Follow the FOURTH PILLAR LIVE channel on WhatsApp
പുനർജനി വിദേശ ധനസമാഹരണവുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രി വി.ഡി.സതീശന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അതിവേഗം ക്ലീൻ ചിറ്റ് നൽകിയത് അസാധാരണമാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. സതീശനെതിരെ തെളിവുകൾ നിലനിൽക്കുമ്പോഴാണ് അന്വേഷണം അവസാനിപ്പിക്കുന്ന തരത്തിലുള്ള നിലപാട് ആഭ്യന്തര മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
എം.എൽ.എ. എന്ന നിലയിൽ വി.ഡി.സതീശൻ വിദേശയാത്ര നടത്തിയത് ആവശ്യമായ അനുമതിയോടെയാണോ എന്ന് വ്യക്തമാക്കണമെന്ന് എം.വി.ഗോവിന്ദൻ ആവശ്യപ്പെട്ടു. വിദേശത്ത് പോയി ഫണ്ട് അഭ്യർത്ഥിക്കാൻ നിലവിലുള്ള നിയമങ്ങൾ അനുമതി നൽകുന്നുണ്ടോയെന്നതും പരിശോധിക്കേണ്ട വിഷയമാണെന്ന് അദ്ദേഹം പറഞ്ഞു.
2018ലെ പ്രളയകാലത്ത് കേരളത്തിലെ മന്ത്രിമാർക്ക് പോലും വിദേശത്തുപോയി സഹായം അഭ്യർത്ഥിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതേ സാഹചര്യത്തിൽ എം.എൽ.എ. ആയിരുന്ന സതീശൻ വിദേശത്ത് സഹായം അഭ്യർത്ഥിച്ചിട്ടുണ്ടെങ്കിൽ അതിൻ്റെ നിയമസാധുത പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സഹായം തേടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ടെന്നും എം.വി.ഗോവിന്ദൻ വ്യക്തമാക്കി.
പദ്ധതിക്ക് ആരൊക്കെ പണം നൽകി, എത്ര തുക ലഭിച്ചു, ആ തുക എങ്ങനെ വിനിയോഗിച്ചു തുടങ്ങിയ കാര്യങ്ങളിൽ വിശദമായ പരിശോധന വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദേശത്ത് നിന്ന് ഫണ്ട് സമാഹരിച്ചു എന്നതും അത്തരത്തിലുള്ള ധനശേഖരണത്തിന് അനുമതി ഉണ്ടായിരുന്നില്ലെന്നതും വ്യക്തമായിരിക്കെ, ആഭ്യന്തര മന്ത്രി തന്നെ വാർത്താസമ്മേളനം നടത്തി ക്ലീൻ ചിറ്റ് പ്രഖ്യാപിച്ചത് സ്വാഭാവിക നടപടിയല്ലെന്ന് അദ്ദേഹം ആരോപിച്ചു. സ്വതന്ത്രമായ അന്വേഷണം പൂർത്തിയാകുന്നതിനു മുമ്പ് കേസ് അവസാനിപ്പിക്കാൻ അസാധാരണമായ തിടുക്കം കാണിച്ചുവെന്നതാണ് രമേശ് ചെന്നിത്തലയുടെ വാർത്താസമ്മേളനം വ്യക്തമാക്കുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
























