Follow the FOURTH PILLAR LIVE channel on WhatsApp
എസ്.എഫ്.ഐ. അഖിലേന്ത്യാ ജോയിൻ്റ് സെക്രട്ടറി ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ അറസ്റ്റ് വാറൻ്റ് ഡൽഹി പാട്യാല ഹൗസ് കോടതി റദ്ദാക്കി. 2021ൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടായിരുന്നു വാറൻ്റ്. കഴിഞ്ഞ ദിവസം അറസ്റ്റ് നടപടി കോടതി സ്റ്റേ ചെയ്തിരുന്നു. തുടർന്ന് കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് വാറൻ്റ് റദ്ദാക്കിയത്.
2021ൽ ഡൽഹിയിലെ ബംഗ ഭവനിലേക്ക് എസ്.എഫ്.ഐ. പ്രവർത്തകർ നടത്തിയ മാർച്ചുമായി ബന്ധപ്പെട്ട കേസിലാണ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസ് നീക്കം നടത്തിയത്. ഡിവൈ.എഫ്.ഐ. പ്രവർത്തകൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതിഷേധമായിരുന്നു അന്ന് നടന്നത്.
ഈ കേസിൽ സമൻസ് ലഭിച്ചിട്ടും ഹാജരായില്ലെന്ന കാരണത്താൽ കോടതി ഐഷി ഘോഷിന് 1000 രൂപ പിഴ ചുമത്തി. അതേസമയം, അറസ്റ്റ് വാറൻ്റ് റദ്ദാക്കിയത് ഡൽഹി പൊലീസിൻ്റെ നടപടിക്കെതിരായ നിയമപരമായ ആശ്വാസമായി.
കഴിഞ്ഞ ദിവസം ഡൽഹി പൊലീസ് എ.കെ.ജി. ഭവനിലെത്തി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചിരുന്നു. യൂണിഫോമും നെയിംപ്ലേറ്റും ഇല്ലാതെ സ്വകാര്യ വാഹനത്തിൽ എത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ജോൺ ബ്രിട്ടാസ് എം.പി. ചോദ്യം ചെയ്തതിനെത്തുടർന്ന് അവർ മടങ്ങി. ഇതിന് പിന്നാലെയാണ് ഐഷി ഘോഷ് കോടതിയെ സമീപിച്ചത്.
നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിദ്യാർഥി പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവർക്കെതിരെ പ്രതികാര നടപടികൾ ഉണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ പറഞ്ഞിരുന്നുവെങ്കിലും, പഴയ സമരങ്ങളുടെ പേരിൽ വിദ്യാർഥി നേതാക്കളെ ലക്ഷ്യമിടുന്നുവെന്ന ആരോപണം എസ്.എഫ്.ഐയും സി.പി.എമ്മും ഉന്നയിച്ചു. വിദ്യാർഥി പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവരെ കുറ്റക്കാരായി ചിത്രീകരിച്ച് ആർ.എസ്.എസ്. മുഖപത്രമായ ഓർഗനൈസർ പട്ടിക പുറത്തുവിട്ടതിന് പിന്നാലെയാണ് ഡൽഹി പൊലീസിൻ്റെ നീക്കമുണ്ടായതെന്നും സി.പി.എം. ആരോപിച്ചു.
ഐഷി ഘോഷിനുവേണ്ടി അഭിഭാഷകരായ കെ.എൻ. ജയശങ്കർ, ജയ്‌മോൻ ആൻഡ്രൂസ് എന്നിവർ കോടതിയിൽ ഹാജരായി.
























