Follow the FOURTH PILLAR LIVE channel on WhatsApp
കേന്ദ്രസർക്കാരിൻ്റെ ഉറപ്പുകളെ തുടർന്ന് 26 ദിവസം നീണ്ട നിരാഹാരസമരം അവസാനിപ്പിച്ച് സോനം വാങ്ചുക്ക്. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വാങ്ചുക്കിനെ കേന്ദ്രമന്ത്രിമാരായ ജെ.പി.നഡ്ഡയും ജിതേന്ദ്ര സിങ്ങും സന്ദർശിച്ചു. വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട 3 പ്രധാന ആവശ്യങ്ങളിൽ അനുകൂല നടപടി സ്വീകരിക്കാമെന്ന് കേന്ദ്രം ഉറപ്പുനൽകിയതിനു പിന്നാലെ നഡ്ഡയാണ് വാങ്ചുക്കിന് വെള്ളം നൽകി നിരാഹാരം അവസാനിപ്പിച്ചത്.
ജന്തർ മന്തറിൽ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ കേസെടുക്കരുതെന്ന ആവശ്യം അനുകൂലമായി പരിഗണിക്കുക, നീറ്റ് ചോദ്യപേപ്പർ ചോർച്ചയും വിദ്യാഭ്യാസ പരിഷ്കാരങ്ങളും സംബന്ധിച്ച് പാർലമെൻ്റിൽ വിശദമായ ചർച്ച നടത്തുക, പരീക്ഷാ ക്രമക്കേടുകളും സമ്മർദവും മൂലം ജീവൻ നഷ്ടപ്പെട്ട വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഉചിതമായ ധനസഹായം നൽകുന്നത് പരിഗണിക്കുക എന്നിവയാണ് കേന്ദ്രം സമ്മതിച്ച ഉറപ്പുകൾ. ഇതേ തുടർന്നാണ് വാങ്ചുക്ക് ഉപവാസം അവസാനിപ്പിക്കാൻ തയ്യാറായത്.
നിരാഹാരം അവസാനിപ്പിക്കാൻ കഴിഞ്ഞതിൽ താൻ സന്തുഷ്ടനാണെന്ന് കേന്ദ്രമന്ത്രിമാരുടെ കൈകൾ പിടിച്ച് വാങ്ചുക്ക് പ്രതികരിച്ചു. ഉപവാസം അവസാനിപ്പിച്ച സാഹചര്യവും കേന്ദ്രസർക്കാരിൻ്റെ ഉറപ്പുകളും വിശദീകരിച്ച് ഉടൻ വീഡിയോ പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, എല്ലാവരും ജാഗ്രത പാലിക്കണമെന്നും അക്രമത്തിന് ഇടവരുത്തരുതെന്നും വാങ്ചുക്ക് സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
വാങ്ചുക്ക് ആരോഗ്യവാനായി തുടരട്ടെയെന്നും അദ്ദേഹം എത്രയും വേഗം പഴയ ആരോഗ്യസ്ഥിതിയിലേക്കും ശരീരഭാരത്തിലേക്കും മടങ്ങിയെത്തട്ടെയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. സമരത്തിൻ്റെ ആദ്യഘട്ടങ്ങളിൽ വിഷയത്തിൽ മൗനം പാലിച്ചുവെന്ന വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
അതേസമയം, സോനം വാങ്ചുക്കിൻ്റെ നിരാഹാരം അവസാനിച്ചെങ്കിലും ജന്തർ മന്തറിലെ വിദ്യാർത്ഥി സമരം തുടരുമെന്ന് സി.ജെ.പി. വ്യക്തമാക്കി. വാങ്ചുക്കിൻ്റെ അസാധാരണ ധൈര്യത്തിനും ത്യാഗത്തിനും നന്ദി അറിയിച്ച സംഘടന, കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെയ്ക്കുന്നതുവരെ സമരം തുടരാനാണ് തീരുമാനം എന്ന് ആവർത്തിച്ചു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ സംവിധാനത്തിലെ ക്രമക്കേടുകളും സംബന്ധിച്ച് ഉത്തരവാദിത്തം നിശ്ചയിക്കണമെന്ന ആവശ്യം വിദ്യാർത്ഥികൾ വീണ്ടും ഉന്നയിക്കുന്നു.
വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ആരംഭിച്ച പ്രതിഷേധം, സോനം വാങ്ചുക്കിൻ്റെ നിരാഹാരസമരത്തോടെ ദേശീയശ്രദ്ധ നേടിയിരുന്നു. ജന്തർ മന്തറിൽ ആരംഭിച്ച സമരം പൊലീസ് നടപടിയുടെയും വിദ്യാർത്ഥി പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിൽ വ്യാപകമായ രാഷ്ട്രീയ ചർച്ചകൾക്കും വഴിവെച്ചു. നിരാഹാരം അവസാനിച്ചെങ്കിലും, പരീക്ഷാ നീതിക്കും വിദ്യാഭ്യാസ സംവിധാനത്തിലെ സുതാര്യതയ്ക്കുമായുള്ള പോരാട്ടം അവസാനിച്ചിട്ടില്ലെന്നാണ് സമരനേതാക്കളുടെ നിലപാട്.



























