കേരളത്തിന് 1,30,000 കോടിയുടെ പദ്ധതികൾ പ്രഖ്യാപിച്ച് നിതിൻ ഗഡ്കരി

Follow the FOURTH PILLAR LIVE channel on WhatsApp 

കൊച്ചി: റോഡ് വികസനമുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്കായി മൊത്തം 1,30,000 കോടി രൂപയുടെ വികസന പദ്ധതികൾ കേരളത്തിൽ നടപ്പാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ഇൻവെസ്റ്റ് കേരള ​ഗ്ലോബൽ സമ്മിറ്റിൽ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കവേയാണ് ഗഡ്കരിയുടെ പ്രഖ്യാപനം. കേരളത്തിലെ റോഡ് വികസനത്തിന് 50,000 കോടി രൂപയുടെ പദ്ധതികൾ ഉടനെ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.

സംസ്ഥാനത്തിന്‍റെ സമഗ്രവികസനത്തിന് മോദി സര്‍ക്കാരിന്‍റെ എല്ലാ പിന്തുണയും ഗഡ്കരി വാഗ്ദാനം ചെയ്തു. സംസ്ഥാനത്തെ ദേശീയപാതകള്‍ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കും. ഇതിലൂടെ ടൂറിസം, എം.എസ്.എം.ഇ. മേഖലയ്ക്ക് കൂടുതല്‍ ഊര്‍ജ്ജം കൈവരുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ നിലവില്‍ നടത്തുന്നതും പുതിയതുമായ 3 ലക്ഷം കോടി രൂപയുടെ റോഡ് നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. സംസ്ഥാന സര്‍ക്കാരുമായി ആലോചിച്ച് ഇതിനുള്ള എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

120 കിലോമീറ്റർ ദൂരം വരുന്ന 10,840 കോടി രൂപയുടെ 5 പാക്കേജുകളാണ് പുതുതായി അനുവദിക്കുന്നത്. ഇത് കരാര്‍ നല്‍കുന്നതിന്‍റെ വിവിധ ഘട്ടങ്ങളിലാണ്. 3 മാസത്തിനുള്ളില്‍ ഈ പദ്ധതികളുടെ നിര്‍മ്മാണം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്-കോഴിക്കോട് നിര്‍ദ്ദിഷ്ട ഗ്രീന്‍ഫീല്‍ഡ് റോഡ് സേലത്തെ വ്യവസായനഗരവുമായി മലബാര്‍ മേഖലയെ ബന്ധിപ്പിക്കാന്‍ സഹായിക്കും.

അങ്കമാലിയിലെ കരയാമ്പറമ്പ് മുതല്‍ കുണ്ടന്നൂര്‍ വരെയുള്ള 45 കിലോമീറ്റർ ദൈര്‍ഘ്യമുള്ള നിര്‍ദ്ദിഷ്ട ഗ്രീന്‍ ഫീല്‍ഡ് പാത എന്‍.എച്ച്. 544, 66 എന്നിവയെ ബന്ധിപ്പിക്കും. 6,500 കോടി രൂപ ഇതിനു ചെലവ് പ്രതീക്ഷിക്കുന്നു. 6 മാസത്തിനകം നിര്‍മ്മാണം ആരംഭിക്കും. നിലവില്‍ ഒന്നര മണിക്കൂറെടുക്കുന്ന യാത്രാസമയം 20 മിനിറ്റായി ചുരുങ്ങുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡാണ് മറ്റൊരു പദ്ധതി. 68.7 കിലോമീറ്റർ ദൈര്‍ഘ്യമുള്ള ഈ പാതയ്ക്ക് 5,000 കോടി രൂപയാണ് ചെലവ്. 90 ശതമാനം ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായാല്‍ നിര്‍മ്മാണം ആരംഭിക്കാം. വിശദമായ പദ്ധതി രേഖ തയ്യാറായിക്കഴിഞ്ഞു. ഔട്ടര്‍ റിങ് റോഡ് പൂര്‍ത്തിയായാല്‍ വിഴിഞ്ഞത്തേക്കുള്ള പാത സുഗമമാകുമെന്നും ഗഡ്കരി ചൂണ്ടിക്കാട്ടി.

