Home World ഇടവേളയ്ക്കു ശേഷം വീണ്ടും ഇന്ത്യ-കാനഡ പോര്, ചാരവൃത്തി ആരോപണം

ഇടവേളയ്ക്കു ശേഷം വീണ്ടും ഇന്ത്യ-കാനഡ പോര്, ചാരവൃത്തി ആരോപണം

Follow the FOURTH PILLAR LIVE channel on WhatsApp 

ഒട്ടാവ: ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഒരിടവേളയ്ക്കു ശേഷം ഇന്ത്യയും കാനഡയും വീണ്ടും നേർക്കുനേർ. ഇന്ത്യക്കെതിരെ ചാരവൃത്തിയും ആഭ്യന്തര ഇടപെടലുകളും ആരോപിച്ചാണ് കാനഡ പുതിയ പോർമുഖം തുറന്നത്. 2025ൽ കാനഡയുടെ ആഭ്യന്തര കാര്യങ്ങളിൽ ‘ഇടപെടലുകളും ചാരവൃത്തിയും’ ഇന്ത്യ നടത്തിയെന്നാണ് കനേഡിയൻ സെക്യൂരിറ്റി ഇൻ്റലിജൻസ് സർവീസ് (സി.എസ്.ഐ.എസ്.) ഏറ്റവും പുതിയ റിപ്പോർട്ടിൽ ആരോപിച്ചിരിക്കുന്നത്. ഈ ആരോപണങ്ങൾ ഇന്ത്യ തള്ളിയെന്നു മാത്രമല്ല, സിഖ് വിഘടനവാദികൾക്ക് കാനഡ അഭയം നൽകുകയാണെന്നും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നവർക്ക് എതിരെ നടപടിയെടുക്കുന്നില്ലെന്നും കുറ്റപ്പെടുത്തുകയും ചെയ്തു.

കാനഡയിൽ ഖലിസ്ഥാൻ വിഘടനവാദ പ്രസ്ഥാനത്തെ പിന്തുണയ്ക്കുന്നവരുടെ സാന്നിധ്യമുണ്ടെന്ന് റിപ്പോർട്ടിൽ അവർ അംഗീകരിക്കുന്നുണ്ട്. എന്നാൽ, ഖലിസ്ഥാൻ രൂപവത്കരണത്തിനായി നടത്തുന്ന അഹിംസാപരമായ പ്രചാരണങ്ങളെ തീവ്രവാദമായി കണക്കാക്കാനാവില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കാനഡയിലെ ഇത്തരം സമൂഹങ്ങൾക്കിടയിൽ ഭീതി പടർത്താൻ ലക്ഷ്യമിട്ട് ഇന്ത്യ ‘അതിരുകടന്ന അടിച്ചമർത്തൽ’ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും റിപ്പോർട്ടിൽ കാനഡ ആരോപിക്കുന്നു.

കാനഡയിലെ ആഭ്യന്തര രാഷ്ട്രീയ സമ്മർദങ്ങളും ഖലിസ്ഥാൻ വിഘടനവാദി ലോബികളുടെ സ്വാധീനവുമാണ് അടിസ്ഥാനരഹിതമായ ഈ പുതിയ ആരോപണങ്ങൾക്ക് പിന്നിലെന്ന് ഇന്ത്യ പ്രതികരിച്ചു. കൃത്യമായ തെളിവുകളില്ലാതെയാണ് കാനഡ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ഇന്ത്യക്കെതിരെ അക്രമം പ്രോത്സാഹിപ്പിക്കുന്ന വിഘടനവാദികളുടെ സുരക്ഷിത താവളമായി കാനഡ മാറിയിരിക്കുകയാണെന്നും ഇന്ത്യ ആരോപിച്ചു.

പാകിസ്താനുമായി ചേർന്ന് കനേഡിയൻ മണ്ണിൽ നിന്ന് ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും സ്വന്തം മണ്ണിലെ തീവ്രവാദ ഘടകങ്ങളെ നിയന്ത്രിക്കുന്നതിൽ കാനഡ പരാജയപ്പെട്ടുവെന്ന് ഇന്ത്യ കുറ്റപ്പെടുത്തി. കാനഡയിലെ പൗരസ്വാതന്ത്ര്യത്തിൻ്റെ മറവിൽ ഗുർപത്‌വന്ത് സിങ് പന്നുവിനെ പോലെയുള്ളവർക്ക് ഇന്ത്യക്കെതിരെ പ്രവർത്തിക്കാൻ കാനഡ അനുമതി നൽകുകയാണെന്നും ഇന്ത്യ ആരോപിച്ചു.

ഭീകരവാദികളും ഗുണ്ടാസംഘങ്ങളും ഉൾപ്പെടെയുള്ളവരെ വിട്ടുകിട്ടുന്നതിനായി കാനഡയ്ക്ക് മുന്നിൽ ഇന്ത്യ നൽകിയ 20ലധികം അപേക്ഷകൾ 10 വർഷത്തിലേറെയായി തീർപ്പാക്കാതെ കിടക്കുകയാണ്. ഇതിൽ പലതും ഖലിസ്ഥാൻ ബന്ധമുള്ള കേസുകളാണ്. ഇതിൽ ഒന്നിൽ പോലും കാനഡ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.

എൻ.ഐ.എയും പഞ്ചാബ് പോലീസും തിരയുന്ന പല പ്രധാന കുറ്റവാളികളും കാനഡയിൽ നിന്നാണ് പ്രവർത്തിക്കുന്നത്. ലോറൻസ് ബിഷ്‌ണോയിയുടെ പ്രവ‍ർത്തനം ഉദാഹരണമായി ഇന്ത്യ ചൂണ്ടിക്കാണിക്കുന്നു. ബിഷ്ണോയി ഇന്ത്യയിൽ ജയിലിലാണെങ്കിലും കാനഡയിലുള്ള ഗോൾഡി ബ്രാർ തുടങ്ങിയ അനുയായികൾ വഴി തൻ്റെ അധോലോക പ്രവർത്തനം അയാൾ നിയന്ത്രിക്കുന്നു. സിദ്ധു മൂസവാല വധക്കേസിലെ പ്രധാന പ്രതിയാണ് ഗോൾഡി ബ്രാർ. കൊലപാതകങ്ങൾ, ഭീഷണിപ്പെടുത്തി പണം തട്ടൽ, അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾ എന്നിവയാണ് ഈ സംഘത്തിനുമേൽ ചുമത്തപ്പെട്ടിട്ടുള്ള പ്രധാന ആരോപണങ്ങൾ.

കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഖാലിസ്ഥാൻ ഭീകരവാദിയായ അർഷ് ദല്ല എന്ന അർഷ്ദീപ് സിങ് ഗിൽ നിരവധി കൊലപാതക കേസുകളിൽ പ്രതിയാണ്. ഭീകരവാദ-ഗുണ്ടാ സിൻഡിക്കേറ്റ് കേസുകളിലും കൊലപാതകങ്ങളിലും ഇയാൾ പ്രതിയാണ്. ആയുധക്കടത്തിലും ക്രിമിനൽ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്ന ലഖ്ബീർ സിങ് ലാൻഡയുടെടെ സംഘവും കാനഡ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. ആയുധക്കടത്ത്, അതിർത്തി കടന്നുള്ള അക്രമാസക്തമായ പ്രവർത്തനങ്ങൾ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവയിൽ ഇവർ ഏർപ്പെട്ടിരിക്കുന്നതായി ഇന്ത്യൻ അന്വേഷണ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.


Discover more from Fourth Pillar

Subscribe to get the latest posts sent to your email.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe for notification
Exit mobile version