Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: തൻ്റെ വീട്ടിൽ കയറി ഇത്തരമൊരു പരിശോധന നടത്താൻ കേന്ദ്ര ഏജൻസി ആഗ്രഹിക്കാൻ തുടങ്ങിയിട്ട് വളരെക്കാലമായെന്നും ഇത് പെട്ടെന്നുണ്ടായ ഒന്നല്ലെന്നും കരുതിക്കൂട്ടിയുള്ളതാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. രാഹുൽ ഗാന്ധിയടക്കമുള്ള പലർക്കും വലിയ മനഃസംതൃപ്തി നൽകുന്ന കാര്യമാണ് സംഭവിച്ചതെന്നും തങ്ങളുടെ പാർട്ടിക്കാരല്ലാത്തവരുടെ നേരെ ഇ.ഡി. ആക്രമണം നടന്നോട്ടെയെന്നാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഈ പരിശോധന രാജ്യത്തെ ചിലർക്ക് വലിയ മനഃസംതൃപ്തി നൽകുന്നതാണെന്ന് അദ്ദേഹം പരിഹസിച്ചു. ‘എന്തുകൊണ്ട് പിണറായി വിജയൻ്റെ വീട് റെയ്ഡ് ചെയ്യുന്നില്ല, എന്തുകൊണ്ട് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നില്ല’ എന്ന് മുമ്പ് പരസ്യമായി ചോദിച്ച രാഹുൽ ഗാന്ധിയെപ്പോലുള്ളവർക്ക് ഇത് സന്തോഷം നൽകുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തെ പ്രതിപക്ഷ നേതാക്കൾക്കും പ്രവർത്തകർക്കും എതിരെ ബി.ജെ.പി. സർക്കാര്‍ കരുതിക്കൂട്ടിയുള്ള ആക്രമണ നടപടികളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.





















