Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: പെരുമാൾ മുരുകൻ്റെ കഥ ആധാരമാക്കി വരുന്ന സിനിമ എന്ന പേരിൽ തന്നെയാണ് അങ്കമ്മാൾ ശ്രദ്ധേയമായത്. മുരുകൻ്റെ കൊടിത്തുണി എന്ന ചെറുകഥയോട് വലിയൊരളവു വരെ നീതി പുലർത്താൻ സംവിധായകൻ വിപിൻ രാധാകൃഷ്ണനു കഴിഞ്ഞു എന്നു തന്നെയാണ് സിനിമ കഴിഞ്ഞിറങ്ങുമ്പോഴുള്ള അനുഭവം.
പാരമ്പര്യവും ആധുനികതയും തമ്മിലുള്ള സാംസ്‌കാരിക സംഘർഷത്തെ സൂക്ഷ്മമായി ചിത്രീകരിക്കുന്ന സിനിമയാണ് അങ്കമ്മാൾ. ആന്തരിക ബന്ധങ്ങളുടെ സങ്കീർണതകൾ, പ്രതീക്ഷകൾ, സമൂഹിക പരിണാമത്തിൽ സ്ത്രീകളുടെ പങ്ക് എന്നിവയെല്ലാം ഈ സിനിമ ചർച്ച ചെയ്യുന്നു.
1990കളിലെ ഒരു തമിഴ് ഗ്രാമത്തിലാണ് കഥ നടക്കുന്നത്. വികാരവിക്ഷോഭങ്ങളുടെ ഒരു എരിപൊരി സഞ്ചാരമാണ് ഈ സിനിമ. പല തലങ്ങളുള്ള ആഖ്യാനം ഗീത കൈലാസം അവതരിപ്പിക്കുന്ന അങ്കമാളിൻ്റെ ജീവിതത്തെയും കാലത്തെയും പിന്തുടരുകയാണ്. മുതിർന്ന രണ്ട് ആൺമക്കളുടെ ആജ്ഞാശക്തിയുള്ള അമ്മ. അവൾ ഗ്രാമം മുഴുവൻ ടു വീലറോടിച്ച് പാൽ വിതരണം ചെയ്യുന്നു, അവൾ പുകവലിക്കുന്നു, വലതുകൈയിൽ പച്ചകുത്തയിട്ടുണ്ട്, മൊത്തത്തിൽ അവർ അടിപൊളിയാണ്. സ്വന്തം നിയമങ്ങള്‍ക്കും നിബന്ധനകൾക്കും അനുസരിച്ചാണ് അവർ ജീവിക്കുന്നത്.
താൻ ചെയ്യുന്നത് എന്താണെന്നും അത് എങ്ങനെ ചെയ്യണമെന്നും കൃത്യമായി അറിയാവുന്നവരിൽ ഉണ്ടാവും പ്രകടമായ ആത്മവിശ്വാസവും ഊർജ്ജവും അങ്കമ്മാളിലുണ്ട്. മൂത്ത മകൻ്റെ ഭാര്യയോട് അവജ്ഞയോടെ പെരുമാറുകയും അവളെ നിരന്തരം അപമാനിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന ദുഷ്ടയായ അമ്മായി അമ്മയുടെ രൂപത്തിൽ അങ്കമ്മാൾ ഒരു രാക്ഷസിയാണ്.
ധരിക്കാൻ സാരിക്കൊപ്പം ബ്ലൗസ് വേണ്ട എന്ന വാശിയിൽ അവരുടെ അഹംബോധം വ്യക്തമാണ്. ഇതിനോട് അവരുടെ ഡോക്ടറായ ഇളയമകൻ പാവലത്തിന് വിയോജിപ്പാണ്. അമ്മയും മകനും തമ്മിലുള്ള ഈ സംഘർഷമാണ് സിനിമയുടെ സൂക്ഷ്മമായ രചനയുടെയും സംവിധാനത്തിൻ്റെയും കാതൽ. കാഴ്ചക്കാരൻ എല്ലായ്പ്പോഴും കഥയുടെ ഒഴുക്കിനൊപ്പം തുടരുന്നു എന്ന് സംവിധായകൻ ഉറപ്പാക്കിയിട്ടുണ്ട്.

ജീവിതത്തിൻ്റെ ഒട്ടേറെ വശങ്ങൾ സ്പർശിച്ചുപോകുന്ന സിനിമ പലപ്പോഴും വ്യക്തിയും സമൂഹവുമായുള്ള ബന്ധത്തിൻ്റെ വഴിത്തിരിവുകളിൽ ചെന്നു നില്ക്കുന്നുണ്ട്. വിദ്യാസമ്പന്നയും തങ്ങളെക്കാൾ സാമ്പത്തികനിലയുമുള്ള ഒരു പെൺകുട്ടിയെ നഗരത്തിൽ നിന്ന് വിവാഹം കഴിക്കാനൊരുങ്ങുമ്പോൾ പാവലം പ്രതീക്ഷിക്കുകയാണ് അമ്മ പുതിയ രീതികൾക്കനുസരിച്ച് മാറുമെന്ന്. ഒരു ബ്ലൗസ് ധരിക്കുക എന്നതു തന്നെയാണ് ഉദാഹരണം. എന്നാൽ ബ്ലൗസ് ധരിക്കുന്നത് തൻ്റെ പച്ചകുത്തൽ മറയ്ക്കുമെന്ന് അങ്കമാൾ ചെറുമകളോടു പറയുന്നിടത്ത് എഴുത്തുകാരനും സംവിധായകനും അവരുടെ സ്വത്വബോധം വെളിവാക്കുന്നതിൽ വിജയിച്ചു. പിന്നീട് പാവലത്തിൻ്റെ ഭാവി അമ്മായിഅപ്പനും അമ്മായിഅമ്മയും എത്തുമ്പോൾ അങ്കമ്മാൾ അണിയുന്ന വേഷവിധാനങ്ങളിലും അവരുടെ പെരുമാറ്റത്തിലുമുള്ള വ്യാജനിർമ്മിതി ആ വ്യക്തി നേരിടുന്ന അന്തഃസംഘർഷങ്ങൾ പ്രേക്ഷകർക്കു വ്യക്തമാക്കിത്തരുന്നുണ്ട്.
ലളിതമായ ഒരു കഥയിലൂടെ കഥാപാത്രങ്ങളുടെ മാനസിക സംഘർഷങ്ങളിലേക്കു ചിത്രം കടന്നുചെല്ലുന്നു. അങ്കമ്മാളിൻ്റെ പാരമ്പര്യ മൂല്യങ്ങളും പാവലത്തിൻ്റെ ആധുനിക രീതികളും തമ്മിലുള്ള അന്തരത്തെ ചിത്രം സൂക്ഷ്മമായി പര്യവേഷണം ചെയ്യുന്നു. സംവിധായകൻ വിപിൻ രാധാകൃഷ്ണന്റെ ആദ്യ സിനിമ കൂടെയാണ് അങ്കമ്മാൾ.
Discover more from Fourth Pillar
Subscribe to get the latest posts sent to your email.






























