അനന്തപൂരിയിൽ കലാപൂരം; പങ്കാളിത്തം വിജയത്തെക്കാൾ മഹത്തരമെന്ന് മുഖ്യന്ത്രി

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: അനന്തപുരിയെ അക്ഷരാർത്ഥത്തിൽ പൂരപ്പറമ്പാക്കി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നിറപ്പകിട്ടാര്‍ന്ന തുടക്കം. ശനിയാഴ്ച രാവിലെ പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ 5 ദിവസം നീണ്ടുനില്‍ക്കുന്ന മേളയ്ക്ക് തുടക്കം കുറിച്ചു. പങ്കാളത്തമാണ് വിജയത്തെക്കാൾ മഹത്തരമെന്ന് അദ്ദേഹം ഓ‍ർമ്മിപ്പിച്ചു.

കലോത്സവവേദികളില്‍ നിന്ന് നിരവധി പ്രതിഭകള്‍ കേരളത്തിന്റെ സാമൂഹിക, സാസ്‌കാരിക മണ്ഡലങ്ങളില്‍ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഈ പാരമ്പര്യം ഉള്‍ക്കൊണ്ടുവേണം കുട്ടികള്‍ കലാപാരിപാടികളില്‍ പങ്കെടുക്കാന്‍. സമൂഹത്തെ മുന്നില്‍ നിന്നു നയിക്കേണ്ടവരാണ് ഓരോ കുട്ടികളും. ആ ബോധ്യമുണ്ടാവണം. പങ്കാളിത്തമാണ് വിജയത്തേക്കാള്‍ മഹത്തരം. മനുഷ്യര്‍ തമ്മിലുള്ള പരസ്പര സ്നേഹവും ഐക്യവും ഊട്ടിയുറപ്പിക്കാനാണ് കലോത്സവങ്ങള്‍ സംഘടിപ്പിക്കുന്നത്. ചിലപ്പോഴെങ്കിലും കിടമത്സരങ്ങളുടേയും തര്‍ക്കങ്ങളുടെയും വേദിയാവാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കലാപ്രകടനം എന്നതിലുപരി കലോത്സവവേദി അതിജീവനത്തിന്റെ കൂടി നേര്‍ക്കാഴ്ചയാവുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച വെള്ളാര്‍മല സ്‌കൂളിലെ കുട്ടികള്‍ ഇവിടെ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ എത്തിയത് അതിജീവനത്തിന്റെ തെളിവാണ്. ദുരന്തത്തിന്റെ ആഘാതത്തില്‍ കുട്ടികളുടെ പഠനം മുടങ്ങുന്ന സാഹചര്യമുണ്ടായി. അത് മറികടക്കാനുള്ള സത്വര നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോയി.പഠനസൗകര്യങ്ങളൊരുക്കിയും ഉപകരണങ്ങള്‍ ലഭ്യമാക്കിയും അവരെ തിരകെ ജീവിതത്തിലേക്കു കൊണ്ടുവന്നു. ഇത്തരം അതിജീവനങ്ങളുടെ നേര്‍കാഴ്ചയാവുകയാണ് കലോത്സവമെന്നത് സന്തോഷം പകരുന്ന കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കലോത്സവ വേദിയിൽ എം.ടി.വാസുദേവൻ നായരുടെ ഓർമകൾക്കു മുന്നിൽ മുഖ്യമന്ത്രി പ്രണാമമർപ്പിച്ചു. കേരളത്തിന്റെ കലാ-സാംസ്കാരിക രംഗത്തെ സംബന്ധിച്ച് വലിയൊരു നഷ്ടം സംഭവിച്ച വർഷമാണ് കടന്നുപോയിരിക്കുന്നത്. എഴുത്തുകാരൻ, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകൻ, പത്രാധിപർ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച എം. ടി.വാസുദേവൻ നായർ വിടവാങ്ങിയ വർഷമാണ് കടന്നുപോകുന്നത്. എല്ലാ വർഷവും അദ്ദേഹത്തിന്റെ കലാസൃഷ്ടികൾക്ക് വ്യത്യസ്തമായ വ്യാഖ്യാനങ്ങൾ ഉണ്ടാകുന്ന വേദിയാണ് സ്കൂൾ കലോത്സവം. അതുകൊണ്ടുതന്നെ ഈ വേദിയിൽ വച്ച് അദ്ദേഹത്തിന്റെ സ്മരണകൾക്കു മുന്നിൽ പ്രണാമം അർപ്പിക്കുന്നു –മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാരായ ജി.ആര്‍.അനില്‍, കെ.രാജന്‍, എ.കെ.ശശീന്ദ്രന്‍, വീണാ ജോര്‍ജ്, ജോൺ ബ്രിട്ടാസ് എം.പി., എം.എൽ.എമാരായ വി.ജോയ്, ആൻ്റണി രാജു, മേയര്‍ ആര്യ രാജേന്ദ്രന്‍, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, കളക്ടര്‍ അനുകുമാരി തുടങ്ങിയവരും സംബന്ധിച്ചു.

പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാവിലെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്.ഷാനവാസ് പതാക ഉയര്‍ത്തി. കേരള കലാമണ്ഡലത്തിലെ കുട്ടികളും പൊതുവിദ്യാലയത്തിലെ തിരഞ്ഞെടുത്ത കുട്ടികളും അവതരിപ്പിച്ച മനോഹര നൃത്താവിഷ്‌കാരത്തോടെയായിരുന്നു മേളയുടെ തുടക്കം. ശ്രീനിവാസന്‍ തൂണേരി രചിച്ച് കാവാലം ശ്രീകുമാര്‍ ചിട്ടപ്പെടുത്തിയ കലോത്സവത്തിന്റെ സ്വാഗതഗാനത്തിനാണ് കുട്ടികള്‍ ചുവടുവെച്ചത്.

ഇനി അഞ്ചുനാള്‍ തലസ്ഥാന നഗരയിൽ കലാപൂരത്തിൻ്റെ ദിനരാത്രങ്ങൾ. പുഴകളുടെ പേരുകളിലുള്ള 25 വേദികള്‍ 249 മത്സരങ്ങള്‍ 15000 കുട്ടികള്‍. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ 63 – മത് പതിപ്പിലേക്ക് തിരുവനന്തപുരം എട്ടുവര്‍ഷത്തിന് ശേഷം ആതിഥ്വം വഹിക്കുമ്പോള്‍ പ്രത്യേതകളേറെ.


Discover more from Fourth Pillar

Subscribe to get the latest posts sent to your email.

Recent Articles

Related Articles

Special