പ്രമേഹരോഗികൾക്ക് ആശ്വാസം; എംപാഗ്ലിഫ്ലോസിന്‍ ഗുളിക വില പത്തിലൊന്നായി കുറഞ്ഞു

Follow the FOURTH PILLAR LIVE channel on WhatsApp 

ന്യൂഡൽഹി: പ്രമേഹചികിത്സയില്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന മരുന്ന് ഏറ്റവും വിലകുറച്ച് വാങ്ങാനുള്ള അവസരമൊരുങ്ങി. ജര്‍മന്‍ മരുന്ന് കമ്പനിയായ ബറിങ്ങര്‍ ഇങ്ങല്‍ഹൈം വികസിപ്പിച്ച എംപാഗ്ലിഫ്ലോസിന്‍ എന്ന മരുന്നാണ് വിപണിയിലേക്ക് വിലക്കുറവില്‍ എത്തുന്നത്.

എംപാഗ്ലിഫ്ലോസിൻ്റെ മേലുള്ള പേറ്റൻ്റിൻ്റെ കാലാവധി മാര്‍ച്ച് 11ന് അവസാനിച്ചതോടെ മരുന്നിൻ്റെ ജനറിക് പതിപ്പ് വിപണിയിലെത്തി തുടങ്ങി. ഇന്ത്യന്‍ ഔഷധ വിപണിയിലെ വമ്പന്മാരായ മാന്‍കൈന്‍ഡ് ഫാര്‍മ, ലൂപിന്‍, ആല്‍കെം ലബോറട്ടറീസ്, ഗ്ലെന്‍മാര്‍ക്ക് തുടങ്ങിയ കമ്പനികളാണ് എംപാഗ്ലിഫ്ലോസിൻ്റെ ജനറിക് പതിപ്പ് വിപണിയിലെത്തിക്കുന്നത്.

എംപാഗ്ലിഫ്ലോസിൻ്റെ 10 മില്ലിഗ്രാമിൻ്റെ ഒരു ടാബ്‌ലറ്റിന് നേരത്തേ ഇന്ത്യയില്‍ 60 രൂപയോളമായിരുന്നു വില. പേറ്റൻ്റ് അവസാനിച്ചതോടെ ഇത് 6 രൂപയില്‍ താഴെ ലഭിക്കും. ഇതിൻ്റെ 25 മില്ലിഗ്രാം ടാബ്ലറ്റിന് 10 രൂപയോളം മാത്രമാണ് പുതിയവില. മുമ്പ് മരുന്നിന് നല്‍കേണ്ടി വന്നിരുന്ന തുകയുടെ പത്തിലൊന്നായി വിലകുറയും.

പാന്‍ക്രിയാസിൻ്റെ പ്രവര്‍ത്തനത്തിലെ അപാകം മൂലമുണ്ടാകുന്ന ടൈപ്പ്-2 പ്രമേഹരോഗികള്‍ക്കാണ് ഈ മരുന്ന് നല്‍കുന്നത്. വൃക്കയില്‍ നിന്ന് രക്തത്തിലേക്ക് ഗ്ലൂക്കോസിൻ്റെ പുനരാഗിരണം തടയുന്ന മരുന്നാണ് എംപാഗ്ലിഫ്ലോസിന്‍. സോഡിയം- ഗ്ലൂക്കോസ്- കോ-ട്രാന്‍സ്‌പോര്‍ട്ടര്‍-2 ഇന്‍ഹിബിറ്റര്‍ ( എസ്.ജി.എല്‍.ടി-2) വിഭാഗത്തില്‍ വരുന്ന മരുന്നാണ് എംപാഗ്ലിഫ്ലോസിന്‍. പ്രമേഹരോഗികളില്‍ രക്തത്തിലെ ഗ്ലൂക്കോസ് നില ക്രമാതീതമായി ഉയരുന്നത് മരുന്ന് തടയുന്നു. മൂത്രത്തിലൂടെ അധികമായി വരുന്ന ഗ്ലൂക്കോസ് പുറന്തള്ളാന്‍ ഇത് സഹായിക്കുകയും ചെയ്യും.

മാത്രമല്ല പ്രമേഹരോഗികളില്‍ ഹൃദയാഘാതം, വൃക്ക തകരാര്‍ തുടങ്ങിയ സങ്കീര്‍ണതകള്‍ ഉണ്ടാകുന്നത് പ്രതിരോധിക്കാനും എംപാഗ്ലിഫ്ലോസിന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇന്ത്യയില്‍ ആകെ 10 കോടിയോളം പ്രമേഹരോഗികള്‍ ഉണ്ടെന്നാണ് കണക്കുകള്‍. വിലകുറഞ്ഞ മികച്ച മരുന്ന് വിപണിയില്‍ ലഭ്യമാകുന്നതോടെ ചികിത്സാ ചെലവില്‍ വലിയ ആശ്വാസമാണ് ഇതുവഴിയുണ്ടാകുന്നത്.

COMMENTCancel reply

Recent Articles

Related Articles

Special