കേന്ദ്ര മന്ത്രിമാരും പ്രതിപക്ഷ നേതാവുമടക്കമുള്ള പ്രമുഖർ വേദിയിൽ; കേരളത്തിനായി ഒറ്റക്കെട്ട്

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: ഫെബ്രുവരി 21 മുതല്‍ 22 വരെ കൊച്ചിയില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടിയിൽ (ഐ.കെ.ജി.എസ്. 2025) കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍, കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ സഹമന്ത്രി ജയന്ത് ചൗധരി എന്നിവർ മുഖ്യാതിഥികളാവും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന ഉച്ചകോടിയിൽ യു.എ.ഇ. സാമ്പത്തിക കാര്യ മന്ത്രി അബ്ദുള്ള ബിന്‍ തൗഖ് അല്‍ മാരിയും വിശിഷ്ടാതിഥിയാണ്.

വ്യവസായ മന്ത്രി പി.രാജീവ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയും എത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സർക്കാരിൻ്റെ പ്രവർത്തനങ്ങളോട് വിയോജിപ്പ് പ്രകടിപ്പിക്കുമ്പോഴും ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രതിപക്ഷ നേതാവ് അടക്കമുള്ളവർ നിർബന്ധിതരാവുന്ന സ്ഥിതിയാണ് ഇത് തെളിയിക്കുന്നത്.

ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, വ്യവസായ റവന്യു (വഖഫ്) പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, സി.ഐ.ഐ. പ്രസിഡന്‍റും ഐ.ടി.സി. ചെയര്‍മാനും എം.ഡിയുമായ സഞ്ജീവ് പുരി എന്നിവര്‍ സംസാരിക്കും.

നോര്‍ക്ക റൂട്സ് വൈസ് ചെയര്‍മാനും ലുലു ഗ്രൂപ്പ് ഇന്‍റര്‍നാഷണല്‍ ചെയര്‍മാനും എം.ഡിയുമായ എം.എ.യൂസഫലി, അദാനി പോര്‍ട്സ് സെസ് ലിമിറ്റഡിന്‍റെ എം.ഡി. കരണ്‍ അദാനി, സോഹോ കോര്‍പ്പറേഷന്‍ സി.ഇ.ഒ. ശ്രീധര്‍ വെമ്പു, സി.ഐ.ഐ. ഡയറക്ടര്‍ ജനറല്‍ ചന്ദ്രജിത് ബാനര്‍ജി, ടി.വി.എസ്. മോട്ടോര്‍ കമ്പനി എം.ഡി. സുദര്‍ശന്‍ വേണു, സി.യു.എം.ഐ. ചെയര്‍മാന്‍ എം.എം.മുരുഗപ്പന്‍, ആർ.പി. ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ള, ജി-20 ഷെര്‍പയും നീതി ആയോഗ് മുന്‍ സി.ഇ.ഒയുമായ അമിതാഭ് കാന്ത് തുടങ്ങിയവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്ന പ്രമുഖരില്‍ ഉള്‍പ്പെടുന്നു.

ആഗോള വ്യവസായ പ്രമുഖരും നിക്ഷേപകരുമടക്കം 2,500 പ്രതിനിധികള്‍ ഉച്ചകോടിയുടെ ഭാഗമാകും. 24 രാജ്യങ്ങളിലെ അംബാസഡര്‍മാര്‍, സംസ്ഥാന മന്ത്രിമാര്‍, എം.പിമാര്‍, എം.എ.ല്‍എമാര്‍ എന്നിവരും ഇന്‍വെസ്റ്റ് കേരള ഉച്ചകോടിയില്‍ പങ്കെടുക്കും. ഓസ്ട്രേലിയ, ഫ്രാന്‍സ്, ജര്‍മനി, നോര്‍വെ, മലേഷ്യ, ഫിന്‍ലാന്‍ഡ്, സൗദി അറേബ്യ എന്നിവ ഐ.കെ.ജി.എസ്. 2025 ന്‍റെ പങ്കാളിത്ത രാജ്യങ്ങളാണ്.

എയ്റോസ്പേസ് ആന്‍ഡ് ഡിഫന്‍സ്, ലോജിസ്റ്റിക്സ്, മാരിടൈം ആന്‍ഡ് പാക്കേജിങ്, ഫാര്‍മ, മെഡിക്കല്‍ ഡിവൈസസ് ആന്‍ഡ് ബയോടെക്, പുനരുപയോഗ ഊര്‍ജ്ജം, ആയുര്‍വേദം, ഫുഡ് ടെക്, ഉയര്‍ന്ന മൂല്യവര്‍ദ്ധിത റബ്ബര്‍ ഉല്‍പ്പന്നങ്ങള്‍, ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി, എന്നിവയാണ് ഉച്ചകോടി ശ്രദ്ധ കേന്ദ്രീകരിക്കുന്ന മേഖലകള്‍. ജര്‍മനി, വിയറ്റ്നാം, നോര്‍വെ, യു.എ.ഇ., ഫ്രാന്‍സ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപ അവസരങ്ങള്‍ക്ക് വഴിയൊരുക്കുന്ന രാജ്യ കേന്ദ്രീകൃത സെഷനുകളും ഉച്ചകോടിയുടെ സവിശേഷതയാണ്.


Discover more from Fourth Pillar

Subscribe to get the latest posts sent to your email.

Recent Articles

Related Articles

Special