Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി മലയാള സിനിമയിലെ യുവ സംവിധായകർ അറസ്റ്റിൽ. ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവരെയാണ് എക്സൈസ് പിടികൂടിയത്. ഷാലിഫ് മുഹമ്മദ് എന്നൊരാളും ഇവർക്കൊപ്പം അറസ്റ്റിലായി. ഛായാഗ്രാഹകന്‍ സമീര്‍ താഹിറിൻ്റെ കൊച്ചിയിലെ ഗോശ്രീ പാലത്തിന് സമീപമുള്ള ഫ്ലാറ്റിൽ നിന്നാണ് മൂവരെയും പിടികൂടിയത്.
1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് ഇവരില്‍ നിന്നു കണ്ടെടുത്തു. ഞായറാഴ്ച പുലർച്ചെ 2 മണിയോടെ ആയിരുന്നു എക്സൈസ് റെയ്ഡ്. മൂവരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട, ലവ്, തല്ലുമാല, ആലപ്പുഴ ജിംഖാന എന്നീ സിനിമകളുടെ സംവിധായകനാണ് ഖാലിദ് റഹ്മാൻ. തമാശ, ഭീമൻ്റെ വഴി, സുലൈഖ മൻസിൽ എന്നീ സിനിമകളുടെ സംവിധായകനാണ് അഷ്റഫ് ഹംസ. പിടിയിലായ സംവിധായകർ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. സിനിമയുമായി ബന്ധപ്പെട്ട ചർച്ചകൾക്കായാണ് ഇവർ ഫ്ലാറ്റിലെത്തിയത്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസ് പരിശോധന.
ലഹരി ഉപയോഗിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് ഇവർ എക്സൈസിൻ്റെ പിടിയിലാകുന്നത്. ഷൈൻ ടോം ചാക്കോ വിവാദത്തിനു പിന്നാലെ സിനിമയുമായി ബന്ധപ്പെട്ട് ലഹരിവ്യാപനം വ്യാപക ചർച്ചയാകുന്നതിനിടെയാണ് മലയാള സിനിമാ ലോകത്തെ ഞെട്ടിപ്പിച്ച് യുവ സംവിധായകരുടെ അറസ്റ്റ്. ഖാലിദ് റഹ്മാൻ്റെ ആലപ്പുഴ ജിംഖാന മികച്ച റിപ്പോർട്ടുകളോടെ തിയറ്ററുകളിൽ നിറഞ്ഞോടുന്നതിനിടെയാണ് സംവിധായകനെ കഞ്ചാവ് കേസിൽ പിടികൂടുന്നത്.


























