Home Business ധവളപത്രം മറച്ചുവെച്ച ചില സത്യങ്ങൾ

ധവളപത്രം മറച്ചുവെച്ച ചില സത്യങ്ങൾ

Follow the FOURTH PILLAR LIVE channel on WhatsApp 

10 വർഷം നീണ്ട എൽ.ഡി.എഫ്. ഭരണം മോശമാണെന്നു വരുത്തിത്തീർക്കാൻ വേണ്ടി മാത്രമാണ് യു.ഡി.എഫ്. സർക്കാർ ധവളപത്രം പുറത്തിറക്കിയതെന്ന കാര്യം കേരളത്തിലെ കൊച്ചുകുട്ടികൾക്കു പോലുമറിയാ. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി ധനവകുപ്പിൻ്റെ കൂടി ചുമതല വഹിക്കുന്ന മുഖ്യമന്ത്രി വി.ഡി.സതീശൻ പല സത്യങ്ങളും മറച്ചുവെച്ചു.

കേരളത്തിൻ്റെ വരുമാനം അല്ലെങ്കിൽ ജി.എസ്.ഡി.പിയാണ് മറച്ചുവെച്ചതിൽ ഏറ്റവും പ്രധാനപ്പെട്ടത്. ഒരു നിശ്ചിത സാമ്പത്തിക വർഷത്തിൽ, ഒരു സംസ്ഥാനത്തിൻ്റെയോ കേന്ദ്രഭരണ പ്രദേശത്തിൻ്റെയോ പരിധിക്കുള്ളിൽ ഉത്പാദിപ്പിക്കപ്പെടുന്ന എല്ലാ അന്തിമ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും ആകെ ധനമൂല്യമാണ് സംസ്ഥാന മൊത്ത ആഭ്യന്തര ഉത്പാദനം അഥവാ ഗ്രോസ് സ്റ്റേറ്റ് ഡൊമസ്റ്റിക് പ്രൊഡക്ട് എന്ന ജി.എസ്.ഡി.പി. ഉമ്മൻ ചാണ്ടി സർക്കാർ 2016ൽ അധികാരമൊഴിയുമ്പോൾ കേരളത്തിൻ്റെ ജി.എസ്.ഡി.പി. വെറും 5.88 ലക്ഷം കോടി രൂപ ആയിരുന്നു. പിണറായി വിജയൻ്റെ കാലത്ത് 2025 വരെയുള്ള കണക്കുപ്രകാരം തന്നെ കേരളം 14.27 ലക്ഷം കോടിയിലേക്ക് ജി.എസ്.ഡി.പി. വർധിപ്പിച്ച സംസ്ഥാനമാണ്.

കേരളത്തിൻ്റെ കടം 10 വർഷം കൊണ്ട് അഞ്ചിരട്ടിയായി എന്നാണ് സതീശൻ അടക്കം എല്ലാ കോൺഗ്രസുകാരും പറയുന്നത്. ഈ വിഷയത്തിലാണ് വരുമാനത്തിന് പ്രാധാന്യമേറുന്നത്. വരുമാനത്തിൻ്റെ കാര്യം പറയാതെ കടത്തെപ്പറ്റി മാത്രം പറയുന്നത് ദുഷ്ടലാക്കോടെയാണ്.

വരുമാനം വർധിക്കുമ്പോൾ, സമ്പദ്ഘടന വളരുമ്പോൾ കടം എടുക്കുന്നതും കൂടും. 100 രൂപ വരുമാനം ഉള്ളവൻ 10 രൂപ കടം വാങ്ങും. 1000 രൂപ വരുമാനം ഉള്ളവൻ 100 രൂപ കടം വാങ്ങും. രണ്ട് പേരുടെയും കടം വരുമാനത്തിൻ്റെ 10 ശതമാനം ആണ്. കേരളത്തിൻ്റെ 10 ശതമാനം അല്ല അംബാനിയുടെയും അദാനിയുടെയുമൊക്കെ 10 ശതമാനം എന്നു സാരം. ഈ താരതമ്യം ശരിയാവണമെങ്കിൽ വരുമാനം എന്ന മാനകം വേണം. സതീശൻ സൗകര്യപൂർവം വരുമാനത്തിൻ്റെ കാര്യം പറയാതിരിക്കുന്നതും അതിനാൽത്തന്നെയാണ്.

അഭ്യന്തര വരുമാനത്തിൻ്റെയും പൊതുകടത്തിൻ്റെയും അനുപാത കണക്കെടുത്താൽ ഇന്ത്യയിൽ തന്നെ ആദ്യ 10 സ്ഥാനങ്ങളിൽ കേരളം ഉണ്ടാകില്ല.അപ്പോഴാണ് ‘അയ്യോ കടം കടം’ എന്ന നിലവിളി ഉയ‍‌ർത്തുന്നത്.

കേരളത്തിൻ്റെ കടം

    • 2016 – 1.6 ലക്ഷം കോടി രൂപ
    • 2025 – 4.81 ലക്ഷം കോടി രൂപ
    • വ്യത്യാസം – 3 ലക്ഷം കോടി രൂപ

കേരളത്തിൻ്റെ സ്വത്ത് – ജി.എസ്.ഡി.പി.

    • 2016 – 5.61 ലക്ഷം കോടി രൂപ
    • 2025 – 14.27 ലക്ഷം കോടി രൂപ
    • വ്യത്യാസം – 9 ലക്ഷം കോടി രൂപ

അതായത് കടം 3 ലക്ഷം കോടി രൂപ വ‍ർധിച്ചെങ്കില്‍ പൊതുസ്വത്ത് അതിൻ്റെ മൂന്നിരട്ടിയായ 9 ലക്ഷം കോടി രൂപ വർധിച്ചു. ഓഖി, നിപ, 2 മഹാപ്രളയങ്ങൾ, 2 വർഷം നീണ്ട കോവിഡ്, വയനാട് ഉരുൾപൊട്ടൽ തുടങ്ങി എല്ലാവിധ പ്രതിലോമകരമായ വളർച്ച മുരടിപ്പ് ഉണ്ടായിട്ടും കേരളത്തിൻറെ പൊതുസ്വത്തിൽ 300 ശതമാനത്തിൻ്റെ വർധന. ഇത് വളരെ നിര്‍ണായകമാണ്.

മൊത്തം ആഭ്യന്തര ഉത്പാദനം അഥവാ ജി.ഡി.പിയും 40 ശതമാനം വരെ സംസ്ഥാനങ്ങൾക്ക് കടമെടുക്കാം എന്നാണ് പ്രമാണം. കേരളത്തിൽ അത് 34 ശതമാനത്തിൽ താഴെയാണ്. അനുവദനീയ പരിധിയിലും കുറഞ്ഞ കടം മാത്രമേ കേരളത്തിനുള്ളു. പക്ഷേ, ഇത് ജനത്തിനു മനസ്സിലാവണമെങ്കിൽ എല്ലാ വിവരവും അവർക്കു മുന്നിലെത്തണം. പകുതി മാത്രം പറയുമ്പോൾ മറഞ്ഞിരിക്കുന്ന സത്യം കളവിൻ്റെ ഫലം ചെയ്യുന്നു.


Discover more from Fourth Pillar

Subscribe to get the latest posts sent to your email.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe for notification
Exit mobile version