സിനിമയിലെ സ്ത്രീകൾക്കു മുന്നിൽ വെല്ലുവിളികളും സാധ്യതകളും

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: സിനിമാരംഗത്തെ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളും സ്ത്രീകൾക്ക് മുന്നിലുള്ള സാധ്യതകളും ചർച്ച ചെയ്ത് പ്രമുഖ വനിതാ ചലച്ചിത്രപ്രവർത്തകർ. 29ാമത് ഐ.എഫ്.എഫ്.കെയോടനുബന്ധിച്ച് ഇന്ത്യൻ സ്വതന്ത്ര സിനിമയിലെ സ്ത്രീ സാന്നിധ്യത്തെപ്പറ്റി നടന്ന ചർച്ചയിലാണ് വെല്ലുവിളികളും സാധ്യതകളും ചർച്ചയായത്.

സംവിധായിക റിമ ദാസ്, പ്രൊഡക്ഷൻ ഡിസൈനറും അഭിനേത്രിയുമായ അനസൂയ സെൻഗുപ്ത, നടി കനി കുസൃതി, സംവിധായികയും ഛായാഗ്രാഹകയുമായ ഫൗസിയ ഫാത്തിമ എന്നിവർ മേളയുടെ ക്യൂറേറ്റർ ഗോൾഡ സെല്ലം മോഡറേറ്ററായ പരിപാടിയിൽ പങ്കെടുത്തു.

അനസൂയ സെൻഗുപ്ത, റിമ ദാസ്, കനി കുസൃതി

സിനിമാമേഖലയിൽ സ്ത്രീകൾ കുറവായതുകൊണ്ട് തന്നെ പലപ്പോഴും ഏറ്റവും മികച്ച സിനിമകൾ ചെയ്യണമെന്ന സമ്മർദം സ്ത്രീകൾക്ക് മേൽ ഉണ്ടാകുന്നുവെന്നും സിനിമയിലെ സ്ത്രീ സാന്നിധ്യം സർവ്വസാധാരണമാകണമെന്നും കനി കുസൃതി പറഞ്ഞു. സിനിമാമേഖലയിൽ സ്ത്രീകൾ മറ്റു സ്ത്രീകളെ പിന്തുണയ്ക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയാണ് റിമ ദാസ് സംസാരിച്ചത്.

സിനിമയിലെ അണിയറ പ്രവർത്തനങ്ങൾക്കും സാങ്കേതിക കാര്യങ്ങൾ കൈകാര്യം ചെയ്യാനും സ്ത്രീകൾക്ക് അവസരങ്ങൾ ഒരുക്കുക എന്നതും അവരുടെ തൊഴിൽ അംഗീകരിക്കുക എന്നതും കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഫൗസിയ ഫാത്തിമ അഭിപ്രായപ്പെട്ടു. സ്ത്രീകളുടെ സാന്നിധ്യം എന്നും സിനിമാമേഖലയിൽ ഉണ്ടായിട്ടുണ്ടെന്നും എന്നാൽ അത് ചർച്ചചെയ്യപ്പെടാൻ തുടങ്ങിയത് ഈയടുത്ത കാലത്താണെന്നും അനസൂയ സെൻഗുപ്ത പറഞ്ഞു.

ഫൗസിയ ഫാത്തിമ, ഗോൾഡ സെല്ലം

സമകാലിക ഇന്ത്യൻ സിനിമയിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളെപ്പറ്റിയും സിനിമാ മേഖലയിലെ സ്ത്രീ മുന്നേറ്റങ്ങളെപ്പറ്റിയും അഭിപ്രായങ്ങൾ പങ്കുവച്ചു. സ്ത്രീകളുടെ കാഴ്ചപ്പാടിലൂടെ ലോകത്തെ കാണുന്ന സിനിമകൾ കൂടുതലുണ്ടാകണമെന്ന് ചർച്ചയിൽ അഭിപ്രായമുയർന്നു.

സ്ത്രീകൾ നേരിടുന്ന സാമ്പത്തിക, സാമൂഹിക പ്രതിബന്ധങ്ങളെ പറ്റിയും അവർക്ക് സിനിമാമേഖലയിൽ സുസ്ഥിരമായ തൊഴിൽ സാധ്യതകൾ സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും ചർച്ചകൾ നീണ്ടു. ശക്തമായ സ്ത്രീകഥാപാത്രങ്ങളെ സൃഷ്ടിക്കാൻ സ്ത്രീകൾതന്നെ മുന്നോട്ട് വരണമെന്നും ചർച്ചയിൽ പങ്കെടുത്തവർ ഓർമ്മപ്പെടുത്തി.


Discover more from Fourth Pillar

Subscribe to get the latest posts sent to your email.

Recent Articles

Related Articles

Special