷണം വേണ്ടെന്ന വാദമല്ല. കള്ളപ്പണം, സാമ്പത്തിക തട്ടിപ്പ്, മണി ലോണ്ടറിങ് എന്നിവ ഗുരുതര കുറ്റങ്ങളാണ്. അവ അന്വേഷിക്കാൻ ശക്തമായ ഏജൻസികൾ ആവശ്യമാണ്. എന്നാൽ ശക്തി എന്നത് ഭരണകക്ഷിയോടുള്ള അനുസരണമല്ല; ഭരണഘടനയോടും നിയമത്തോടുമുള്ള അനുസരണമാണ്. ഒരു ഏജൻസി പ്രതിപക്ഷത്തുള്ളവരോട് മാത്രം കഠിനവും ഭരണകക്ഷിയിലുള്ളവരോട് മൃദുവുമാകുമ്പോൾ അത് നീതിയുടെ ഉപകരണമല്ല. അധികാരത്തിൻ്റെ സ്വകാര്യസേനയാണ്.

ആർക്കെതിരെ കേസെടുക്കുന്നു? ഏത് സമയത്താണ് റെയ്ഡ് നടത്തുന്നത്? തിരഞ്ഞെടുപ്പിനു മുമ്പ് ചില കേസുകൾക്ക് അസാധാരണ വേഗം ലഭിക്കുന്നതെന്തുകൊണ്ട്? പാർട്ടി മാറിയവരുടെ ഫയലുകൾ നിശ്ശബ്ദമാകുന്നതെന്തുകൊണ്ട്? മാധ്യമങ്ങളിലേക്ക് അന്വേഷണവിവരങ്ങൾ ചോർന്നെത്തുന്നതെങ്ങനെ? രാഷ്ട്രീയനേതാക്കളുടെ പേരുകൾ പറയാൻ സമ്മർദമുണ്ടായെന്ന പരാതികൾ എന്തുകൊണ്ട് സ്വതന്ത്രമായി അന്വേഷിക്കപ്പെടുന്നില്ല? ഇവയ്ക്ക് ഉത്തരം നൽകാതെ ഇ.ഡിക്ക് ജനവിശ്വാസം വീണ്ടെടുക്കാനാകില്ല.

ഇ.ഡി. ഒരു രാഷ്ട്രീയ പാർട്ടിയുടെ സ്വകാര്യ സേനയല്ല. റിപ്പബ്ലിക്കിൻ്റെ അന്വേഷണ ഏജൻസിയാണ്. അതിൻ്റെ വാതിൽമുട്ടൽ കേൾക്കുമ്പോൾ ജനങ്ങൾക്ക് നിയമത്തിൽ വിശ്വാസം തോന്നണം; കേന്ദ്രഭരണത്തിൻ്റെ പ്രതികാരഭയം തോന്നരുത്. എന്നാൽ ഇന്നത്തെ ഇന്ത്യയിൽ ഇ.ഡിയുടെ പേര് കേൾക്കുമ്പോൾ ആദ്യം ഓർമവരുന്നത് അഴിമതിവിരുദ്ധ പോരാട്ടമല്ല. പ്രതിപക്ഷ നേതാവിൻ്റെ അറസ്റ്റ്, ബി.ജെ.പിയിലേക്കുള്ള കൂറുമാറ്റം, തിരഞ്ഞെടുപ്പിനു മുമ്പുള്ള റെയ്ഡ്, മാധ്യമങ്ങളിലെ കുറ്റപ്രചാരണം എന്നിവയാണ്. ജനാധിപത്യത്തിന് ഇതിലും വലിയ പരാജയമില്ല.

കേരളം ഈ പരാജയം അടുത്തുനിന്ന് കണ്ടു. സ്വർണക്കടത്ത് കേസിൽ കണ്ടു. ലൈഫ് മിഷനിൽ കണ്ടു. ശിവശങ്കറുടെ വേട്ടയാടപ്പെട്ട ജീവിതത്തിൽ കണ്ടു. ഒടുവിൽ അന്വേഷണത്തിൻ്റെ രാഷ്ട്രീയമുഖമായി നിന്ന രാധാകൃഷ്ണൻ്റെ നിർബന്ധിത വിരമിക്കലിലും കണ്ടു.

ഇ.ഡിയുടെ കണക്കുപുസ്തകം ഇന്നത്തെ ഇന്ത്യയോട് പറയുന്നത് വ്യക്തമാണ്. റെയ്ഡ് നടത്തുന്നത് എളുപ്പമാണ്. അറസ്റ്റ് ചെയ്യുന്നത് എളുപ്പമാണ്. മനുഷ്യരെ അപകീർത്തിപ്പെടുത്തുന്നതും എളുപ്പമാണ്. എന്നാൽ ജനാധിപത്യത്തിൽ ഏറ്റവും ബുദ്ധിമുട്ടുള്ളത് നിഷ്പക്ഷമായി പ്രവർത്തിക്കുക, കോടതിയിൽ സത്യം തെളിയിക്കുക, നീതിയോട് സത്യസന്ധരായിരിക്കുക എന്നിവയാണ്. ആ പരീക്ഷയിൽ ഇ.ഡി. ഇപ്പോഴും വിജയിച്ചിട്ടില്ല. അതിൻ്റെ വില നൽകിയത് ശിവശങ്കറെപ്പോലുള്ള മനുഷ്യരാണ് — കേന്ദ്ര ഏജൻസികളുടെ കുടിലരാഷ്ട്രീയത്തിൻ്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷികൾ.

COMMENTCancel reply

Recent Articles

Related Articles

Special