ഇ.ഡി. ഉദ്യോഗസ്ഥർക്കു നേരെയുണ്ടായ പ്രതിഷേധത്തിൽ 9 പേർക്ക് ജാമ്യം

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കുനേരെയുണ്ടായ സംഭവവുമായി ബന്ധപ്പെട്ട കേസിൽ 9 പേർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കിരൺ പി.എസ്., ജീവൻ, അനിൽകുമാർ, ശ്രീജിത്ത്, രാഹുൽ എ.രാജൻ, നന്ദു ജി.ആർ., ഷഫീഖ്, നിഷാദ്, സിദ്ധാർഥ് എസ്. എന്നിവർക്കാണ് ഉപാധികളോടെ ജാമ്യം. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.

പ്രതികൾ 67 ദിവസമായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണെന്നും അന്വേഷണം ഏറെക്കുറെ പൂർത്തിയായെന്നും കോടതി നിരീക്ഷിച്ചു. പ്രതികൾക്ക് മുൻകാല ക്രിമിനൽ പശ്ചാത്തലമില്ലെന്നതും ജാമ്യം അനുവദിക്കുമ്പോൾ കോടതി കണക്കിലെടുത്തു. ആരോപണങ്ങൾ ഗൗരവമുള്ളതാണെങ്കിലും അന്വേഷണം പൂർത്തിയാകുന്ന സാഹചര്യത്തിൽ പ്രതികളെ തുടർന്നും ജയിലിൽ പാർപ്പിക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി.

കേസിൽ ചുമത്തിയ വധശ്രമക്കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്നും ഉദ്യോഗസ്ഥർക്കേറ്റ പരുക്കുകൾ ഗുരുതരമല്ലെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു. ആക്രമണത്തിന് ഉപയോഗിച്ചുവെന്ന് പറയുന്ന ആയുധം 67 ദിവസം കഴിഞ്ഞിട്ടും കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല. “ഇനി എപ്പോഴാണ് ആയുധം കണ്ടെത്തുക” എന്നും കോടതി ചോദിച്ചു. പൊലീസ് കസ്റ്റഡിയടക്കമുള്ള അന്വേഷണനടപടികൾ പൂർത്തിയായ സാഹചര്യത്തിൽ പ്രതികളെ കൂടുതൽ കാലം തടവിൽവയ്ക്കുന്നതിന്റെ ആവശ്യമെന്തെന്നും കോടതി ആരാഞ്ഞു.

ആസൂത്രിതവും സംഘടിതവുമായ ആക്രമണമാണ് നടന്നതെന്നായിരുന്നു ഇ.ഡിയുടെ വാദം. നിയമപരമായ അന്വേഷണം തടസ്സപ്പെടുത്താനും ഉദ്യോഗസ്ഥരെ ഭയപ്പെടുത്താനും ലക്ഷ്യമിട്ടാണ് സംഭവം ആസൂത്രണം ചെയ്തതെന്നും ഇ.ഡി. കോടതിയിൽ പറഞ്ഞു. സംഭവത്തിനുപിന്നിലെ ഗൂഢാലോചനയും അതിന്റെ ലക്ഷ്യവും കണ്ടെത്തേണ്ടതുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നും ഇ.ഡി. ആവശ്യപ്പെട്ടു. എന്നാൽ കേസിൽ ചുമത്തിയ വകുപ്പുകൾ സംഘടിത കുറ്റകൃത്യത്തിന്റെ പരിധിയിൽ വരില്ലെന്ന പ്രതിഭാഗവാദത്തിനാണ് കോടതിയിൽ മുൻതൂക്കം ലഭിച്ചത്. വധശ്രമക്കുറ്റം സ്ഥാപിക്കുന്നതിന് ആവശ്യമായ പ്രാഥമിക തെളിവുകളുടെ അഭാവവും പ്രോസിക്യൂഷന് തിരിച്ചടിയായി.

ടി.വീണയുമായി ബന്ധപ്പെട്ട സി.എം.ആർ.എൽ.–എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വസതിയിൽ പരിശോധന നടത്തിയശേഷം മടങ്ങിയ ഇ.ഡി. സംഘത്തിനുനേരെ മെയ് 27നാണ് പ്രതിഷേധമുണ്ടായത്. ഇ.ഡി. ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന മൂന്ന് ടാക്സി വാഹനങ്ങൾ തടഞ്ഞുനിർത്തി കല്ലും കമ്പും ഇരുമ്പുവടിയും ഉപയോഗിച്ച് ആക്രമിച്ചെന്നാണ് കേസ്. മ്യൂസിയം പൊലീസാണ് ഭാരതീയ ന്യായസംഹിതയിലെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളും പൊതുമുതൽ നശിപ്പിക്കൽ തടയൽ നിയമവും ചുമത്തി കേസെടുത്തത്.

പ്രതികൾക്കുവേണ്ടി മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി.എ.ഷാജി, എ.ജി.ഗോപാലകൃഷ്ണ കുറുപ്പ്, മുതിർന്ന അഭിഭാഷകരായ പി.വിജയഭാനു, എസ്.രാജീവ് എന്നിവർ ഉൾപ്പെടെയുള്ളവർ ഹാജരായി.

കേസിൽ അറസ്റ്റിലായ മറ്റ് 4 പേരുടെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും. ലെനിൻ രാജ്, അമൽ എസ്.പി., വൈശാഖ്, രാഹുൽ എന്നിവരുടെ അപേക്ഷകളാണ് കോടതിയുടെ പരിഗണനയിലുള്ളത്. കേസിലെ ഒമ്പതാം പ്രതി ഹരീഷ് കുമാറിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. മറ്റൊരു പ്രതിയായ ഉണ്ണികൃഷ്ണന് പിതാവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി ഇടക്കാല ജാമ്യവും അനുവദിച്ചിരുന്നു.

COMMENT

Recent Articles

Related Articles

Special