ഇടമണ്‍-കൊല്ലം പാത 4 വരിയാക്കുന്ന പദ്ധതിയും നിഥിന്‍ ഗഡ്കരി പ്രഖ്യാപിച്ചു. 5 മാസത്തിനകം നിര്‍മ്മാണം ആരംഭിക്കും. കൊല്ലത്തു നിന്നു മധുര വരെയുള്ള സുഗമമായ യാത്ര ഇത് സാധ്യമാക്കും. യാത്രാസമയം 6 മണിക്കൂറില്‍ നിന്നും 2 മണിക്കൂറായി ചുരുങ്ങുമെന്നും മന്ത്രി പറഞ്ഞു.

എം.എസ്.എം.ഇ., ടൂറിസം, കയര്‍-ഭൂവസ്ത്ര വ്യവസായം, റബര്‍, ആയുര്‍വേദം എന്നിവയാണ് കേരളത്തില്‍ വന്‍ വളര്‍ച്ചാശേഷിയുള്ള മേഖലകള്‍. നിലവില്‍ സംസ്ഥാനത്ത് 20,000 കോടി രൂപയുടെ ദേശീയപാതാ വികസനം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. 60,000 കോടിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ പലഘട്ടങ്ങളിലാണ്.

കേരളത്തിലെ ജനങ്ങളുടെ സംസ്ക്കാരം, ജീവിതനിലവാരം, ആരോഗ്യശ്രദ്ധ, വിദ്യാഭ്യാസം എന്നിവയെ മന്ത്രി പ്രകീര്‍ത്തിച്ചു. കേരളത്തിന്‍റെ ചരിത്രം ഇന്ത്യയുടെ ചരിത്രാമാണെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട്-പാലക്കാട് ദേശീയ പാത 966 നാലുവരിയാക്കൽ

    • മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലൂടെ കടന്നുപോകുന്ന പാതയ്ക്ക് 120 കിലോമീറ്റർ ദൂരം
    • 10,814 കോടി രൂപയാണ് ചെലവ്. 3 മാസത്തിനകം പ്രവൃത്തികൾ ആരംഭിക്കും
    • വടക്കൻ കേരളത്തെ വ്യവസായ ​ന​ഗരമായ കോയമ്പത്തൂരുമായി ബന്ധിപ്പിക്കുന്നതിൽ ഈ പാത നിർണായ പങ്കു വഹിക്കും

ദേശീയപാത 544ലെ അങ്കമാലി മുതൽ കുണ്ടന്നൂർ വരെയുള്ള എറണാകുളം ബൈപ്പാസ് ആറുവരിയാക്കൽ

    • 45 കിലോമീറ്റർ 6500 കോടി ചെലവ്
    • 6 മാസത്തിനകം പ്രവൃത്തി ആരംഭിക്കും

തിരുവനന്തപുരം ഔട്ടർ റിങ് റോഡ്

    • 62.7 കിലോമീറ്റർ ദൂരം
    • ചെലവ് 5,000 കോടി
    • 4-5 മാസത്തിനുള്ളിൽ പ്രവൃത്തികൾ ആരംഭിക്കും
    • വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്കുള്ള പ്രധാന കോറിഡോറായിരിക്കും ഈ പാത

കൊല്ലം ജില്ലയിലെ റോഡ് പദ്ധതി

    • കൊല്ലത്തേയും തമിഴ്നാട്ടിലെ ചെങ്കോട്ടൈ, തെങ്കാശി, തിരുനൽവേലി തുടങ്ങിയ പ്രധാന ന​ഗരങ്ങളുമായും എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന പാത
    • ജില്ലയിൽ 38.6 കിലോമീറ്റർ
    • ചെലവ് 300 കോടി
    • 4-5 മാസത്തിനുള്ളിൽ പ്രവൃത്തി ആരംഭിക്കും

Discover more from Fourth Pillar

Subscribe to get the latest posts sent to your email.

Recent Articles

Related Articles

Special