Home Business കേരളം കടക്കെണിയിലെന്നു പറഞ്ഞ് വോട്ടു വാങ്ങിയ സതീശൻ സർക്കാർ കടമെടുത്തു തുടങ്ങി; ആദ്യ പടിയായി 1800...

കേരളം കടക്കെണിയിലെന്നു പറഞ്ഞ് വോട്ടു വാങ്ങിയ സതീശൻ സർക്കാർ കടമെടുത്തു തുടങ്ങി; ആദ്യ പടിയായി 1800 കോടി

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: സംസ്ഥാനത്തെ കടക്കെണിയിലാക്കുന്നു എന്ന പേരിൽ എൽ.ഡി.എഫിനെ കുറ്റപ്പെടുത്തി അധികാരത്തിലേറിയ യു.ഡി.എഫും കടമെടുപ്പിൻ്റെ വഴിയിൽ. പൊതുവിപണിയില്‍ നിന്ന് 1800 കോടി രൂപ കടമെടുക്കാൻ വി.ഡി.സതീശൻ സര്‍ക്കാർ നടപടി തുടങ്ങി. തിരഞ്ഞെടുപ്പിനു മുമ്പു പറഞ്ഞതെല്ലാം വിഴുങ്ങുക എന്ന നിലപാടാണ് യു.ഡി.എഫ്. ഇക്കാര്യത്തിലും സ്വീകരിച്ചരിക്കുന്നത്.

എൽ.ഡി.എഫ്. അധികാരമൊഴിയുമ്പോൾ മെയ് 1ലെ കണക്കു പ്രകാരം ഖജനാവിൽ 5429 കോടി രൂപ ബാക്കിയുണ്ടായിരുന്നതായി ധനവകുപ്പിൻ്റെ വിവരാവകാശ രേഖ പുറത്തുവന്നിരുന്നു. ഇതിനൊപ്പമാണ് 1800 കോടി കടമെടുക്കുന്ന എന്ന വിവരവും പുറത്തായത്. ഇതോടെ യു.ഡി.എഫ്. സർക്കാരിൻ്റെ ധനകാര്യ മാനേജ്മെൻ്റിനെപ്പറ്റി സാമ്പത്തിക വിദഗ്ദ്ധര്‍ സംശയം പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.

റിസര്‍വ് ബാങ്കിൻ്റെ ഇ-കുബേർ സംവിധാനം വഴി കടപ്പത്രങ്ങളിറക്കിയാണ് 1800 കോടി രൂപ കടമെടുക്കുന്നത്. റിസര്‍വ് ബാങ്കുവഴി ഇറക്കുന്ന കടപ്പത്രങ്ങളുടെ ലേലം മെയ് 26ന് നടക്കും. ജീവനക്കാരുടെ ശമ്പളത്തിനും പെന്‍ഷനുംപുറമേ, ഈ മാസം ക്ഷേമപെന്‍ഷനും സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ ആനുകൂല്യങ്ങളും വിതരണം ചെയ്യേണ്ടതുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് കടമെടുക്കുന്നത് എന്നാണ് വിശദീകരണം.

അതേസമയം, കേരളത്തിൻ്റെ കടമെടുപ്പ് പരിധിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇത്തവണയും കൈകടത്തിയിട്ടുണ്ട്. 2026-27 സാമ്പത്തിക വര്‍ഷത്തെ ഏപ്രിൽ മുതൽ ഡിസംബര്‍ വരെയുള്ള ആദ്യ 9 മാസക്കാലത്ത് 23000 കോടി രൂപ കടമെടുക്കാനുള്ള അനുമതിയാണ് കേന്ദ്രം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഡിസംബര്‍ വരെ 29529 കോടി രൂപ കടമെടുക്കാന്‍ അനുവദിച്ചിരുന്നു. ഇത്തവണ 6529 കോടി രൂപ വെട്ടിക്കുറച്ചു.

നേരത്തേ കടമെടുപ്പ് വിഷയത്തിൽ പിണറായി സര്‍ക്കാരും കേന്ദ്രവും നിയമപ്പോരിലേക്ക് കടന്നിരുന്നു. സതീശന്‍ സര്‍ക്കാർ ഇക്കാര്യത്തിൽ എന്തു നിലപാടാണ് സ്വീകരിക്കുക എന്നത് വ്യക്തമായിട്ടില്ല. ബി.ജെ.പിയുമായി പോരിനു പോകേണ്ടതില്ലെന്ന നിലപാടാണ് യു.ഡി.എഫ്. സ്വീകരിച്ചിരിക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂര്‍ണമായി ആലപിക്കുന്നത് അടക്കമുള്ള വിഷയങ്ങളിൽ ഈ സമവായ നിലപാട് പ്രകടമായിരുന്നു. സുപ്രീം കോടതിയിലെ കേസിലും സമാനമായ നിലപാടിലൂടെ കീഴടങ്ങും എന്നാണ് വിലയിരുത്തപ്പെടുന്നത്.

 


Discover more from Fourth Pillar

Subscribe to get the latest posts sent to your email.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe for notification
Exit mobile version