ബി.ജെ.പിയെ വളർത്തുന്നത് കോൺ​ഗ്രസ്; ചതിയന്മാരായ അവരെ ഒരിക്കലും വിശ്വസിക്കരുതെന്ന് ഉദയനിധി

Follow the FOURTH PILLAR LIVE channel on WhatsApp 

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പ്‌ ഫലം വന്നതിന് പിന്നാലെ തമിഴ്നാട്ടിൽ അധികാരത്തിനായി മറുകണ്ടം ചാടിയ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷനേതാവ് ഉദയനിധി സ്റ്റാലിൻ. ഡി.എം.കെയുടെ ബലത്തിൽ ജയിച്ച കോൺ​ഗ്രസ് ഒരു നന്ദിപോലും പറയാതെയാണ് അധികാരവും പദവിയും തേടി പോയത്. ഇനി ഒരിക്കലും കോൺ​ഗ്രസിനെ വിശ്വസിക്കുകയോ അടുപ്പിക്കുകയോ ചെയ്യരുതെന്നും ഉദയനിധി പറഞ്ഞു.

‘കോണ്‍ഗ്രസിന് 5 എം.എൽ.എമാരെ ജയിപ്പിക്കാന്‍ സാധിച്ചത് ഡി.എം.കെ. പ്രവര്‍ത്തകരുടെ ബലത്തിലാണ്. എന്നാൽ കോൺ​ഗ്രസ് സ്ഥാനങ്ങള്‍ക്ക് വേണ്ടി ഞങ്ങളെ പിന്നിൽ നിന്നു കുത്തി മുന്നണി വിട്ടു. ഇനി ഒരിക്കലും കോണ്‍ഗ്രസിനെ വിശ്വസിക്കരുത്. ഞങ്ങളുടെ അടുത്തേക്ക് ഇനി അടുപ്പിക്കുകയില്ല. തമിഴ്‌നാട്ടിലെ ജനങ്ങൾ അവരെ ഒരു പാഠം പഠിപ്പിക്കും’- ഡിഎം.കെ. തിരഞ്ഞെടുപ്പ് അവലോകന യോ​ഗത്തിൽ ഉദയനിധി പറഞ്ഞു.

ബി.ജെ.പിയെ സഹായിക്കുന്ന കോൺ​ഗ്രസ് നിലപാടിനെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ‘ഞാൻ കരുതിയിരുന്നത് ബി.ജെ.പിയെ വളർത്തുന്നത് നരേന്ദ്ര മോദിയും അമിത് ഷായും ആണന്നാണ്. പക്ഷേ, ഇപ്പോഴാണ് മനസ്സിലായത് അത് കോൺഗ്രസ് ആണെന്ന്’- ഉദയനിധി പറഞ്ഞു.

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിൻ്റെ നേതൃത്വത്തിലുള്ള ടി.വി.കെ. ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ, ​ഗവർണർ വഴി ഭരിക്കാനുള്ള ബി.ജെ.പിയുടെ ശ്രമത്തെ തടയിടാൻ സി.പി.എമ്മും സി.പി.ഐയും പുറത്തുനിന്ന് വിജയിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചിരുന്നു. സ്റ്റാലിൻ്റെ സമ്മതത്തോടെയായിരുന്നു ഈ തീരുമാനം.ഈ പാർട്ടികൾ സർക്കാരിൻ്റെ ഭാ​ഗമാകാനുള്ള ടി.വി.കെയുടെ ക്ഷണം നിരസിക്കുകയും ഡി.എം.കെയ്ക്കൊപ്പം മുന്നണിയിൽ നിലകൊള്ളുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

അതേസമയം, ഡി.എം.കെ. സഖ്യത്തിനൊപ്പം നിന്ന് വിജയിച്ച കോൺ​ഗ്രസും മുസ്ലീംലീ​ഗും ടി.വി.കെ. മന്ത്രിസഭയുടെ ഭാ​ഗമാകാനാണ് തീരുമാനിച്ചത്. ഈ സാഹചര്യത്തിലാണ് ഉദയനിഥിയുട രൂക്ഷവിമര്‍ശമുണ്ടായത്.

Recent Articles

Related Articles

Special