Follow the FOURTH PILLAR LIVE channel on WhatsApp
ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് ജൂഡ് ആൻ്റണി ജോസഫ് സംവിധാനം ചെയ്യുന്ന ‘തുടക്കം’ എന്ന ചിത്രത്തിൻ്റെ പുതിയ ഒഫീഷ്യൽ പോസ്റ്റർ പുറത്തിറങ്ങി. മോഹൻലാലിൻ്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് പോസ്റ്റർ പ്രകാശനം ചെയ്തത്. ചിത്രം ഓഗസ്റ്റ് 7ന് തിയേറ്ററുകളിലെത്തും.
തീക്ഷ്ണമായ ഭാവത്തിലുള്ള മോഹൻലാലിനെയും അല്പം ദൈന്യഭാവത്തിൽ കാണുന്ന വിസ്മയാ മോഹൻലാലിനെയും പോസ്റ്ററിൽ കാണാം. നടുവിൽ തിങ്ങിനിറഞ്ഞ മുടിയും ഗൗരവമുള്ള മുഖഭാവവുമായി ആഷിഷ് ജോ ആൻ്റണിയും പ്രത്യക്ഷപ്പെടുന്നു. താഴെ ഒരു കുട്ടിയുടെ ചുമലിൽ കൈയിട്ടു നടക്കുന്ന വിസ്മയാ മോഹൻലാലിനെയും അവരുടെ മുന്നിൽ കൗതുകത്തോടെ നിൽക്കുന്ന ഒരു നായയെയും പോസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുറത്തുവന്നതിനു പിന്നാലെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.
ഒരു മലയോര ഗ്രാമത്തിലെ സാധാരണ കുടുംബജീവിതത്തിൻ്റെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന തികഞ്ഞ കുടുംബകഥയാണ് ചിത്രമെന്ന് സംവിധായകൻ നേരത്തെ സൂചിപ്പിച്ചിരുന്നു. ഇതുവരെ പുറത്തുവന്ന അപ്ഡേറ്റുകളും ആ സൂചനകളോട് ചേർന്നുനിൽക്കുന്നതാണ്. എന്നാൽ ഈ കൊച്ചു കുടുംബത്തിൻ്റെ പിന്നിൽ എന്തെങ്കിലും ഗൗരവമായ വിഷയം ഒളിഞ്ഞിരിക്കുന്നുണ്ടോ എന്നതാണ് പ്രേക്ഷകരുടെ ആകാംക്ഷ. ചിത്രം റിലീസ് ചെയ്യുന്ന ഓഗസ്റ്റ് 7 വരെ ആ കൗതുകം നിലനിൽക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ.
പീരുമേട്, തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അവസാനഘട്ടത്തിലാണ്. ഡോ.എമിൽ ആൻ്റണിയും ഡോ.അനീഷ ആൻ്റണിയുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.
മനോജ് കെ.ജയൻ, ഗണേഷ് കുമാർ, ബോബി കുര്യൻ, ദിനേശ് പ്രഭാകർ, ജാഫർ ഇടുക്കി, കോട്ടയം രമേഷ്, ജിബിൻ ഗോപിനാഥ്, ശിവദാസ് കണ്ണൂർ, ജയ്സ് ജോസ്, ജയക്കുറുപ്പ്, അശ്വിനി വിജയൻ എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഇവർക്കൊപ്പം മോഹൻലാലും നിർണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആൻ്റണി ജോസഫ് എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം ജെയ്ക്ക് ബിജോയ്‌സ്. ഛായാഗ്രഹണം അഖിൽ ജോർജും ജോമോൻ ടി.ജോണും നിർവഹിക്കുന്നു. എഡിറ്റിംഗ് ചമൻ ചാക്കോ. പ്രൊഡക്ഷൻ ഡിസൈൻ സന്തോഷ് രാമൻ. മേക്കപ്പ് ജിതേഷ് പൊയ്യ. കോസ്റ്റ്യൂം ഡിസൈൻ അരുൺ മനോഹർ.
സൈലക്സ് ഏബ്രഹാം ചീഫ് അസോസിയേറ്റ് ഡയറക്ടറാണ്. ഫിനാൻസ് കൺട്രോളർ മനോഹരൻ കെ.പയ്യന്നൂർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് വിനോദ് ശേഖർ, ശ്രീക്കുട്ടൻ. പ്രൊഡക്ഷൻ കൺട്രോളർ ബിജു തോമസ്.





























