Home Business ഇടപെടാതെ സർക്കാർ; മിൽമ പാലിനും തൈരിനും നാളെ മുതൽ വിലകൂടും

ഇടപെടാതെ സർക്കാർ; മിൽമ പാലിനും തൈരിനും നാളെ മുതൽ വിലകൂടും

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിൻ്റെ പുതുക്കിയ നിരക്ക് ജൂൺ 1 മുതൽ പ്രാബല്യത്തിലാകും. വില വർധിപ്പിക്കാനുള്ള മിൽമയുടെ തീരുമാനത്തിൽ ഇടപെടാനില്ലെന്ന നിലപാട് സർക്കാർ സ്വീകരിച്ചതോടെ ഭാരം ജനങ്ങൾക്കാകുമെന്നുറപ്പായി. കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാരിൻ്റെ കാലത്താണ് വില കൂട്ടാനുള്ള തീരുമാനമുണ്ടായതെന്നാണ് യു.ഡി.എഫ്. സർക്കാരിൻ്റെ വാദം. എന്നാൽ, മുഖ്യമന്ത്രി വി.ഡി.സതീശനുമായി ചർച്ച നടത്തിയിട്ടാണ് പാൽ വില കൂട്ടാൻ തീരുമാനിച്ചതെന്ന് മിൽമയുടെ തലപ്പത്തുള്ളവർ വ്യക്തമാക്കിയിരുന്നു. മിൽമ പാൽ വില കൂട്ടിയത് എൽ.ഡി.എഫാണെങ്കിൽ കെ-റെയിൽ പദ്ധതി പിൻവലിച്ചപോലെ ചെയ്യാമല്ലോ എന്ന ചോദ്യം സമൂഹമാധ്യമങ്ങളിൽ വ്യാപകമാണ്.

മിൽമ പാൽ ലീറ്ററിന് 4 രൂപയാണു വർധിക്കുന്നത്. തൈരിന് കിലോയ്ക്ക് 10 രൂപ കൂടും. മറ്റു പാൽ ഉൽപന്നങ്ങൾക്ക് വരുംദിവസങ്ങളിൽ ആനുപാതികമായി വില കൂട്ടാൻ നീക്കമുണ്ട്. പാൽ കവറുകളിൽ പഴയ വിലയാണു രേഖപ്പെടുത്തിയിട്ടുള്ളത്. പുതിയ വില പ്രിൻ്റ് ചെയ്യുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഒരു മാസം വരെ ഇതു തുടരുമെന്ന് മിൽമ അറിയിച്ചു.

ക്ഷീരകർഷകരുടെ ചെലവ് വർധിച്ച സാഹചര്യത്തിലാണു പാൽവില കൂട്ടുന്നതെന്നാണ് ന്യായീകരണം. ലീറ്ററിന് 4 രൂപ കൂട്ടുമ്പോൾ മൊത്തം വർധനയുടെ 83.75% തുക (3.35 രൂപ) കർഷകർക്കു ലഭിക്കുമെന്നും മിൽമ പറയുന്നു. ഏറ്റവും ഒടുവിൽ മിൽമ പാൽവില കൂട്ടിയത് 2022 ഡിസംബർ 1നായിരുന്നു – ലീറ്ററിന് 6 രൂപ.

പാൽ, തൈര് വില (പുതുക്കിയ വില, നിലവിലെ വില ബ്രാക്കറ്റിൽ എന്ന ക്രമത്തിൽ)

പാൽ
ഡബിൾ ടോൺഡ് മിൽക് (500 മില്ലി – മിൽമ സ്മാർട്) മഞ്ഞ കവർ: 27 (25)
ഹോമോജനൈസ്ഡ് ടോൺഡ് മിൽക് (525 മില്ലി) നീല കവർ: 30 (28)
മിൽമ പ്രൈഡ് (500 മില്ലി– ഹോമോജനൈസ്ഡ്) ഓറഞ്ച് കവർ: 30 (28)
മിൽമ റിച്ച് സ്റ്റാൻഡേഡൈസ്ഡ് മിൽക് (500 മില്ലി – ഹോമോജനൈസ്ഡ്) പച്ച കവർ: 32 (29)
കൗ മിൽക് (ഒരു ലീറ്റർ ബോട്ടിൽ): 75 (70)

തൈര്
ക്ലാസിക് (525 ഗ്രാം): 40 (35)
എലൈറ്റ് (500 ഗ്രാം): 45 (40)


Discover more from Fourth Pillar

Subscribe to get the latest posts sent to your email.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe for notification
Exit mobile version