അഭിപ്രായ വ്യത്യാസങ്ങൾ തർക്കങ്ങളായി മാറരുത്! ഷി ജിൻപിങ്ങിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാന മന്ത്രി

Follow the FOURTH PILLAR LIVE channel on WhatsApp 

ന്യൂഡൽഹി: അഭിപ്രായവ്യത്യാസങ്ങൾ തർക്കങ്ങളായി മാറരുതെന്ന് ഉറപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രിസഡന്റ് ഷി ജിൻപിങ്ങും ആവർത്തിച്ച് ഉറപ്പിച്ചതായി വ്യക്തമാക്കിയതായി വിദേശകാര്യ മന്ത്രാലയം.ഇന്ത്യയും ചൈനയും വികസന പങ്കാളികളാണെന്നും എതിരാളികളല്ലെന്നും ഇരുവരും വ്യക്തമാക്കി.

ടിയാൻജിനിൽ നടന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്​സിഒ) നേതാക്കളുടെ ഉച്ചകോടിയോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടു.

‘2024ൽ കസാനിൽ നടന്ന മോദിയും ഷിയും തമ്മിലുള്ള അവസാന കൂടിക്കാഴ്ചയ്ക്കുശേഷം ഉഭയകക്ഷി ബന്ധങ്ങളിലുണ്ടായ ഗുണപരമായ മുന്നേറ്റത്തെയും സുസ്ഥിരമായ പുരോഗതിയെയും ഇരു നേതാക്കളും സ്വാഗതം ചെയ്തു. പരസ്പര ബഹുമാനം, പരസ്പര താത്പര്യങ്ങൾ, പരസ്പരം വികാരങ്ങൾ മാനിക്കൽ എന്നിവയുടെ അടിസ്ഥാനത്തിൽ ഇന്ത്യയും ചൈനയും അവരുടെ 280 കോടി ജനങ്ങളും തമ്മിലുള്ള സ്ഥിരമായ ബന്ധവും സഹകരണവും ഇരു രാജ്യങ്ങളുടെയും വളർച്ചയ്ക്കും വികസനത്തിനും അത്യന്താപേക്ഷിതമാണ്. കൂടാതെ, 21-ാം നൂറ്റാണ്ടിന്റെ പ്രവണതകൾക്ക് അനുയോജ്യമായ ബഹുധ്രുവ ലോകത്തിനും ബഹുധ്രുവ ഏഷ്യയ്ക്കും ഇത് ആവശ്യമാണ്’ പ്രസ്താവനയിൽ അറിയിച്ചു.

ഉഭയകക്ഷി ബന്ധങ്ങളുടെ തുടർച്ചയായ വികസനത്തിന് അതിർത്തി പ്രദേശങ്ങളിലെ സമാധാനവും ശാന്തതയും പ്രധാനമാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞതായും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷത്തെ വിജയകരമായ സൈനിക പിന്മാറ്റവും അതിനുശേഷം അതിർത്തി പ്രദേശങ്ങളിൽ സമാധാനവും ശാന്തതയും നിലനിർത്തുന്നതും ഇരു നേതാക്കളും സംതൃപ്തിയോടെ വിലയിരുത്തി. അതിർത്തിപ്രശ്നത്തിന് ന്യായവും യുക്തിസഹവും പരസ്പരം സ്വീകാര്യവുമായ ഒരു പരിഹാരത്തിന് ഇരുനേതാക്കളും പ്രതിബദ്ധത പ്രകടിപ്പിച്ചു. ഈ മാസം ആദ്യം നടന്ന ചർച്ചകളിൽ രണ്ട് പ്രത്യേക പ്രതിനിധികൾ എടുത്ത സുപ്രധാന തീരുമാനങ്ങളെ അംഗീകരിക്കുകയും അവരുടെ ശ്രമങ്ങൾക്ക് തുടർന്നും പിന്തുണ നൽകാൻ സമ്മതിക്കുകയും ചെയ്തതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കൈലാസ് മാനസരോവർ യാത്രയും ടൂറിസ്റ്റ് വിസയും പുനഃരാരംഭിച്ചതിന്റെ പശ്ചാത്തലത്തിൽ, നേരിട്ടുള്ള വിമാന സർവീസുകളിലൂടെയും വിസ നടപടികൾ ലഘൂകരിക്കുന്നതിലൂടെയും ജനങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഇരു നേതാക്കളും ചൂണ്ടിക്കാട്ടി.

ഇന്ത്യയും ചൈനയും തന്ത്രപരമായ സ്വയംഭരണാധികാരം പിന്തുടരുന്നുവെന്നും തങ്ങളുടെ ബന്ധങ്ങളെ ഒരു മൂന്നാം രാജ്യത്തിന്റെ കണ്ണിലൂടെ കാണരുതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ബഹുമുഖ വേദികളിൽ ഭീകരവാദം, ന്യായമായ വ്യാപാരം തുടങ്ങിയ ഉഭയകക്ഷി, പ്രാദേശിക, ആഗോള വിഷയങ്ങളിലും വെല്ലുവിളികളിലും പൊതുവായ ധാരണകൾ വികസിപ്പിക്കേണ്ടത് ആവശ്യമാണെന്ന് ഇരു നേതാക്കളും വിലയിരുത്തി.

COMMENTCancel reply

Recent Articles

Related Articles

Special