പിണറായിയുടെ വീടുകളടക്കം 12 ഇടത്ത് ഇ.ഡി. റെയ്ഡ്

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗവും നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ്റെ വസതിയിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി.) പരിശോധന തുടങ്ങി. പിണറായിയുടെ തിരുവനന്തപുരത്തെ വാടക വീട്ടിലും കണ്ണൂരിലെ കുടുംബവീട്ടിലും ഒരേസമയത്താണ് റെയ്ഡ് നടക്കുന്നത്.

ബുധനാഴ്ച രാവിലെ 6 മണിയോടെയാണ് അതീവ രഹസ്യമായി വൻ സന്നാഹങ്ങളോടെ ഇ.ഡി. ഉദ്യോഗസ്ഥർ പരിശോധന ആരംഭിച്ചത്. വിവാദമായ എക്സാലോജിക് – സി.എം.ആർ.എൽ. വിഷയത്തിൻ്റെ പേരിലാണ് ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം ഇ.ഡി. നടപടികൾ പുനരാരംഭിച്ചിരിക്കുന്നത്.

എക്‌സാലോജിക്-സി.എം.ആർ.എൽ. ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള (പി.എം.എൽ.എ.) കേസിൽ ഇ.ഡി.യുടെ അന്വേഷണവും സമൻസുമെല്ലാം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് റെയ്ഡ്.

പിണറായി വിജയൻ്റെ മകളും എക്സാലോജിക് മേധാവിയുമായിരുന്ന വീണ ടി. താമസിക്കുന്ന തിരുവനന്തപുരത്തെ വസതിക്ക് പുറമെ, വീണയുടെ ജീവിതപങ്കാളിയും ബേപ്പൂർ എം.എൽ.എയും മുൻ മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസിൻ്റെ കോഴിക്കോട്ടെ വീട്ടിലും ഇ.ഡി. സംഘം പരിശോധന നടത്തുന്നുണ്ട്.

പിണറായി വിജയനും മകൾ വീണയുൾപ്പടെയുള്ളവരും തിരുവനന്തപുരത്തെ വീട്ടിലാണ് ഉള്ളത്. റിയാസിൻ്റെ കോഴിക്കോട് കോട്ടൂളിയിലെ വസതിയിലാണ് റെയ്ഡ്. രാവിലെ 6.30ഓടെയാണ് ഉദ്യോഗസ്ഥരെത്തിയത്. മുഹമ്മദ് റിയാസ് കോഴിക്കോട്ടെ വീട്ടിൽ ഉണ്ടായിരുന്നില്ല.

രാവിലെ കണ്ണൂരിലെ കുടുംബ വീട്ടിലേക്ക് ഇ.ഡി. ഉദ്യോഗസ്ഥരെത്തിയപ്പോൾ വീട് അടഞ്ഞുകിടക്കുകയായിരുന്നു. പിന്നീട് കെയർടേക്കറെ വിളിച്ച് വരുത്തി തുറപ്പിച്ചു. പിന്നാലെ സി.പി.എം. പ്രവർത്തകർ ഇങ്ങോട്ടേക്കെത്തി. വീടിന് മുന്നിൽ പ്രതിഷേധം നടക്കുന്നുണ്ട്. കോഴിക്കോടും സി.പി.എം. പ്രവർത്തകർ പ്രതിഷേധിക്കുന്നുണ്ട്.

കേരളത്തിൽ പത്തിടങ്ങളിലും ബംഗളൂരുവിൽ രണ്ടിടങ്ങളിലുമാണ് ഒരേസമയം റെയ്ഡ് പുരോഗമിക്കുന്നത്. ബംഗളൂരുവിലെ എക്‌സാലോജിക് ഓഫീസ്, ആലുവയിലെ സി.എം.ആർ.എൽ. ഓഫീസ്, കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥരുടെ വീടുകൾ എന്നിവ കേന്ദ്രീകരിച്ചാണ് റെയ്ഡ്. ഈ ഇ.ഡി. നീക്കത്തിന് പിന്നിൽ ബി.ജെ.പിയും കോൺഗ്രസും സംയുക്തമായി ഡൽഹിയിൽ വെച്ചെടുത്ത രാഷ്ട്രീയ തീരുമാനമാണെന്ന സൂചനകൾ ശക്തമാണെന്നും സി.പി.എം. ജനറൽ സെക്രട്ടറി എം.എ.ബേബി എക്‌സിൽ കുറിച്ചു.

സംഭവത്തെ തുടർന്ന് സിപിഎം അടിയന്തര സെക്രട്ടറിയേറ്റ് യോഗം ചേർന്നു. കേന്ദ്ര ഭരണകൂടത്തെയും അന്വേഷണ ഏജൻസികളെയും ആയുധമാക്കി പ്രതിപക്ഷ നേതാവിനെ വ്യക്തിഹത്യ ചെയ്യാനും വേട്ടയാടാനും കോൺഗ്രസ് സർക്കാർ ഒത്താശ ചെയ്യുകയാണെന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും, ഈ രാഷ്ട്രീയ നാടകങ്ങളെ നിയമപരമായും ജനങ്ങളെ അണിനിരത്തിയും നേരിടുമെന്നും സി.പി.എം. പ്രഖ്യാപിച്ചു. ഈ ആസൂത്രിത നീക്കത്തിനെതിരെ സംസ്ഥാനത്തുടനീളം കനത്ത പ്രതിഷേധം ഇരമ്പുകയാണ്.

Recent Articles

Related Articles

Special