Home Business ധവളപത്രത്തിലെ കണക്കുകൾ ഒന്നൊന്നായി പൊളിയുന്നു; ലാഭക്കണക്ക് പുറത്തുവിട്ട് കൊച്ചി മെട്രോ

ധവളപത്രത്തിലെ കണക്കുകൾ ഒന്നൊന്നായി പൊളിയുന്നു; ലാഭക്കണക്ക് പുറത്തുവിട്ട് കൊച്ചി മെട്രോ

Follow the FOURTH PILLAR LIVE channel on WhatsApp 

നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ അവതരിപ്പിച്ച ധവളപത്രത്തിലെ കള്ളക്കണക്കുകൾ ഒന്നൊന്നായി പൊളിയുന്നു. റിപ്പോർട്ടിലെ വൈരുദ്ധ്യം തുറന്നുകാട്ടി കൊച്ചി മെട്രോ രംഗത്തെത്തി. മെട്രോ നഷ്ടത്തിലാണെന്ന യു.ഡി.എഫ്. സർക്കാരിൻ്റെ വാദം പൊളിക്കുന്ന കണക്കുകൾ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ.) പുറത്തുവിട്ടു. 2022 മുതല്‍ പ്രവര്‍ത്തന ലാഭത്തിലാണ് കൊച്ചി മെട്രോ പ്രവര്‍ത്തിക്കുന്നത് എന്ന്‌ കമ്പനി വ്യക്തമാക്കി. കൊച്ചി മെട്രോ പ്രതിമാസം 35 കോടി രൂപ നഷ്ടത്തിലാണെന്ന് നിയമസഭയിൽ സമർപ്പിച്ച ധവളപത്രത്തിൽ സർക്കാർ പറഞ്ഞത്.

യഥാർത്ഥ കണക്കുകൾ പ്രകാരം 2024-25 സാമ്പത്തികവർഷത്തിൽ മാത്രം 33.34 കോടി രൂപയുടെ മികച്ച പ്രവർത്തനലാഭമാണ് കൊച്ചി മെട്രോ കൈവരിച്ചത്. 2023-24ലെ ലാഭത്തേക്കാൾ 10.4 കോടി രൂപയുടെ വലിയ വർധനയാണ് ഇതിലൂടെ മെട്രോ രേഖപ്പെടുത്തിയത്. എന്നാൽ മെട്രോയുടെ വളർച്ച വ്യക്തമാക്കുന്ന ഈ ലാഭക്കണക്കിൻ്റെ വിശദാംശങ്ങൾ ബോധപൂർവ്വം മറച്ചുവെക്കുകയാണ് സർക്കാർ ധവളപത്രത്തിൽ ചെയ്തിരിക്കുന്നത്.

മെട്രോ സർവീസ് ആരംഭിച്ച 2017–18 കാലയളവിൽ 24.19 കോടി രൂപയായിരുന്നു സ്ഥാപനത്തിൻ്റെ പ്രവർത്തനനഷ്ടം. തൊട്ടടുത്ത വർഷമായ 2018–19ൽ ഈ പ്രവർത്തനനഷ്ടം 5.70 കോടിയായി കുറയ്ക്കാൻ മെട്രോയ്ക്ക് സാധിച്ചു. എന്നാൽ, തുടർന്നു വന്ന 2019–20ൽ നഷ്ടം 13.92 കോടിയായും, കൊവിഡ് പ്രതിസന്ധി രൂക്ഷമായ 2020–21ൽ 56.56 കോടിയായും ഉയർന്നു. കൊവിഡിന് ശേഷം രാജ്യം സാധാരണ നിലയിലായ 2021–22ൽ പ്രവർത്തനനഷ്ടം 34.94 കോടിയായി വീണ്ടും കുറഞ്ഞു.

തുടർന്ന് വന്ന വർഷങ്ങളിൽ വൻ കുതിപ്പാണ് മെട്രോ നടത്തിയത്. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് 2022–23 സാമ്പത്തികവർഷത്തിൽ ചരിത്രത്തിലാദ്യമായി 5.35 കോടി രൂപയുടെ പ്രവർത്തനലാഭം നേടി. തൊട്ടടുത്ത 2023–24ൽ പ്രവർത്തനലാഭം 22.94 കോടി രൂപയായി കുതിച്ചുയർന്നു. ഒടുവിൽ 2024–25 കാലയളവിൽ അത് 33.34 കോടി രൂപ എന്ന റെക്കോർഡ് ലാഭത്തിൽ എത്തിനിൽക്കുകയാണ്. 2025-26 വര്‍ഷത്തിൽ 50 കോടി രൂപയോളം പ്രവര്‍ത്തനലാഭം ഉണ്ടെന്നാണ് നിഗമനം. കണക്കുകൾ ക്രോഢീകരിച്ചു കഴിയുമ്പോൾ മാത്രമേ ഈ വര്‍ഷത്തെ യഥാര്‍ത്ഥ ലാഭം അറിയാനാകൂ. ധവളപത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത് മെട്രോയുടെ നിർമാണ ചെലവുകൾ അടക്കമുള്ള മൊത്തം കണക്കുകളാണെന്ന് കമ്പനിയുടെ വിശദീകരണത്തിൽ പറയുന്നു.

2024–25 കാലയളവിൽ കൊച്ചി മെട്രോ 182.37 കോടി രൂപയുടെ ആകെ പ്രവർത്തന വരുമാനമാണ് നേടിയത്. ഇതിൽ ടിക്കറ്റ് വിൽപ്പനയിലൂടെ മാത്രം 111.88 കോടി രൂപ ലഭിച്ചു. പരസ്യങ്ങൾ, സ്റ്റേഷൻ മുറികളുടെ വാടക തുടങ്ങിയ ടിക്കറ്റിതര മാർഗ്ഗങ്ങളിലൂടെ 55.41 കോടി രൂപയും മെട്രോ സ്വന്തമാക്കി. ഇതിനുപുറമേ, വിവിധ കൺസൾട്ടൻസി പ്രവർത്തനങ്ങളിൽ നിന്ന് 1.56 കോടി രൂപയും മറ്റ് ഇതര മാർഗങ്ങളിൽനിന്ന് 13.52 കോടി രൂപയും മെട്രോയുടെ അക്കൗണ്ടിലെത്തി. കഴിഞ്ഞ സാമ്പത്തികവർഷത്തിൽ മെട്രോയുടെ ആകെ പ്രവർത്തനച്ചെലവ് 149.03 കോടി രൂപ മാത്രമാണ്. ഇത്തരത്തിൽ ചെലവിനേക്കാൾ വളരെ കൂടുതൽ വരുമാനം നേടുന്ന ഒരു സ്ഥാപനത്തെയാണ് യു.ഡി.എഫ്. സർക്കാർ തങ്ങളുടെ ധവളപത്രത്തിലൂടെ നഷ്ടത്തിലുള്ളതാക്കി കാണിക്കുന്നത്.


Discover more from Fourth Pillar

Subscribe to get the latest posts sent to your email.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe for notification
Exit mobile version