Follow the FOURTH PILLAR LIVE channel on WhatsApp
കോഴിക്കോട്: 2 വ്യത്യസ്ത സംഭവങ്ങളിലായി കോഴിക്കോട് 3 കോടിയിലേറെ രൂപയുടെ മയക്കുമരുന്ന് പിടിച്ചു. സമീപകാലത്തെ ഏറ്റവും വലിയ എം.ഡി.എം.എ. വേട്ടയിലൊന്നാണിത്. പന്തീരാങ്കാവ് ടോൾ പ്ലാസയ്ക്കു സമീപവും ഉള്ളിയേരിയിലെ അപാർട്ട്മെൻ്റിലുമാണ് മയക്കുമരുന്ന് വേട്ട നടന്നത്.
പന്തീരങ്കാവ് ടോൾ പ്ലാസയ്ക്ക് സമീപം 3,300 ഗ്രാം ക്രിസ്റ്റൽ രൂപത്തിലുള്ള എം.ഡി.എം.എ., 56 ഗ്രാം എക്സ്റ്റസി ഗുളികകൾ എന്നിവയുമായി 2 പേർ പിടിയിലായി. കൊണ്ടോട്ടി കച്ചേരിക്കൽ സ്വദേശി പി.കെ.ഷഹീഖ് (36), അടിവാരം സ്വദേശിനിയും ഇൻഫ്ലുവൻസറായി ഫാത്തിമ സസ്റിൻ (20) എന്നിവരാണ് വലയിലായത്. രാജസ്ഥാനിൽ നിന്നാണ് നിരോധിത മയക്കുമരുന്ന് എത്തിച്ചത്. വിപണിയിൽ ഏകദേശം 3 കോടിയോളം രൂപ വിലവരുന്ന ഇത് കാറിൻ്റെ ബോണറ്റിൽ സൂക്ഷിച്ച നിലയിലായിരുന്നു.
കുടുംബമെന്ന വ്യാജേന യാത്ര ചെയ്യുന്നതിനായി മംഗലാപുരത്തു നിന്നാണ് ഫാത്തിമ കാറിൽ കയറിയത്. ഇതിനായി അവരെ മംഗലാപുരത്ത് എത്തിക്കുകയായിരുന്നു. ഫാത്തിമയുടെ അറിവോടു കൂടിത്തന്നെയാണ് കുറ്റകൃത്യം നടന്നിട്ടുള്ളതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഷഫീഖ് നേരത്തേ തന്നെ ചില കേസുകളിൽ പ്രതിയായതിനാൽ നിരീക്ഷണത്തിലായിരുന്നു. യുവതി ഉള്ളതിനാൽ കുടുംബമെന്ന നിലയിൽ വാഹനപരിശോധന ഉണ്ടാവില്ലെന്നു കരുതിയിട്ടുണ്ടാവാം എന്നാണ് ഉദ്യോഗസ്ഥരുടെ അനുമാനം.
ഉള്ളിയേരിയിൽ എം.ഡി.എം.എയും കഞ്ചാവുമായി യുവാവും യുവതിയും പിടിയിലായി. കൊയിലാണ്ടി കാരാപൊയിൽ ഫിറോസ് (29), പയ്യന്നൂർ ഹരിവിലാസം വീട്ടിൽ ശീതൾ ശിവദാസ് (21) എന്നിവരാണ് പിടിയിലായത്. മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിന് സമീപമുള്ള ബ്ലൂ മെറിഡിയൻ അപ്പാർട്ട്മെൻ്റിൽ നിന്നാണ് ഇരുവരും പിടിയിലായത്. വില്പനയ്ക്കായി സൂക്ഷിച്ചുവെച്ച 11.83 ഗ്രാം എം.ഡി.എം.എയും 5.44 ഗ്രാം കഞ്ചാവുമാണ് ഇവരിൽനിന്ന് പിടിച്ചെടുത്തത്. പാക്കിങ് സാമഗ്രികളും ഇലക്ട്രോണിക് ത്രാസുകളും കണ്ടെടുത്തിട്ടുണ്ട്.
കോഴിക്കോട് എക്സൈസ് ഇൻ്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
Discover more from Fourth Pillar
Subscribe to get the latest posts sent to your email.































